/indian-express-malayalam/media/media_files/2024/11/20/UZA643FdYjqmMm57QKb5.jpg)
Source: Freepik
പ്രായത്തിനനുസരിച്ച് ഓർമ്മശക്തി കൂട്ടാൻ ആഗ്രഹിക്കുന്നുണ്ടോ?. എങ്കിൽ ദിവസവും ഒരു മുട്ട കഴിക്കാം. മുട്ട കഴിക്കുന്നത് സ്ത്രീകൾക്കിടയിൽ ഓർമ്മ ശക്തി നിലനിർത്താൻ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. മുട്ടയിൽ ഉയർന്ന അളവിലുള്ള ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും അവ തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളും നൽകുന്നുവെന്ന് കാലിഫോർണിയ സാൻ ഡീഗോ സർവകലാശാലയിലെ ഗവേഷക സംഘം പറഞ്ഞു.
55 വയസിന് മുകളിലുള്ള 357 പുരുഷന്മാരെയും 533 സ്ത്രീകളെയുമാണ് പഠനത്തിൽ പങ്കാളികളാക്കിയത്. ഇവരുടെ വൈജ്ഞാനിക പ്രവർത്തനത്തിലെ മാറ്റവും മുട്ടയുടെ ഉപഭോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പഠനം നടത്തിയത്. കൂടുതൽ മുട്ടകൾ കഴിക്കുന്ന സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഓർമ്മ ശക്തി കൂടുന്നതായി കണ്ടെത്തി.
മുട്ടയില്‍ കോളിന്‍ എന്ന മൈക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇതാണ് തലച്ചോറിന്റെ പ്രവർത്തനം, മെമ്മറി, മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തുടങ്ങി വൈജാഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നത്. മുട്ടയിൽ ബി-6, ബി-12, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ബുദ്ധിശക്തി കുറയുന്നത് തടയാൻ സഹായിക്കും.
പുരുഷന്മാരിലെ വൈജ്ഞാനിക പ്രവർത്തനത്തിൽ മുട്ടയുടെ കാര്യമായ സ്വാധീനമൊന്നും ഈ പഠനം കണ്ടെത്തിയില്ല. എന്നാൽ, പുരുഷന്മാരെയും സ്ത്രീകളെയും മുട്ടയുടെ ഉപഭോഗം ദോഷകരമായി ബാധിക്കുന്നില്ല. സ്ത്രീകളിലെ വൈജ്ഞാനിക ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണ് മുട്ടയെന്ന് പഠനത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.