/indian-express-malayalam/media/media_files/2025/10/06/smoking-2025-10-06-09-20-41.jpg)
Source: Freepik
പുകവലി ആരോഗ്യത്തിന് അപകടമാണെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ, അതിനെക്കാൾ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില പ്രവൃത്തികളുണ്ട്. അതിലൊന്നാണ് ഭക്ഷണം കഴിച്ച ഉടനെ ഇരിക്കുക. ഭക്ഷണത്തിന് ശേഷം നടക്കാൻ ആരോഗ്യ വിദഗ്ദ്ധർ പറയാറുണ്ട്. പക്ഷേ, പലരും ഇതിന് ചെവി കൊടുക്കാറില്ല. ഭക്ഷണം കഴിച്ചശേഷം ഉടനെ ഇരിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുരുതര ദോഷം ചെയ്യുമെന്ന് പറയാറുണ്ട്. ഇത് പുകവലിയേക്കാൾ ദോഷകരമാണോ?.
ഭക്ഷണം കഴിഞ്ഞ ഉടനെ ഇരിക്കുന്നത് പുകവലിക്കുന്നതിനേക്കാൾ ധമനികൾക്ക് ദോഷകരമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് കിംസ്ഹെൽത്ത് തിരുവനന്തപുരം കാർഡിയോളജി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. ദിനേഷ് ഡേവിഡ് വ്യക്തമാക്കി. ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഒരു ദിവസം 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് നല്ലതല്ല. ഇതുമൂലം പുകവലിക്ക് സമാനമായ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read: വൃക്കയിലെ കല്ലുകൾ അലിയിക്കും, വയറിലെ കൊഴുപ്പും ഉരുക്കും; ഇത് കുറച്ചൊന്ന് കഴിച്ചു നോക്കൂ
"നിൽക്കുമ്പോഴോ നടക്കുമ്പോഴോ ഉള്ളതിനേക്കാൾ ഇരിക്കുമ്പോൾ മെറ്റബോളിസം ഏകദേശം 30% മന്ദഗതിയിലാകുന്നു. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. ഇത് ആതെറോസ്ക്ലീറോസിസ് ഉണ്ടാക്കുന്നു," അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. പ്രൊഫഷണലുകൾ പലപ്പോഴും ദീർഘനേരം ഇരിക്കുന്നു. ഇത് അവരുടെ ശാരീരിക പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുകയും ഉപാപചയ വൈകല്യങ്ങൾ, പൊണ്ണത്തടി, ഗ്ലൂക്കോസ് ടോളറൻസ് തകരാറുകൾ, വീക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇവയെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ മുന്നോടികളാണ്.
Also Read: ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?
കൂടുതൽ നേരം ഇരുന്നാൽ എന്ത് സംഭവിക്കും?
ഫരീദാബാദിലെ അമൃത ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. മോഹിത് ശർമ്മയുടെ അഭിപ്രായത്തിൽ ഒരു ദിവസം 6-8 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് അകാല മരണ സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് മരണനിരക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ സാധ്യത, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുകവലിക്കാത്തവരെ അപേക്ഷിച്ച്, ദിവസവും 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് മരണ സാധ്യത 34% വർധിപ്പിക്കുന്നുവെന്ന് ഡോ.ശർമ്മ പറഞ്ഞു. പ്രതിദിനം 1-5 സിഗരറ്റ് വലിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത 40-50% വർധിപ്പിക്കുന്നു. പുകവലി സാധാരണയായി കൂടുതൽ അടിയന്തരവും ഗുരുതരവുമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: രക്തത്തിലെ മോശം കൊളസ്ട്രോൾ അലിയിക്കും; അടുക്കളയിൽനിന്ന് ഈ ചേരുവ എടുക്കൂ
ദീർഘനേരം ഇരിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
“ജോലി എത്ര പ്രധാനമാണെങ്കിലും, ഓരോ 2 മണിക്കൂറിലും കുറച്ച് മിനിറ്റ് നടക്കുക. കുറഞ്ഞത് 15 മിനിറ്റെങ്കിലും നടക്കാൻ പോകുക. നിങ്ങൾക്ക് എഴുന്നേറ്റ് നിന്ന് കുപ്പിയിൽ വെള്ളം നിറയ്ക്കാം. പുറം, നട്ടെല്ല് എന്നിവ നേരെയാക്കാൻ ഓർമ്മിക്കുക, അനങ്ങാതിരിക്കുന്നത് മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് ഡോ.ശർമ്മ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഇഡ്ഡലിയോ ദോശയോ: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏതാണ് നല്ലത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.