/indian-express-malayalam/media/media_files/2024/11/22/2Z5fcEMwq3poTsr6APF9.jpg)
Source: Freepik
ഭക്ഷണം മനസിന് തൃപ്തികരമായ രീതിയിൽ കഴിച്ചശേഷം, ശരീര ഭാരം നിയന്ത്രിക്കാൻ നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്നത് വ്യായാമമാണ്. എന്നാൽ ഭാരം നിയന്ത്രിക്കാനും ആരോഗ്യം ഉറപ്പാക്കാനും കഴിയുന്ന തികച്ചും ലളിതവും ഫലപ്രദവുമായ ഒരു മാർഗമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?.
ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും മാനസികാരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്ന ഏറ്റവും ലളിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഒന്നാണ് 10 മിനിറ്റ് നടത്തം. ഓരോ തവണ ഭക്ഷണം കഴിച്ചശേഷം 10 മിനിറ്റ് നടന്നാൽ കിട്ടുന്ന 4 ആരോഗ്യ ഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തിനു ശേഷം നടക്കുന്നത് ദഹനത്തെ സഹായിക്കുകയും വയർ വീർക്കൽ കുറയ്ക്കുകയും ചെയ്യും. നടത്തം വയറിനെയും കുടലിനെയും ചലിപ്പിക്കുകയും ഭക്ഷണം വേഗത്തിൽ അന്നനാളത്തിലൂടെ കടന്നുപോവുകയും ചെയ്യുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഭക്ഷണശേഷമുള്ള ലഘുവായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ക്രമീകരിക്കുകയും ഇൻസുലിൻ സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു. അത്താഴത്തിനുശേഷം സ്വാഭാവികമായും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിനാൽ, ഈ സമയത്തെ നടത്തം ഏറെ നല്ലതാണ്.
രക്തസമ്മർദം കുറയ്ക്കുന്നു
ഭക്ഷണശേഷം നടക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ദിവത്തിൽ മൂന്ന് തവണ 10 മിനിറ്റ് നടക്കുന്നത് പ്രീഹൈപ്പർടെൻഷൻ ഉള്ളവരിൽ ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ചെറിയ നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമുള്ള മാർഗമാണ്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തിന് ശേഷമുള്ള നടത്തം മാനസികാവസ്ഥ മെച്ചപ്പെടുത്തും. ഭക്ഷണത്തിനു ശേഷമുള്ള വ്യായാമം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും എൻഡോർഫിൻസ്, ഓക്സിടോസിൻ തുടങ്ങിയ നല്ല ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.