/indian-express-malayalam/media/media_files/2024/11/19/7tHyqloo0GVb518iymhe.jpg)
Source: Freepik
ഹൃദയാരോഗ്യത്തിൽ എരിവുള്ള ഭക്ഷണത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾ ഏറെക്കാലമായി തുടരുന്നുണ്ട്. ചിലർ ഇത്തരം ഭക്ഷണം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കുമ്പോൾ, മറ്റുള്ളവർ അതിന്രെ പോരായ്മകളെക്കുറിച്ച് ആശങ്കാകുലരാണ്. ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസ് ഹൈടെക് സിറ്റിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായ ഡോ.വിനോദിന്റെ അഭിപ്രായത്തിൽ, എരിവുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. മസാലകൾ അടങ്ങിയ ഭക്ഷണങ്ങളുടെ മിതമായ ഉപഭോഗം, പ്രത്യേകിച്ച് ക്യാപ്സൈസിൻ അടങ്ങിയവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എരിവുള്ള ഭക്ഷണത്തിന്റെ ഗുണങ്ങൾ
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: മുളകിൽ അടങ്ങിയിരിക്കുന്ന സംയുക്തമായ ക്യാപ്‌സൈസിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഈ ഗുണങ്ങൾ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കും, ഇവ രണ്ടും ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മെച്ചപ്പെട്ട ഉപാപചയപ്രവർത്തനം: ക്യാപ്‌സൈസിന് ഉപാപചയപ്രവർത്തനം വർധിപ്പിക്കാൻ കഴിയും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കൽ: ക്യാപ്‌സൈസിൻ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എരിവുള്ള ഭക്ഷണം ആരോഗ്യ ഗുണങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും, മിതമായി കഴിക്കേണ്ടത് പ്രധാനമാണ്. കൂടുതൽ എരിവുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം ദഹനപ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയാക്കും. ഇത് ഹൃദയാരോഗ്യത്തെ പരോക്ഷമായി ബാധിച്ചേക്കാം.
എരിവുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർക്ക് സുരക്ഷിതമായി അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ചില ടിപ്‌സുകളും ഡോ.വിനോദ് വിശദീകരിച്ചിട്ടുണ്ട്.
സാവധാനം തുടങ്ങുക: മസാലകൾ നിറഞ്ഞ ഭക്ഷണങ്ങൾ വളരെ കുറച്ച് അളവിൽ കഴിച്ചു തുടങ്ങി പതിയെ കൂട്ടുക.
ആന്റി-ഇൻഫ്ലമേറ്ററി മസാലകൾ ഉപയോഗിക്കുക: വീക്കം കുറയ്ക്കാൻ പാചകത്തിൽ മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുക.
ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങൾ ഉപയോഗിച്ച് ബാലൻസ് ചെയ്യുക: ദഹനനാളത്തെ ശമിപ്പിക്കാൻ തൈര്, അവോക്കാഡോ അല്ലെങ്കിൽ കുക്കുമ്പർ പോലുള്ള ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങൾ എരിവുള്ള ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുക.
ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ സഹായിക്കും.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് നിങ്ങൾക്ക് എരിവുള്ള ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.