/indian-express-malayalam/media/media_files/eFKFRsbR9lsowtmMtlVo.jpg)
Photo Source: Pexels
ദിവസവും മൂന്നോ അഞ്ചോ മണിക്കൂർ മാത്രം ഉറങ്ങുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജമാ നെറ്റ്‌വർക്ക് ഓപ്പൺ എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം ഉറക്ക കുറവ് പരിഹരിക്കാനാവില്ലെന്ന് ഇതിൽ പറയുന്നു.
''നല്ല ഉറക്കത്തിന് മുൻഗണന കൊടുക്കണമെന്ന് ഞാൻ പൊതുവേ പറയാറുണ്ട്. എന്നാൽ, ഇത് എപ്പോഴും സാധ്യമല്ല, പ്രത്യേകിച്ച് കൗമാരക്കാരിൽ,'' ഉപ്‌സാല യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും പഠനത്തിന് നേതൃത്വം കൊടുത്ത ഗവേഷകൻ ക്രിസ്റ്റ്യൻ ബെനഡിക്ട് പറഞ്ഞു.
ടൈപ്പ് 2 പ്രമേഹവും ഉറക്കക്കുറവും തമ്മിലുള്ള ബന്ധമാണ് പഠനത്തിൽ പരിശോധിച്ചത്. ടൈപ്പ് 2 പ്രമേഹം പഞ്ചസാര (ഗ്ലൂക്കോസ്) പ്രോസസ്സ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ഇൻസുലിൻ ആഗിരണത്തെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. 462 ദശലക്ഷത്തിലധികം ആളുകൾ ഈ രോഗത്താൽ കഷ്ടപ്പെടുന്നുവെന്നാണ് 2020 ലെ ഒരു പഠനം കാണിക്കുന്നത്.
"ദിവസത്തിൽ വളരെ കുറച്ചു സമയം വിശ്രമിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുൻ ഗവേഷണങ്ങൾ കാണിക്കുന്നു, അതേസമയം, പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നത് പോലുള്ള ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ അപകടസാധ്യത കുറയ്ക്കും,'' ഉപ്‌സാല യൂണിവേഴ്‌സിറ്റിയിലെ ഫാർമസ്യൂട്ടിക്കൽ ബയോസയൻസസ് വിഭാഗത്തിലെ സ്ലീപ് റിസർച്ചർ ഡയാന നോഗ പറഞ്ഞു. എങ്കിലും, വളരെ കുറച്ച് സമയം ഉറങ്ങുന്ന ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനാകുമോ എന്നത് വ്യക്തമല്ലെന്നും അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഡാറ്റാബേസുകളിലൊന്നായ യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. അതിൽ യുകെയിൽ നിന്നുള്ള ഏകദേശം അര ദശലക്ഷം പേർ ആരോഗ്യത്തെയും ജീവിതരീതിയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി. 10 വർഷത്തോളം അവരെ നിരീക്ഷിച്ചു. തുടർന്ന് മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ആറ് മണിക്കൂറിൽ താഴെ ഉറങ്ങുകയും ചെയ്യുന്ന ആളുകളിൽ പോലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. ''ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന ഉറക്കക്കുറവ് നികത്താൻ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പഠനം. അതിൽ ആശങ്കപ്പെടേണ്ട. ആരോഗ്യത്തിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഓർമ്മ വേണം,” ബെനഡിക്റ്റ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.