scorecardresearch

ഫാറ്റി ലിവർ രോഗം: കേരളം നേരിടുന്ന നിശബ്ദ മഹാമാരി

Global Fatty Liver Day 2024: വൈറ്റ് കോളർ ജോബിനുവേണ്ടി പരക്കംപായുന്ന കേരള ജനതയിൽ ശാരീരിക അധ്വാനത്തിന്റെ തോത് കുറയുന്നതും ജങ്ക് ഫുഡ് ശീലങ്ങൾ, അമിതവണ്ണം എന്നിവയും ഫാറ്റി ലിവറിന് പ്രേരകങ്ങളായി ഫലിക്കുന്നു

Global Fatty Liver Day 2024: വൈറ്റ് കോളർ ജോബിനുവേണ്ടി പരക്കംപായുന്ന കേരള ജനതയിൽ ശാരീരിക അധ്വാനത്തിന്റെ തോത് കുറയുന്നതും ജങ്ക് ഫുഡ് ശീലങ്ങൾ, അമിതവണ്ണം എന്നിവയും ഫാറ്റി ലിവറിന് പ്രേരകങ്ങളായി ഫലിക്കുന്നു

author-image
Harikumar R Nair
New Update
health

Global Fatty Liver Day 2024: ഫാറ്റി ലിവറിന്റെ പിൻബലമായി ഭവിക്കുന്നത് പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നിവയാണ്

Global Fatty Liver Day 2024: ലോക ജനസംഖ്യയിൽ 25 തൊട്ട് 30 ശതമാനം വരെ ആളുകൾക്ക് ഫാറ്റിലിവർ ഉണ്ടെന്ന് സ്ഥിതി വിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ആകട്ടെ ഇത് 49 ശതമാനം ആണ്. നാല് ദശകങ്ങൾക്ക് മുമ്പ് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന ഈ കരൾ വ്യാധി ഇന്ന് വികസിത രാജ്യങ്ങളിലും വന്നുചേർന്നിരിക്കുന്നു.

Advertisment

ഇന്ത്യ ഇന്ന് പുരോഗതിയുടെ പാതയിലാണ്, ജീവിതനിലവാരം ഉയർന്നിരിക്കുന്നു, ജീവിതരീതികളിൽ പ്രകടമായ മാറ്റം നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും വന്നു കഴിഞ്ഞിരിക്കുന്നു. നിർഭാഗ്യവശാൽ ഈ സാമ്പത്തിക പുരോഗതി നമുക്ക് ചില ജീവിതശൈലി കേന്ദ്രീകൃതമായ രോഗങ്ങളും സമ്മാനിച്ചുണ്ട്. ശാരീരിക അധ്വാനം ഇല്ലായ്മ, ജങ്ക് ഫുഡുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയെല്ലാം ഈ ജീവിതശൈലി കേന്ദ്രീകൃതമായ അനാരോഗ്യത്തിന് ആക്കം കൂട്ടുന്നു.

കരളിന്റെ ആരോഗ്യത്തെ വലിയ ഒരു അളവോളം ഈ ജീവിതശൈലി വ്യതിയാനങ്ങൾ ബാധിച്ചിട്ടുണ്ട്. ഒട്ടനവധി സുപ്രധാനമായ പ്രവർത്തനങ്ങൾ നടക്കുന്ന അവയവമാണ് കരൾ - ശുദ്ധീകരണം, ദഹനം, വിഷ നിർമാർജനം, പ്രോട്ടീനുകൾ ഹോർമോണുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കുക എന്നിങ്ങനെ പല പ്രവർത്തനങ്ങളും കരളിൽ നടക്കുന്നുണ്ട്.

മറ്റ് അവയവങ്ങളെ അപേക്ഷിച്ച് അത്ഭുതകരമാം വണ്ണം കരൾ കോശങ്ങൾക്ക് പുനരുജീവനവും സാധ്യമാണ്. അതുകൊണ്ടാണല്ലോ 65 ശതമാനം കരൾ മുറിച്ചുമാറ്റിയാലും വീണ്ടും പൂർവസ്ഥിതിയിലാകാനുള്ള അത്ഭുത ശേഷി ഈ അവയവത്തിനുള്ളത്. ലിവിങ് ഡോണർ ലിവർ ട്രാൻസ്‌പ്ലാന്റേഷന്റെ പിൻബലവും ഇതുതന്നെയാണ്. ഇത്തരം ശക്തിമത്തായ പുനരുജ്ജീവന സാധ്യത ഉണ്ടായിട്ട് കൂടി ജീവിതശൈലി വ്യതിയാനങ്ങൾ കരൾ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു. ഇത് പ്രധാനമായും ഫാറ്റി ലിവർ മൂലമാണ്.

Advertisment

ചരിത്രപരമായി നോക്കുകയാണെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ 40 വർഷം മുമ്പാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് ഈ രോഗം സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരിൽ മാത്രം കണ്ടിരുന്നു. എന്നാൽ ഇന്ന് ഏഷ്യയിലും മറ്റ് വികസിത രാജ്യങ്ങളിലും ഈ രോഗം കാണപ്പെടുന്നുവെന്ന് മാത്രമല്ല സാമൂഹിക സാമ്പത്തിക തരംതിരിവുകൾ ഇതിനു ബാധകമല്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

മെറ്റബോളിക് ഡിസ്‌ഫങ്ക്‌ഷൻ അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (MAFLD) അഥവാ മദ്യപാനം ഇല്ലാതെ തന്നെ കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥ പലപ്പോഴും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുമായി ചേർന്ന് നിൽക്കുന്നു. ഇതെല്ലാം ഒറ്റവാക്കിൽ മെറ്റബോളിക് സിൻഡ്രോം എന്നാണ് അറിയപ്പെടുക. നാം കഴിക്കുന്ന ഭക്ഷണ ഊർജ്ജം വിവിധതരത്തിലുള്ള ശാരീരിക അധ്വാനത്തിലൂടെ കത്തിച്ചു കളഞ്ഞില്ലെങ്കിൽ ഈ ഊർജ്ജം കൊഴുപ്പായി രൂപാന്തരപ്പെട്ട് കരളിൽ അടിയുന്നു.

ഇന്ത്യയിൽ കാർഷിക സമ്പദ് വ്യവസ്ഥ നിന്നു പോയ പ്രദേശങ്ങളിലാണ് ഈ രോഗം അധികമായി കാണുന്നത്. കേരളമാണ് ഒന്നാം ഉദാഹരണം. വൈറ്റ് കോളർ ജോബിനുവേണ്ടി പരക്കംപായുന്ന കേരള ജനതയിൽ ശാരീരിക അധ്വാനത്തിന്റെ തോത് കുറയുന്നതും ജങ്ക് ഫുഡ് ശീലങ്ങൾ, അമിതവണ്ണം എന്നിവയും ഫാറ്റി ലിവറിന് പ്രേരകങ്ങളായി ഫലിക്കുന്നു.

ഫാറ്റി ലിവറിൽ തുടങ്ങി നിശബ്ദമായ കരൾ വീക്കം, അതേത്തുടർന്ന് നിശബ്ദമായി തന്നെ വടുക്കൾ അടിയുക എന്നീ കരൾ കോശ വ്യത്യാസങ്ങൾ അവസാനം ചെന്നെത്തുക കരൾ സിറോസിസിലും കരൾ കാൻസറിലും ആണ്. പത്തോ മുപ്പതോ വർഷം എടുക്കും ഈ ഘട്ടം ഘട്ടമായുള്ള നിശബ്ദ കരൾ നശീകരണ പ്രക്രിയ. കരളിനുള്ളിൽ നിശബ്ദമായി മാറ്റങ്ങൾ സംഭവിക്കുന്നത് കൊണ്ട് രോഗിയുടെ തിരിച്ചറിവിലേക്ക് ഇത് എത്തുന്നില്ലെന്ന് മാത്രമല്ല പരിശോധനകളിലേക്ക് രോഗി എത്താതിരിക്കുകയും ചെയ്യുന്നു.

ചികിത്സയുടെ കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ, കരളിൽ നിശബ്ദമായ വ്യത്യാസങ്ങൾ നടക്കുമ്പോഴാണ് പരിപൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുക. നിർഭാഗ്യവശാൽ ഈ ഘട്ടത്തിൽ രോഗം പലപ്പോഴും കണ്ടു പിടിക്കപ്പെടാറില്ല. സ്ക്രീനിങ് പരിശോധനകൾ ചെയ്താൽ മാത്രമേ നിശബ്ദ അവസ്ഥയിൽ രോഗം കണ്ടെത്താൻ കഴിയൂ.

അതേസമയം, കരൾ സിറോസിസ് അന്ത്യഘട്ട കരൾ കാൻസർ ഉണ്ടായാൽ രോഗിക്ക് ബുദ്ധിമുട്ടുകൾ ആരംഭിക്കും. രോഗി ഒരു ആശുപത്രിയിലോ ചികിത്സകന്റെ അടുത്തേക്കോ എത്തും. എന്നാൽ ഈ ഘട്ടത്തിൽ പരിപൂർണ്ണമായി ചികിൽസിച്ചു ഭേദമാക്കാൻ സാധ്യമല്ല. എന്നുമാത്രമല്ല കരൾ മാറ്റിവെക്കൽ പോലുള്ള ചിലവേറിയ ചികിത്സാരീതികൾ വേണ്ടിവരും ജീവൻ നിലനിർത്താൻ. അവിടെയാണ് ഫൈബ്രോ സ്കാൻ തുടങ്ങിയ സ്ക്രീനിങ് പരിശോധനകളുടെ പ്രാധാന്യം.

കേരളത്തിലെ സ്ഥിതി കണക്കുകൾ 

കേരളം ആരോഗ്യരംഗത്ത് വളരെ മുൻപന്തിയിലാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. 93 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ സാമൂഹിക വികസന സൂചികകളും ചില അടിസ്ഥാന ആരോഗ്യ വികസന സൂചികകളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നതാണ്. മാതൃശിശു മരണനിരക്ക് ചില വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്നതും ആണ്. എന്നാൽ മേൽപ്പറഞ്ഞ മെച്ചപ്പെട്ട അവസ്ഥകളെ മറികടന്ന് ജീവിതശൈലി രോഗങ്ങൾ മലയാളികളെ രോഗഗ്രസ്തരാക്കുന്നതാണ് കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി നാം കാണുന്നത്.

കാർഷിക സമ്പദ് വ്യവസ്ഥ അന്യൻ നിന്നു പോവുകയും അതോടൊപ്പം തന്നെ എൻആർഐ അതിഥിതമായ സമ്പദ് വ്യവസ്ഥ വന്നതോടുകൂടി സമ്പന്ന ജീവിതശൈലിയുടെ ഉപോൽപ്പന്നങ്ങളായ പൊണ്ണത്തടി, പ്രമേഹം, ജങ്ക് ഫുഡിന്റെ ആധിക്യം എന്നിവ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള രോഗാവസ്ഥയിലേക്ക് വഴിമരുന്നായി. പ്രമേഹം, രക്താദി സമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഫാറ്റി ലിവറിന് പശ്ചാത്തലം ഒരുക്കുന്നു.

കേരളത്തിൽ ഗ്രാമങ്ങളിൽ പോലും പ്രമേഹം 20 ശതമാനം ആളുകളിൽ കാണപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദം 42 ശതമാനം, ഉയർന്ന കൊളസ്ട്രോളിന്റെ അധികരിച്ച അവസ്ഥ 40 ശതമാനം, അലസത അഥവാ കായിക നിഷ്ക്രിയത 41 ശതമാനം എന്നിങ്ങനെയാണ് സ്ഥിതിവിവര കണക്ക്. പ്രമേഹത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയായ എട്ട് ശതമാനത്തിന് ഇരട്ടിയിലധികം ആണ് കേരളത്തിലെ അവസ്ഥ. തിരുവനന്തപുരത്ത് നടത്തിയ ഒരു പഠനത്തിൽ 49 ശതമാനം ആളുകളിൽ ഫാറ്റി ലിവർ കണ്ടെത്തിയപ്പോൾ ലോകത്തെമ്പാടും ഇത് കേവലം 25 തൊട്ട് 30 ശതമാനം മാത്രമേയുള്ളൂ. ദേശീയ ശരാശരിയും ഏതാണ്ട് ഇത്രത്തോളം മാത്രമേ വരികയുള്ളൂ. കണ്ണൂരിൽ നടത്തിയ മറ്റൊരു പഠനം അമിതവണ്ണം ഉള്ള കുട്ടികളിൽ 60 ശതമാനം ഫാറ്റിലിവറിന്റെ പിടിയിലാണെന്നതും ആശങ്കാജനകമായ കാര്യമാണ്.

ഫാറ്റി ലിവറിന്റെ അനുബന്ധ രോഗങ്ങൾ എന്തെല്ലാം?

ഫാറ്റി ലിവറിന്റെ പിൻബലമായി ഭവിക്കുന്നത് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയാണെന്ന് പറഞ്ഞല്ലോ. ഇതുതന്നെയാണ് ഹൃദ്രോഗത്തിനും കാരണമാകുന്നത്. പൊതുവേ രക്തക്കുഴലുകളുടെ ആരോഗ്യം ഫാറ്റി ലിവർ ഉള്ള രോഗികളിൽ കാലക്രമേണ കുറഞ്ഞു കുറഞ്ഞു വരുന്നു. രക്തക്കുഴലുകളുടെ വ്യാസം കുറയുകയും രക്തചക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നു.

ഫാറ്റി ലിവർ ഉള്ളവർക്ക് കരള്‍ സിറോസിസ് വന്നു കഴിഞ്ഞാൽ കരൾ കാൻസർ ഉണ്ടാകാമെന്ന് നേരത്തെ പ്രതിപാദിച്ചല്ലോ. മറ്റ് അവയവങ്ങളിലുള്ള കാൻസറും അധികമായി കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പാൻക്രിയാസ്, വൻകുടൽ സ്ഥാനങ്ങളുടെ കാൻസർ എന്നിവ അമിതവണ്ണം ഉള്ളവരിൽ അധികമാണ്.

ഫാറ്റി ലിവർ മെലിഞ്ഞ വ്യക്തികളിൽ കാണാമോ?

തീർച്ചയായും. ലീൻ ഫാറ്റി ലിവർ എന്നു പറയുന്ന ഈ അവസ്ഥ കൂടുതലും ഏഷ്യയിലാണ് കാണുന്നത്. ജനിതകമായ പിൻബലം ഇതിനുണ്ട്. മെലിഞ്ഞിരുന്നാലും ശരീരം ഉപാപചയ പ്രക്രിയ നടത്തുന്ന രീതിയിൽ പോരായ്മ ഉള്ളതിനാൽ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ വരാൻ ഈ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്കും സാധ്യതയുണ്ട്. മെലിഞ്ഞിരിക്കുന്നതിനാൽ അമിതവണ്ണം ഇല്ലാത്തതിനാൽ തനിക്ക് ആരോഗ്യം ഉണ്ടെന്ന് ധരിച്ച് ഇത്തരക്കാർ പരിശോധനകൾക്ക് വിധേയരാകാൻ തയ്യാറാകാറുമില്ല.

ഫാറ്റി ലിവർ കുട്ടികളിൽ വരാമോ?

വരാമെന്നു മാത്രമല്ല ഈയിടെയായി ഇതിന്റെ തോത് കൂടി വരുന്നതായി കാണുന്നു. പഞ്ചാബ് കഴിഞ്ഞാൽ കേരളമാണ് കുട്ടികളിലെ അമിതവണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. പഞ്ചസാര കലർന്ന പാനീയങ്ങൾ, ജങ്ക് ഫുഡുകൾ, കൊഴുപ്പ് കൂടിയ ബർഗർ, പീസ തുടങ്ങിയവ ഇതിന് ആക്കം കൂട്ടുന്നു.

എന്തിനേറെ കുട്ടികളുടെ ആഹാരസാധനങ്ങൾ ആയ ബിസ്ക്കറ്റ്, കേക്ക് തുടങ്ങിയവയിലും പൂരിത കൊഴുപ്പടങ്ങിയ പാമോയിൽ ചേർക്കാറുണ്ട്. ഇതിനോടൊപ്പം കളികളിൽ ഏർപ്പെടുന്നതിനുള്ള സമയവും താല്പര്യവും കുട്ടികൾ കുറഞ്ഞുവരുന്നതും ഫാറ്റി ലിവറിന് കാരണമാണ്.

പ്രമേഹവും മദ്യപാനവും ചേർന്നാൽ എരി തീയിൽ  എണ്ണയൊഴിക്കുന്നത് പോലെ

കരളാണ് മദ്യത്തെ വിഘടിച്ച് വിഷാംശം കുറച്ച് പുറം തള്ളുന്നത് എന്നതിനാൽ മദ്യപാനത്തിൽ ഏറ്റവും അധികം ബാധിക്കപ്പെടുന്ന അവയവവും കരള്‍ തന്നെയാണ്. മദ്യ തന്മാത്രകളുടെ വിഷനിർമാർജനപ്രക്രിയയിൽ ഉണ്ടാകുന്ന അസട്ടാൽഡിഹൈഡ് കരൾ കോശങ്ങൾക്ക് ക്ഷതം ഉണ്ടാക്കുകയും ക്രമേണ കരൾ സിറോസിസ് എന്ന രോഗാവസ്ഥ സംജാതമാവുകയും ചെയ്യുന്നു. മെറ്റബോളിക് ഡിസ്ഫങ്ക്ഷൻ അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസിലും ഇതേ കരൾ സിറോസ് തന്നെയാണ് വരുന്നത്. അപ്പോൾ പ്രമേഹ രോഗികൾ മദ്യപിക്കാമോ? മറ്റുള്ളവരെക്കാൾ കൂടുതൽ കരൾ രോഗ സാധ്യത പ്രമേഹ രോഗികൾ മദ്യപിക്കുമ്പോൾ ഉണ്ടോ?

ഉണ്ട് എന്നാണ് ഉത്തരം. മെറ്റബോളിക് സിൻഡ്രോം ഉള്ളവർ അതായത് പ്രമേഹം രക്തസമ്മർദ്ദം ഉയർന്ന കൊളസ്ട്രോളിന്റെ അളവ് തുടങ്ങിയ ഉള്ളവർ മദ്യപാനം ഇല്ലെങ്കിൽ പോലും കരൾ സിറോസിസ് ഉണ്ടാവാനുള്ള സാധ്യത കൂടിയവരാണ്. അപ്പോൾ മദ്യപാനം ഈ സാധ്യതയെ അധികരിപ്പിക്കുന്നു. 40 വയസ്സുകളിൽ കാണപ്പെടുന്ന സിറോസിസ് രോഗികളിൽ പലർക്കും മദ്യപാനം മാത്രമല്ല ഒളിഞ്ഞിരിക്കുന്ന മെറ്റബോളിക് സിൻഡ്രോമും ഉണ്ടെന്നത് ജാഗ്രത വേണ്ട കാര്യമാണ്.

ജീവിതശൈലി കേന്ദ്രീകൃതമായ കരൾ രോഗം: നമ്മെ കാത്തിരിക്കുന്ന നിശബ്ദ മഹാമാരി

മുൻ പ്രതിപാദിച്ചതിന്റെ രത്ന ചുരുക്കം മദ്യപാനവും ജീവിതശൈലിയിലെ അപചയവും മൂലവും രണ്ടോ മൂന്നോ പതിറ്റാണ്ട് കാലത്തോളം നിശബ്ദമായി കരൾ ക്ഷതം സംഭവിക്കുന്നു. നിശബ്ദമായതിനാൽ ഇത് തിരിച്ചറിയപ്പെടാതെ പോയി അന്ത്യഘട്ട കരൾ രോഗങ്ങളിൽ എത്തുമ്പോൾ ഭാരിച്ച ചികിത്സാ ചെലവുള്ള കരൾ മാറ്റിവെക്കൽ പോലുള്ള ചികിത്സാ രീതികൾ അവലംബിക്കേണ്ടിവരുന്നു. ഇന്ത്യ പോലെ സ്ക്രീനിങ് പരിശോധനകൾ ഇല്ലാത്ത രാജ്യത്തിന്റെ നിർഭാഗ്യകരമായ ഒരു അവസ്ഥയാണിത്. നിശബ്ദ അവസ്ഥയിൽ കണ്ടുപിടിച്ചാൽ പരിപൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗം അന്ത്യ ഘട്ടത്തിൽ കണ്ടുപിടിക്കുമ്പോൾ ഭാരിച്ച ചെലവ് നിറഞ്ഞതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്നതുമായി ഭവിച്ചേക്കാം.

ഇത് അടിവരയിടുന്നത് നിശബ്ദമായ അവസ്ഥയിൽ തന്നെ രോഗം കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമാണ്. കരളിന്റെ പ്രവർത്തനം നോക്കുന്ന രക്ത പരിശോധന (LFT) പലപ്പോഴും നിശബ്ദാവസ്ഥയിലുള്ള കരള്‍ രോഗം കണ്ടെത്താൻ സഹായകമല്ല. ഫൈബ്രോ സ്കാൻ പോലെയുള്ള നൂതന സ്ക്രീനിംഗ് ടെസ്റ്റുകളാണ് വേണ്ടത്.

പ്രതിവിധി എന്ത്?

കരളിൽ കൊഴുപ്പ് അടിയുന്നതിന് പ്രതിരോധിക്കാനോ അടിഞ്ഞതിനുശേഷം ഉണ്ടാകുന്ന കരൾ വീക്കം, കരൾ കാൻസർ എന്നിവയെ തടയുന്നതിനും ചില മരുന്നുകൾ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ജീവിതശൈലി ക്രമപ്പെടുത്തുകയാണ് പ്രധാന ചികിത്സ രീതി. അമിതാഹാരം ഒഴിവാക്കി ചിട്ടയായ കായികാധ്വാനത്തിന് സമയം കണ്ടെത്തിയില്ലെങ്കിൽ ചിക്കൻ വാങ്ങാൻ 2000 കോടി രൂപയും മദ്യം വാങ്ങാൻ 14000 കൂടി രൂപയും ചെലവാക്കുന്ന മലയാളി കരൾ രോഗ ചികിത്സയ്ക്കായി ചെലവാക്കാൻ പോകുന്ന തുക ഇതിലും ഭീമമായിരിക്കും.

ഫാറ്റി ലിവർ നിശബ്ദമായി കരളിൽ അപചയം സംഭവിക്കുന്ന അവസ്ഥയിൽ കണ്ടെത്തിയാൽ ചികിത്സയ്ക്ക് നാമമാത്രമായ ചെലവ് വരുന്നുള്ളൂ. പ്രതിരോധമാണ് ചികിത്സയെക്കാളും പ്രധാനം എന്നത് ഫാറ്റി ലിവർ രോഗത്തെ സംബന്ധിച്ച അന്വർത്ഥമാണ്. സാമൂഹിക വിദ്യാഭ്യാസ മാർഗങ്ങൾ, സ്കൂൾതലത്തിൽ തന്നെ തുടങ്ങുന്ന ജീവിതശൈലി ക്രമീകരണം എന്നിവ അതീവ പ്രാധാന്യം അർഹിക്കുന്നു.

മുളയിലെ നുള്ളുമ്പോഴാണ് സ്ഥായിയായ ഫലം ലഭിക്കുക. കുട്ടികളിൽ കായികാഭ്യാസം ജീവിതശൈലിയുടെ ഭാഗമാക്കുക. മുതിർന്നവർ എത്ര തിരക്കിട്ട് ജോലിയിൽ ഏർപ്പെടുകയാണെങ്കിലും 40 മിനിറ്റ് എക്സസൈസ്ന് മാറ്റിവെച്ചേ മതിയാവൂ. വേഗത്തിലുള്ള നടപ്പ്, സൈക്ലിംഗ്, ജോഗിംഗ്, നീന്തൽ ഇവയിൽ സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം.

ആഹാരത്തിൽ അന്നജനത്തിന്റെ അളവ് കുറച്ച് കൊഴുപ്പ് അമിതമാകാതെ മാംസ്യം മതിയായ അനുപാദത്തിൽ ക്രമീകരിക്കാം. സമീകൃത ആഹാരത്തിന്റെ പ്രാധാന്യം തെല്ലൊന്നുമല്ല. ഗ്ലോബൽ കൺസ്യൂമറിസത്തിന്റെ ഭാഗമായി നമ്മുടെ ഭക്ഷ്യ കമ്പോളത്തിൽ ഇന്ന് ലഭ്യമല്ലാത്ത ഒന്നുമില്ല. ഷോപ്പിംഗ് മാളുകളിൽ നിന്ന് ഇവ വാങ്ങുമ്പോൾ ന്യൂട്രിഷണൽ വാല്യൂവിനെ പറ്റി ബോധവാന്മാരാക്കുക. ഓരോ ആഹാരസാധനങ്ങളുടെയും പാക്കേജ് ഇൻസേർട്ട് വായിക്കുന്നത് ശീലമാക്കണം. അന്നജം, കൊഴുപ്പ്, ഊർജ്ജം, മാംസ്യം എന്നിവ വ്യക്തമായി എല്ലാ പാക്കേജ്ഡ്  ആഹാരസാധനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഫുഡ് ഓഡിറ്റിംഗ് പരിശീലനം സ്കൂൾതലത്തിൽ ആരംഭിക്കാവുന്നതേയുള്ളൂ.

Read More

liver

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: