scorecardresearch

ഓഫീസ് മെഷീനിലെ കോഫി കൊളസ്ട്രോൾ കൂട്ടുമോ?

കാപ്പി മിതമായ അളവിൽ കുടിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും

കാപ്പി മിതമായ അളവിൽ കുടിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും

author-image
Health Desk
New Update
Coffee Consumption

കോഫി

ഓഫീസ് മെഷീനിലെ കോഫി പ്രിയരാണോ നിങ്ങൾ?. മെഷീൻ നിർമ്മിത കോഫി രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ഹൃദയാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തേക്കാം. ജോലിസ്ഥലത്തെ കോഫി മെഷീനുകളിൽ നിന്നുള്ള കോഫിയിൽ ഉയർന്ന അളവിൽ കഫെസ്റ്റോളും കഹ്‌വിയോളും അടങ്ങിയിട്ടുണ്ടെന്ന് സ്വീഡിഷ് ഗവേഷകർ കണ്ടെത്തി. ഇവ എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) വർധിപ്പിക്കാൻ കാരണമാകുന്ന സംയുക്തങ്ങളാണ്. 

Advertisment

നല്ല കൊളസ്ട്രോൾ അഥവാ ലിപ്പോപ്രോട്ടീൻ (HDL) അവ കുറയ്ക്കുകയും ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിനു കാരണമായി അവർ പറയുന്നത്, പേപ്പറിന് പകരം മെഷീനിൽ ലോഹ ഫിൽട്ടറുകൾ ഉപയോഗിച്ചതാണ്. പരമ്പരാഗത പേപ്പർ-ഫിൽട്ടർ ചെയ്ത കാപ്പിയിൽ കാണപ്പെടുന്ന 12 mg/L എന്ന ശരാശരി കഫെസ്റ്റോളിന്റെ അളവ് ഇതിൽ 176 mg/L ആയി ഉയരുന്നു. ജോലി സമയത്ത് ആവശ്യത്തിന് ഫിൽട്ടർ ചെയ്യാത്ത കാപ്പി കുടിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിച്ച് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷണ സംഘം വ്യക്തമാക്കി.

ഫിൽട്ടർ ചെയ്ത കോഫിയും ഫിൽട്ടർ ചെയ്യാത്ത കോഫിയും

കാപ്പിക്കുരുവിലെ ദോഷകരമായ എണ്ണയും സംയുക്തങ്ങളും നീക്കം ചെയ്താണ് സാധാരണയായി ഫിൽട്ടർ കോഫി തയ്യാറാക്കുന്നത്. ഇതിലൂടെ കാപ്പി കുടിക്കുമ്പോൾ കൊളസ്ട്രോൾ വർധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അതിനാൽ ഫിൽട്ടർ ചെയ്ത കാപ്പി ആരോഗ്യകരമാണ്. കോശങ്ങളുടെ നാശത്തെ തടയുന്ന ആന്റി-ക്ലോട്ടിംഗ് പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദ്രോഗത്തിന് കാരണമാകുന്ന വീക്കം നിയന്ത്രിക്കാൻ സഹായിക്കുന്നു.

മറ്റ് തരത്തിലുള്ള കാപ്പികളുമായി താരതമ്യം ചെയ്യുമ്പോൾ, ഫിൽട്ടർ ചെയ്ത കാപ്പി ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവ മൂലമുള്ള മരണ സാധ്യത കുറയ്ക്കുന്നുവെന്ന് നോർവീജിയൻ പൊതുജനാരോഗ്യ വകുപ്പ് നടത്തിയ ഒരു പഠനം തെളിയിച്ചു. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു, ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു, കൊഴുപ്പ് ആഗിരണം തടയുന്നു, ഹൃദയ താളം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫ്രഞ്ച് പ്രസ്സ്, എസ്പ്രസ്സോ, ഗ്രീക്ക് അല്ലെങ്കിൽ ടർക്കിഷ് കോഫി പോലുള്ള ചിലതരം കാപ്പികൾ ഫിൽട്ടർ ചെയ്യുന്നില്ല. ഇതിലൂടെ അനാരോഗ്യകരമായ എണ്ണകളും സംയുക്തങ്ങളും കോഫിയിൽ തങ്ങിനിൽക്കുന്നു.

Advertisment

എത്ര കാപ്പി കുടിക്കുന്നത് ഹൃദയത്തിന് സുരക്ഷിതം?

കാപ്പി മിതമായ അളവിൽ കുടിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും. ദിവസവും മൂന്ന് കപ്പ് ഫിൽട്ടർ ചെയ്ത കാപ്പി കുടിക്കാം. പഞ്ചസാരയും പാലും ചേർത്ത കാപ്പിയെക്കുറിച്ചല്ല, മറിച്ച് കട്ടൻ കാപ്പിയെക്കുറിച്ചാണ് പഠനങ്ങൾ പറയുന്നത്. കാപ്പിയിൽ കഫീൻ അടങ്ങിയിരിക്കുന്നുവെന്ന കാര്യം മനസിലാക്കണം. അമിതമായ കഫീൻ ഹൃദയമിടിപ്പും രക്തസമ്മർദവും വർദ്ധിപ്പിക്കുന്നു, കാലക്രമേണ ഹൃദ്രോഗത്തിന് കാരണമാകും. കഫീൻ ഉപഭോഗം പ്രതിദിനം 400 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക. കാപ്പിയുടെ അനന്തരഫലങ്ങൾ എട്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നതും ഓർക്കുക. അതിനാൽ വൈകുന്നേരം 4 മണിക്ക് ശേഷം കാപ്പി കുടിക്കരുത്. കാരണം, ഉറക്കത്തെയും ശരീര വിശ്രമത്തെയും തടസ്സപ്പെടുത്തും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: