/indian-express-malayalam/media/media_files/j3zDOKsstqa2HXDJefAC.jpg)
Credit: Pexels
ശരീര ഭാരം കുറയ്ക്കാൻ കൃത്യമായ ഡയറ്റും വ്യായാമവും ചെയ്യുന്ന ഒട്ടേറെപേരുണ്ട്. എന്നാൽ, പലർക്കും വിചാരിക്കുന്ന അത്ര ശരീര ഭാരം കുറയ്ക്കാൻ സാധിക്കാറില്ല. അതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അതിനുള്ള ഉത്തരം നിങ്ങളുടെ ഉച്ച ഭക്ഷണശീലങ്ങളിൽതന്നെയുണ്ട്. ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഉച്ചഭക്ഷണം. ദിവസത്തിന്റെ മധ്യത്തിൽ ആവശ്യമായ ഊർജം നൽകുന്നത് ഉച്ചഭക്ഷണമാണ്.
പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ചെയ്യുന്നതുപോലെ ഉച്ചഭക്ഷണം ആസൂത്രണം ചെയ്യുന്നതിൽ പലരും ശ്രദ്ധ ചെലുത്തുന്നില്ല. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉച്ചഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകളിൽ ഏറെ ശ്രദ്ധ വയ്ക്കണം. ശരീരഭാരം കൂട്ടുന്ന 5 സാധാരണ ഉച്ചഭക്ഷണ തെറ്റുകളെക്കുറിച്ചാണ് ഇനി പറയുന്നത്.
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക
നന്നായി വിശക്കുന്നതുവരെ നമ്മളിൽ പലരും ഉച്ചഭക്ഷണം കഴിക്കാറില്ല. അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ കഴിക്കാനുള്ള പ്രവണത ഉണ്ടാകും. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നതിനും കലോറി വർധനവിനും അതിലൂടെ ശരീര ഭാരം കൂടുന്നതിനും ഇടയാക്കും.
നേരത്തെ ഉച്ചഭക്ഷണം പ്ലാൻ ചെയ്യുന്നില്ല
ഉച്ചഭക്ഷണത്തിന് എന്തൊക്കെ കഴിക്കണമെന്നത് മുൻകൂട്ടി പ്ലാൻ ചെയ്യണം. അങ്ങനെ ചെയ്യാതിരിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ഇടയാക്കും.
ഉച്ചഭക്ഷണം സന്തുലിതമല്ല
ഉച്ചഭക്ഷണം മുൻകൂട്ടി തീരുമാനിക്കുന്നതിനൊപ്പം സന്തുലിതമായിരിക്കാനും ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ഉച്ചഭക്ഷണത്തിൽ ഫൈബർ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയുടെ ബാലൻസ് ഉണ്ടായിരിക്കണം. പകൽ സമയത്ത് ഊർജനില നിലനിർത്തുന്നതിനും ഇത് ആവശ്യമാണ്. ഭക്ഷണം സന്തുലിതമല്ലെങ്കിൽ പാക്കറ്റ് ചിപ്സ് പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിന് പ്രേരണയുണ്ടാകും.
ഉച്ചഭക്ഷണത്തിനു തൊട്ടുമുൻപുള്ള മീറ്റിങ്
ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപായി ജോലിസംബന്ധമായ തിരക്കുകളാണ് മറ്റൊരു സാധാരണ തെറ്റ്. ജോലി സംബന്ധമായ കാര്യങ്ങൾ ചിലപ്പോൾ സമ്മർദമുണ്ടാക്കും. ഭക്ഷണത്തിനു തൊട്ടു മുൻപ് സമ്മർദം ഉണ്ടാകുന്നത് അത്ര നല്ല കാര്യമല്ല. സമ്മർദം പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. അതൊഴിവാക്കാൻ മറ്റ് സമയങ്ങളിൽ മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യുന്നതാണ് നല്ലത്.
വളരെ കുറച്ച് കഴിക്കുകയോ ഉച്ചഭക്ഷണം ഒഴിവാക്കുകയോ ചെയ്യുക
ഉച്ചഭക്ഷണം വളരെ കുറച്ച് കഴിക്കുന്നതും ഒഴിവാക്കുന്നതും ശരീര ഭാരം കുറയ്ക്കുമെന്ന ധാരണ തെറ്റാണ്. അതിനു നേർവിപരീതമായി ശരീര ഭാരം കൂട്ടുകയാണ് ചെയ്യുക. ഉച്ചഭക്ഷണം ഒഴിവാക്കുന്നതിലൂടെ അത്താഴത്തിന് കൂടുതൽ ഭക്ഷണം കഴിച്ചേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.