/indian-express-malayalam/media/media_files/2025/10/09/blood-sugar-test-2025-10-09-10-17-34.jpg)
Source: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനുള്ള ശരിയായ സമയം ഏതാണെന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും സംശയം നിലനിൽക്കുന്നുണ്ട്. “ഉണർന്ന ഉടനെയാണോ അതോ പ്രഭാതഭക്ഷണം കഴിച്ച് 1-2 മണിക്കൂർ കഴിഞ്ഞാണോ രക്തത്തിലെ പഞ്ചസാര പരിശോധിക്കേണ്ടത്?”. ഇതിനെക്കുറിച്ച് ഒരു പ്രമേഹരോഗ വിദഗ്ദ്ധനോട് ചോദിക്കാം.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം
ശരീരം ഗ്ലൂക്കോസിനെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് മനസിലാക്കാൻ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ഡോക്ടർമാരെ സഹായിക്കുന്നു. “പ്രീ ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹം നിർണയിക്കുന്നതിനും നിലവിലെ ചികിത്സയോ ജീവിതശൈലിയോ ഫലപ്രദമാണോയെന്ന് നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കും. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ഉയർന്ന നിലയിലാണെങ്കിൽ കരൾ രാത്രിയിൽ വളരെയധികം ഗ്ലൂക്കോസ് പുറത്തുവിടുന്നുണ്ടെന്നോ ഇൻസുലിൻ പ്രവർത്തനം പര്യാപ്തമല്ലെന്നോ സൂചിപ്പിക്കുന്നു,” താനെയിലെ കിംസ് ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം മേധാവി ഡോ.വിജയ് നെഗളൂർ പറഞ്ഞു.
Also Read: മൊബിലിറ്റിയും മൂത്രവും തമ്മിൽ എന്ത് ബന്ധം? ഡോക്ടർ പറയുന്നു
രക്തത്തിലെ പഞ്ചസാര പരിശോധിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്?
ഉറക്കമുണർന്ന ഉടനെ, വെള്ളം ഒഴികെ മറ്റെന്തെങ്കിലും കഴിക്കുന്നതിനോ കുടിക്കുന്നതിനോ മുമ്പായി ഉപവാസ സമയത്ത് രക്തത്തിലെ പഞ്ചസാര അളക്കണമെന്ന് ഡോ. നെഗളൂർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. "ഭക്ഷണത്തിന്റെ യാതൊരു സ്വാധീനവുമില്ലാതെ, രാത്രിയിൽ 8 മുതൽ 10 മണിക്കൂർ വരെ വിശ്രമിച്ച ശേഷം ശരീരത്തിലെ അടിസ്ഥാന ഗ്ലൂക്കോസ് അളവ് പിടിച്ചെടുക്കുക എന്നതാണ് ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പ്രഭാതഭക്ഷണത്തിന് മുമ്പ് കർശനമായി പരിശോധന നടത്തണം,'' ഡോ.നെഗളൂർ പറഞ്ഞു.
"ഭക്ഷണം കഴിച്ച് 1 മുതൽ 2 മണിക്കൂർ കഴിഞ്ഞ് പരിശോധിച്ചാൽ, അത് ഫാസ്റ്റിങ് ഷുഗർ അല്ല. ഇത് 'പോസ്റ്റ് പ്രാൻഡിയൽ' റീഡിങ്ങായി മാറുന്നു. ഇവ രണ്ടും പ്രധാനമാണെങ്കിലും വ്യത്യസ്ത വിവരങ്ങളാണ് നൽകുന്നത്. ഫാസ്റ്റിങ് ഷുഗർ ശരീരം രാത്രി മുഴുവൻ ഗ്ലൂക്കോസ് എങ്ങനെ നിലനിർത്തുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു. അതേസമയം, ഭക്ഷണത്തിനു ശേഷമുള്ള അളവ് ശരീരം ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കാണിക്കുന്നു," ഡോ.നെഗളൂർ വിശദീകരിച്ചു.
Also Read: 90 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം; 3 ടിപ്‌സുകൾ നിർദേശിച്ച് തമന്നയുടെ പരിശീലകൻ
ഭക്ഷണം കഴിച്ചില്ലെങ്കിലും രാവിലെ ഉയർന്ന രക്തസമ്മർദം കാണുന്നവരുടെ കാര്യമോ?
പ്രഭാത പ്രതിഭാസം കാരണം ഇത് സംഭവിക്കാം. അതിരാവിലെ പുറത്തുവരുന്ന ഹോർമോണുകൾ പഞ്ചസാരയുടെ അളവിൽ നേരിയ വർധനവിന് കാരണമാകുന്നു. ഡോ. നെഗളൂരിന്റെ അഭിപ്രായത്തിൽ, ഇത് പലപ്പോഴും സംഭവിക്കുകയാണെങ്കിൽ ഡോക്ടറുമായി സംസാരിക്കുക. അങ്ങനെയുള്ളവർക്ക് മരുന്നുകളുടെയോ ഭക്ഷണ സമയത്തിന്റെയോ കാര്യത്തിൽ ക്രമീകരണം ആവശ്യമായി വന്നേക്കാം.
Also Read: അരിക്ക് പകരം മില്ലറ്റുകൾ, എന്നിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? ഇതാവാം കാരണം
പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട എന്തെങ്കിലും ഉണ്ടോ?
കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉപവസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉണർന്നതിനുശേഷം പരിശോധന കൂടുതൽ നേരം വൈകിപ്പിക്കരുത്, പരിശോധനയ്ക്ക് മുമ്പ് ചായ, കാപ്പി, അല്ലെങ്കിൽ പഴങ്ങൾ പോലും ഒഴിവാക്കണമെന്ന് ഡോ.നെഗളൂർ പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഏകദേശം ഒരേ സമയം പരിശോധന നടത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉപ്പ് കഴിക്കരുത്, വെള്ളം കുടിക്കൂ; വൃക്കയിലെ കല്ലുകൾ അലിയിക്കാനുള്ള എളുപ്പവഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.