/indian-express-malayalam/media/media_files/2025/10/07/millets-2025-10-07-14-38-33.jpg)
Source: Freepik
പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പ്രമേഹ നിയന്ത്രണത്തിന് വളരെ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് കുറച്ച്, അവയ്ക്കു പകരം കൂടുതൽ പ്രോട്ടീൻ കഴിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുമെന്ന് മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഡോ. ആർ.എം.അഞ്ജന പറഞ്ഞു.
ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അവർ ഒരു പഠനം നടത്തിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്–ഇന്ത്യ ഡയബറ്റിസ് (ICMR-INDIAB) സർവേയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് അവർ ഇന്ത്യക്കാരുടെ ഭക്ഷണക്രമവും ഐസോകലോറിക് ഡയറ്റിന്റെ ഫലവും പരിശോധിച്ചത്. 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1,21,077 മുതിർന്നവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
Also Read: ഇരുമ്പിന്റെ കുറവുണ്ടോ? മരുന്ന് വേണ്ട, ഈ ജ്യൂസ് മതി
"അരിയോ ഗോതമ്പ് മാവോ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും ഗുണനിലവാരമില്ലാത്ത പ്രോട്ടീനുള്ളതുമായ സാധാരണ ഇന്ത്യൻ ഭക്ഷണക്രമം ദശലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. അരിയിൽ (വെളുത്ത) നിന്ന് ഗോതമ്പിലേക്കോ മില്ലറ്റിലേക്കോ മാറിയതുകൊണ്ട് മാത്രം പോരാ, മൊത്തം കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയുകയും സസ്യ അല്ലെങ്കിൽ പാലുൽപ്പന്ന പ്രോട്ടീനുകളിൽ നിന്ന് കൂടുതൽ കാലറി ലഭിക്കുകയും വേണം," ഡോ.അഞ്ജന വ്യക്തമാക്കി.
പഠന രചയിതാക്കളിൽ ഒരാളായ മുംബൈ ആസ്ഥാനമായുള്ള എൻഡോക്രൈനോളജിസ്റ്റ് ഡോ. ശശാങ്ക് ജോഷി, 2014-ൽ മറ്റൊരു പഠനം നടത്തിയിരുന്നു. ടൈപ്പ് 2 പ്രമേഹ രോഗികളിൽ ആകെ കാലറിയുടെ 64.1 ശതമാനം കാർബോഹൈഡ്രേറ്റുകളിൽ നിന്നാണ് ലഭിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് അവർക്ക് ശുപാർശ ചെയ്യുന്ന പരിധിയേക്കാൾ കൂടുതലാണ്. വ്യവസായവൽക്കരണത്തിന്റെയും ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെയും ഫലമായുണ്ടാകുന്ന പാരിസ്ഥിതികവും ജീവിതശൈലിയിലെ മാറ്റങ്ങളും ഇന്ത്യക്കാരിൽ ടൈപ്പ് 2 പ്രമേഹം കൂടുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read: 21 ദിവസം കൊണ്ട് 7 കിലോ കുറച്ചു, അരക്കെട്ട് 2 ഇഞ്ച് കുറഞ്ഞു; സഹായിച്ചത് ഈ എഐ ഡയറ്റ്
പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ചില വഴികൾ
മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ഫുഡ് സയന്റിസ്റ്റ് സുധ വാസുദേവൻ പ്രമേഹ നിയന്ത്രണത്തിനുള്ള ചില മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. "പ്രഭാതഭക്ഷണത്തിന് നാല് ഇഡ്ഡലികൾ എന്ന കണക്ക് കുറയ്ക്കാം, കാരണം അവയിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. ഇതിനുപകരം പരിപ്പ് അടങ്ങിയ സാമ്പാർ കൂടുതൽ കഴിക്കാം. അതുപോലെ ആലു പറാത്തകളുടെ എണ്ണം കുറയ്ക്കുക, പകരം, കൂടുതൽ തൈരും ദാൽ ഫ്രൈയും ഉൾപ്പെടുത്താം," അവർ പറഞ്ഞു.
Also Read: മദ്യപിച്ചശേഷം ചായയോ കാപ്പിയോ കുടിച്ചാൽ എന്ത് സംഭവിക്കും?
കാർബോഹൈഡ്രേറ്റുകളും പൂരിത കൊഴുപ്പും കുറയ്ക്കുന്നതിനൊപ്പം സസ്യ, പാലുൽപ്പന്ന പ്രോട്ടീനുകളുടെ ഉപഭോഗം വർധിപ്പിക്കുന്നതിലൂടെ പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും. കാർബോഹൈഡ്രേറ്റുകളിൽ നിന്നുള്ള അഞ്ച് ശതമാനം ഊർജത്തിന് പകരം സസ്യ, പാലുൽപ്പന്നങ്ങൾ, മുട്ട അല്ലെങ്കിൽ മത്സ്യ പ്രോട്ടീൻ എന്നിവയിൽ നിന്നുള്ള അഞ്ച് ശതമാനം ഊർജം ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനും പ്രീ ഡയബറ്റിസിനുമുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തിലെ കണ്ടെത്തലുകൾ കാണിക്കുന്നു.
കാർബോഹൈഡ്രേറ്റുകളിൽ നിന്നുള്ള ദൈനംദിന കലോറിയുടെ വെറും അഞ്ച് ശതമാനം സസ്യ അല്ലെങ്കിൽ പാലുൽപ്പന്ന പ്രോട്ടീനുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് പ്രമേഹത്തിനും പ്രീ ഡയബറ്റിസിനും സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തി. കാർബോഹൈഡ്രേറ്റുകൾ റെഡ് മീറ്റ് പ്രോട്ടീനോ കൊഴുപ്പോ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ സമാനമായ ഫലം കിട്ടിയില്ലെന്നും ഡോ.അഞ്ജന വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: യൂറിക് ആസിഡ് ഉണ്ടോ? ഈ ഭക്ഷണങ്ങൾ സ്വപ്നത്തിൽപോലും കഴിക്കരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.