/indian-express-malayalam/media/media_files/2024/11/22/por1gWGmlP5puHkZS2Is.jpg)
Source: Freepik
ലോകമെമ്പാടും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് വേദനസംഹാരികൾ. തലവേദന, പേശി വേദന, വിട്ടുമാറാത്ത വേദന തുടങ്ങി വിവിധ രോഗങ്ങളിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കാനാണ് പലരും വേദസംഹാരികളെ ആശ്രയിക്കുന്നത്. വേദന കുറയ്ക്കാൻ അവ സഹായിക്കുമെങ്കിലും അമിതമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും, പ്രത്യേകിച്ച് ആമാശയത്തിനും വൃക്കകൾക്കും.
വേദനസംഹാരികളെ രണ്ട് പ്രധാന വിഭാഗങ്ങളായി തരംതിരിക്കാം: നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAIDs), ഒപിയോയിഡുകൾ. ശരീരത്തിലെ വീക്കം കുറയ്ക്കുകയും വേദന സിഗ്നലുകൾ തടയുകയും ചെയ്തുകൊണ്ടാണ് എൻഎസ്എഐഡികൾ പ്രവർത്തിക്കുന്നത്. കഠിനമായ വേദന ഒഴിവാക്കാൻ ഒപിയോയിഡുകൾ സഹായിക്കും. പക്ഷേ, ഇവയുടെ അമിത ഉപയോഗത്തിന് ഉയർന്ന അപകടസാധ്യതയുണ്ട്.
വയറിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു
എൻഎസ്എഐഡികൾ ദീർഘനാൾ ഉപയോഗിക്കുന്നത് ദഹനനാളം സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആമാശയ പാളിയുടെ വീക്കം വേദന, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും. വേദനസംഹാരികളുടെ നിരന്തരമായ ഉപയോഗം ആമാശയത്തിൽ രക്തസ്രാവത്തിന് ഇടയാക്കും, അത് ജീവനുതന്നെ ഭീഷണിയായേക്കാം. ഇരുണ്ടതോ രക്തം കലർന്നതോ ആയ മലം, രക്തം ഛർദ്ദിക്കുക അല്ലെങ്കിൽ തളർച്ച അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ.
വേദനസംഹാരികളുടെ ഉയർന്ന ഡോസുകൾ, ദീർഘനാൾ ഉപയോഗം, ഒന്നിലധികം മരുന്നുകളുടെ ഉപയോഗം ഇവയൊക്കെ അപകടസാധ്യത വർധിപ്പിക്കുന്നു. കൂടാതെ, ദഹനപ്രശ്നങ്ങളുള്ള വ്യക്തികൾ, പ്രായമായവർ, മദ്യം കഴിക്കുന്നവർ എന്നിവർക്ക് വേദനസംഹാരികളുടെ പാർശ്വഫലങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ട്.
കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?
വേദനസംഹാരികളുടെ ഉപയോഗം, പ്രത്യേകിച്ച് എൻഎസ്എഐഡികൾ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകൾക്ക് പെട്ടെന്ന് കേടുപാടുകൾ വരുത്തുകയും അവയുടെ ഫിൽട്ടറിംഗ് കഴിവ് നഷ്ടപ്പെടുകയും ചെയ്യും. ഇത് രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും, അത് അപകടകരമാണ്. നിലവിൽ കിഡ്നി സംബന്ധമായ രോഗങ്ങളോ പ്രമേഹമോ രക്തസമ്മർദ്ദമോ ഉള്ളവർക്ക് വേദനസംഹാരികളുടെ ദീർഘകാല ഉപയോഗം വൃക്കകളുടെ തകരാറിലേക്ക് നയിച്ചേക്കാം.
തുടർച്ചയായ വയറുവേദന, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, കാലുകളിലോ കണങ്കാലുകളിലോ നീർവീക്കം, ക്ഷീണം, വേദനസംഹാരികൾ കഴിച്ചതിനുശേഷം മൂത്രത്തിന്റെ അളവ് കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ഒരു ഡോക്ടറെ സമീപിക്കുക.
വേദന സംഹാരികൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഡോസ് മാത്രം കഴിക്കുക. വേദന സ്ഥിരമായി നിലനിൽക്കുകയാണെങ്കിൽ സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക, ആരോഗ്യവിദഗ്ധരുമായി ബന്ധപ്പെടുക. വേദനസംഹാരികൾ കുറഞ്ഞ സമയത്തേക്ക് ഉപയോഗിക്കുക. ദീർഘനാൾ വേദന തുടരുകയാണെങ്കിൽ വേദനസംഹാരികളെ ആശ്രയിക്കുന്നതിനുപകരം വൈദ്യോപദേശം തേടുക. വേദനസംഹാരികൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെങ്കിൽ, ആമാശയത്തിന്റെയും വൃക്കയുടെയും ആരോഗ്യം നിരീക്ഷിക്കാൻ പതിവായി മെഡിക്കൽ പരിശോധനകൾ നടത്തുക. വേദനസംഹാരികൾ മദ്യത്തിനൊപ്പം കഴിക്കുന്നത് ആമാശപ്രശ്നങ്ങൾ, വൃക്ക തകരാറുകൾ എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.