/indian-express-malayalam/media/media_files/2025/03/31/LgCulyVtylkcVqEwzzj1.jpeg)
Source: Freepik
ഒരു മാസം കൊണ്ട് 5 കിലോ കുറയ്ക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ചിലർക്കെങ്കിലും പ്രയാസം തോന്നാം. എന്നാൽ ശരിയായ ശീലങ്ങളിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കും. വേഗത്തിൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഡയറ്റുകളും വർക്ക്ഔട്ടും ദീർഘനാൾ നിലനിൽക്കുന്ന ഫലം നൽകിയേക്കില്ല. എന്നാൽ, ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾശരീര ഭാരം കുറയ്ക്കാൻ സഹായിച്ചേക്കും. ആരോഗ്യത്തിന് ഹാനികരമാകാതെ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ശീലങ്ങൾ നോക്കാം.
1. തണുത്ത വെള്ളത്തിൽ കുളിക്കുക
രാവിലെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊഴുപ്പ് കത്തിക്കുന്ന പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ദിവസം മുഴുവൻ കലോറി കത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല, രക്തയോട്ടം മെച്ചപ്പെടുത്തുന്നു, ഊർജ നില വർധിപ്പിക്കുന്നു, സമ്മർദ്ദം കുറയ്ക്കുന്നു. ഇവയെല്ലാം ഉപാപചയപ്രവർത്തനങ്ങളെ വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കലിനെ സഹായിക്കുന്നു.
2. കുടലിന്റെ ആരോഗ്യത്തിന് കൂടുതൽ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുക
ശരീരഭാരം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ കുടൽ നിർണായക പങ്ക് വഹിക്കുന്നു. തൈര് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹനം മെച്ചപ്പെടുത്തുന്നതിനും വയറു വീർക്കൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ കുടൽ പോഷക ആഗിരണം ഉറപ്പാക്കുകയും ആസക്തി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
3. കൊഴുപ്പ് കത്തിക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിക്കുക
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഇൻസുലിൻ അളവ് കുറയ്ക്കുന്നതിനും പേശികളുടെ അളവ് നിലനിർത്തുന്നതിനൊപ്പം കൊഴുപ്പ് നഷ്ടപ്പെടുന്നതിനും സഹായിക്കുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കുന്ന രീതി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
4. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ചവച്ചരച്ച് സാവധാനം കഴിക്കുക
വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഭക്ഷണം ശരിയായി ചവച്ചരച്ച് സാവധാനം കഴിക്കുന്നത് മികച്ച ദഹനത്തിന് സഹായിക്കുകയും വയർ നിറയുമ്പോൾ തലച്ചോറിന് സൂചന നൽകുകയും ചെയ്യുന്നു. ഈ ശീലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെറിയ അളവിൽ കഴിക്കുമ്പോൾ ത്നെ സംതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്നു.
5. ഒരു നേരത്തെ ഭക്ഷണം സൂപ്പോ അല്ലെങ്കിൽ സ്മൂത്തിയോ തിരഞ്ഞെടുക്കുക
ഒരു നേരം വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിനു പകരം പോഷകസമൃദ്ധമായ സൂപ്പോ സ്മൂത്തിയോ കഴിക്കുന്നത് കലോറി ഉപഭോഗം നിയന്ത്രിക്കുന്നതിനൊപ്പം അവശ്യ വിറ്റാമിനുകളും നൽകുന്നു. ലീൻ പ്രോട്ടീനും പച്ചക്കറികളും അടങ്ങിയ സൂപ്പുകളോ പഴങ്ങൾ, നട്സ്, വിത്തുകൾ എന്നിങ്ങനെ നാരുകൾ അടങ്ങിയ സ്മൂത്തികളോ വയറു നിറയുന്നത് തടയാൻ സഹായിക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
6. ദിവസം മുഴുവൻ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുക
മണിക്കൂറുകൾ നീണ്ട വ്യായാമങ്ങൾക്കുപകരം, ദിവസം മുഴുവൻ ചെറിയ പ്രവൃത്തികളിൽ ഏർപ്പെടുന്നത് കലോറി കത്തിക്കുന്നത് വർധിപ്പിക്കും. ഓരോ മണിക്കൂറിലും ചെറിയ നടത്തം, അല്ലെങ്കിൽ നടന്നുകൊണ്ട് സംസാരിക്കുക തുടങ്ങിയവ കാലക്രമേണ ശരീരഭാരം കുറയ്ക്കും.
7. സമ്മർദം കുറയ്ക്കുക
ഉയർന്ന സമ്മർദം വൈകാരികമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ധ്യാനം, ആഴത്തിലുള്ള ശ്വസനം, അല്ലെങ്കിൽ പ്രകൃതിയിൽ സമയം ചെലവഴിക്കൽ തുടങ്ങിയവയൊക്കെ സമ്മർദ ഹോർമോണുകളെ കുറയ്ക്കുകയും ഉത്കണ്ഠയോ വിരസതയോ മൂലമുണ്ടാകുന്ന അമിതഭക്ഷണം തടയുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.