/indian-express-malayalam/media/media_files/2025/09/12/sweets-2025-09-12-10-25-45.jpg)
Source: Freepik
മധുരപലഹാരങ്ങളും ഡെസർട്ടുകളും കഴിക്കുന്നത് നിയന്ത്രിച്ചില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകും. എന്നാൽ, മധുരപലഹാരങ്ങൾ കഴിക്കാത്ത ഒരാളാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുകയാണെങ്കിലോ? അങ്ങനെയെങ്കിൽ മധുരപലഹാരങ്ങൾ കഴിച്ചില്ലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമെന്താണ്?. ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. മനീഷ അറോറയും മുംബൈയിലെ ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേലിലെ ഫിസിഷ്യൻ ഡോ. ആരതി ഉള്ളാലും ഇതിനെക്കുറിച്ച് പറയുന്നത് നോക്കാം.
മധുരപലഹാരങ്ങളുടെ രൂപത്തിലുള്ള പഞ്ചസാര മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിനും പ്രമേഹത്തിനും കാരണമെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ് ഡോ. അറോറ പറഞ്ഞു. മധുരപലഹാരങ്ങൾ കഴിക്കുന്നില്ലെങ്കിലും വൈറ്റ് ബ്രെഡ്, ഉരുളക്കിഴങ്ങ്, അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് തുടങ്ങിയ ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) യുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുമെന്ന് ഡോ. അറോറ പറഞ്ഞു. പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും വലിയ അളവിൽ അടങ്ങിയിരിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങളും ബ്ലഡ് ഷുഗർ വർധിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
അതിനാൽ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കിയാലും ഉയർന്ന ബ്ലഡ് ഷുഗർ (ഹൈപ്പർ ഗ്ലൈസീമിയ) സംഭവിക്കാം. സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, മോശം ഉറക്കം, ചില മരുന്നുകൾ (സ്റ്റിറോയിഡുകൾ പോലുള്ളവ), പ്രമേഹ മരുന്നുകളോ ഇൻസുലിനോ ഒഴിവാക്കൽ തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിന് കാരണമാകാമെന്ന് ഡോ. ഉള്ളാൽ പറഞ്ഞു.
മറ്റു ഘടകങ്ങൾ
മരുന്നുകൾ: ചില മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഉദാഹരണത്തിന് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ബ്രോങ്കിയൽ ആസ്ത്മ, അല്ലെങ്കിൽ ഓട്ടോഇമ്മ്യൂൺ ഡിസോർഡേഴ്സ് (ഉദാ. ല്യൂപ്പസ്) പോലുള്ള അവസ്ഥകൾക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾ (കോർട്ടിക്കോസ്റ്റീറോയിഡുകൾ) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുമെന്ന് ഡോ. അറോറ പറഞ്ഞു. ആന്റിഡിപ്രസന്റുകൾ, ഡീകോംഗെസ്റ്റന്റുകൾ, ഗർഭനിരോധന ഗുളികകൾ എന്നിവയും രക്തത്തിലെ പഞ്ചസാരയെ സ്വാധീനിക്കും.
Also Read: പ്രമേഹവും ഹൈപ്പർടെൻഷനും അകറ്റി നിർത്താം, ഇതാ 7 ടിപ്‌സുകൾ
ഉറക്കം: ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും.
മോശം ജീവിതശൈലി: വ്യായാമം ഇല്ലാത്ത ഉദാസീനമായ ജീവിതശൈലി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായ ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് നയിച്ചേക്കാം.
അണുബാധകൾ അല്ലെങ്കിൽ രോഗങ്ങൾ: പ്രമേഹമുള്ള ഒരാൾ പഞ്ചസാര ഒഴിവാക്കിയാലും, ചുമ, ജലദോഷം, പനി തുടങ്ങിയ അണുബാധകൾ അല്ലെങ്കിൽ ന്യൂമോണിയ പോലുള്ള ഗുരുതരമായ അവസ്ഥകൾ മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
Also Read: 1 വർഷം കൊണ്ട് 30 കിലോ കുറയ്ക്കാം, ഈ 5 മാറ്റങ്ങൾ വരുത്തി നോക്കൂ
മധുരപലഹാരങ്ങൾ മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കൂവെന്നത് ഒരു മിഥ്യയാണ്. ജീവിതശൈലി, ഹോർമോൺ, മെഡിക്കൽ, ഫിസിയോളജിക്കൽ ഘടകങ്ങൾ എന്നിവ ഇതിൽ പങ്കുവഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം, വ്യായാമം, മരുന്നുകളുടെ അവലോകനം, സമ്മർദ്ദ നിയന്ത്രണം, പതിവ് നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള സമഗ്രമായ സമീപനം ആവശ്യമാണെന്ന് ഡോ. അറോറ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി, യുവതി കുറച്ചത് 50 കിലോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.