/indian-express-malayalam/media/media_files/2025/05/08/vKjz4GyZ0dpVaaAdn9fc.jpg)
Source: Freepik
ഊർജം വർധിപ്പിക്കുന്നതിനും, ദഹനത്തെ സഹായിക്കുന്നതിനും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനും പേരുകേട്ടവയാണ് ചിയ സീഡ്സ്. എന്നാൽ, ഇവ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോയെന്ന സംശയം നിലനിൽക്കുന്നു. അവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും, ദിവസവും കഴിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, കാൽസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ ചിയ സീഡ്സ് നിറഞ്ഞിരിക്കുന്നു. അവയിൽ കലോറി കുറവാണ്, നല്ല കൊഴുപ്പ് ധാരാളമുണ്ട്. 2 ടേബിൾസ്പൂൺ ചിയ സീഡ്സ് ഏകദേശം 10 ഗ്രാം നാരുകൾ നൽകുന്നു. അതായത്, ദൈനംദിനം ശുപാർശ ചെയ്യുന്ന നാരുകളുടെ ഏകദേശം 35%. ഈ നാരുകൾ ദഹനത്തെ പിന്തുണയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ചെയ്യും. ഒമേഗ-3-കൾ, പ്രത്യേകിച്ച് എഎൽഎ (ആൽഫ-ലിനോലെനിക് ആസിഡ്), വീക്കം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും കൂടുതൽ കഴിക്കുന്നത് എപ്പോഴും നല്ലതല്ല. ദിവസേന ചെറിയ അളവിൽ (1 മുതൽ 2 ടേബിൾസ്പൂൺ വരെ) കഴിക്കുന്നത് ഗുണം ചെയ്യുമെങ്കിലും, അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. വയറു വീർക്കൽ, ഗ്യാസ്, അല്ലെങ്കിൽ മലബന്ധം എന്നിവയ്ക്ക് കാരണമാകും. ചിയ സീഡ്സ് കുതിർത്ത് കഴിക്കുന്നത് വലിയ വ്യത്യാസമുണ്ടാക്കും.
ആരൊക്കെ കഴിക്കാൻ പാടില്ല?
ചിയ സീഡ്സുകളിലെ ഒമേഗ-3 ഹൃദയത്തിന് നല്ലതാണ്, രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പക്ഷേ, വാർഫറിൻ, ആസ്പിരിൻ പോലുള്ള മരുന്നുകൾ കഴിക്കുന്നവർക്കും, ബ്ലീഡിങ് ഡിസോർഡർ ഉള്ളവർക്കും ചിയ സീഡ്സ് പോലുള്ള ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് മന്ദഗതിയിലാക്കും. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും.
ചിയ സീഡ്സ് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, കുറഞ്ഞ രക്തസമ്മർദമുള്ള വ്യക്തികൾക്ക് ഇത് അപകടകരമാണ്. പതിവായി കഴിക്കുന്നത് സമ്മർദ നില കൂടുതൽ കുറയ്ക്കുകയും തലകറക്കം അല്ലെങ്കിൽ ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
ചിയ സീഡ്സിന് ഗ്ലൈസെമിക് സൂചിക കുറവാണെങ്കിലും, രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകളുടെ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയും. പ്രമേഹം നിയന്ത്രിക്കുന്നവർക്ക്, ഇത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് (രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ) നയിച്ചേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.