/indian-express-malayalam/media/media_files/uploads/2020/05/fi-2.jpg)
തിരുവനന്തപുരം: ലോകമെമ്പാടും കൊറോണ വൈറസ് 37.5 ലക്ഷം പേരെ ബാധിക്കുകയും 2.6 ലക്ഷം പേരുടെ ജീവനെടുക്കുകയും ചെയ്തു കൊണ്ട് താണ്ഡവം തുടരുന്നു. ഇന്ത്യയില്‍ 53,000 പേരെ രോഗം ബാധിച്ചു. മരണം 1,783. രാജ്യത്ത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഇതുവരെ 500 പേരെയാണു വൈറസ് ബാധിച്ചത്. മൂന്ന് പേര്‍ മരിച്ചു. കേരളത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 70 ദിവസമെടുത്താണെങ്കില്‍ ദേശീയ നിരക്ക് എട്ട് മുതല്‍ ഒമ്പത് ദിവസം വരെയാണ്. കേരളത്തിനുശേഷം രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു.
ആരോഗ്യരംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയും ഇറ്റലിയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കോവിഡ്-19 നെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു കഴിഞ്ഞു. രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തിയതിനാല്‍ കേരളം രാജ്യാന്തര തലത്തില്‍ പ്രശംസ നേടി. രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്ന സംസ്ഥാനത്തേക്ക് ഇതരസംസ്ഥാനത്തുനിന്നും രോഗബാധിത രാജ്യങ്ങളില്‍നിന്നും മലയാളികള്‍ എത്തിത്തുടങ്ങി.
രോഗികളുടെ എണ്ണം കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് സമൂഹ രോഗപ്രതിരോധശേഷി കുറവാണെന്നും അതിനാല്‍ വാക്സിന്‍ കണ്ടുപിടിക്കുന്നതുവരെ ജനം വൈറസ് ഭീതിയില്‍ തുടരേണ്ടിവരുമെന്നും വാദമുയരുന്നു. ഇതേക്കുറിച്ച് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ഡോ. വി രാമന്‍കുട്ടി ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
സമൂഹ രോഗപ്രതിരോധ ശേഷി എന്നാല്‍ എന്ത്?
സമൂഹത്തിനുള്ള രോഗപ്രതിരോധശേഷിയാണ് നമ്മളെ പല രോഗവ്യാപനങ്ങളില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നത്. കുത്തിവയ്പ് (വാക്സിനേഷന്‍) വഴിയാണ് ഈ ശേഷി കൈവരിക്കുന്നത്. പോളിയോ, ഡിഫ്തീരിയ തുടങ്ങിയവയ്ക്കെതിരെ സമൂഹം രോഗപത്രിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. നൂറുശതമാനം പേര്‍ക്കും പ്രതിരോധ ശേഷിയില്ലെങ്കിലും രോഗം പടരാതെ സൂക്ഷിക്കാനാകും. രോഗം വരുന്നവരെ ചികിത്സിക്കുന്നതിലൂടെയാണിത്. പക്ഷേ, കുത്തിവയ്പിനെതിരായ പ്രചാരണങ്ങള്‍ ഉയര്‍ത്തുന്നത് രോഗം വരുന്നില്ലല്ലോയെന്ന വാദമാണ്. ഈ രോഗം ബാധിക്കാത്ത തലമുറകള്‍ വരുമ്പോള്‍ എന്തിനാണു കുത്തിവയ്പ് എന്ന ചോദ്യം ഉയരും.
രോഗത്തെ കണ്ടിട്ടില്ലാത്ത, അതിനെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അതുയര്‍ത്തുന്ന ഭീഷണി മനസിലാകില്ല. അവരാണ് വാക്സിനേഷന്‍ തട്ടിപ്പാണ്, മാഫിയ ആണ് എന്നൊക്കെ പറയുന്നത്. അതു തെറ്റാണ്. ഡിഫ്തീരിയക്കെതിരായ കുത്തിവയ്പ് എടുക്കാത്തവരില്‍ ആ രോഗം വന്നത് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്ന് വളരെക്കൂടുതല്‍ പടരുന്ന രോഗമാണെങ്കില്‍ കൂടുതല്‍ ഉയര്‍ന്ന തോതില്‍ സമൂഹ രോഗപ്രതിരോധമുണ്ടാകണം.
Read Also: Explained: എന്തുകൊണ്ട് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട് ഉത്കണ്ഠയുടെ പുതിയ കാരണമാകുന്നു?
സമൂഹത്തില്‍ 60-70 ശതമാനം പേര്‍ക്കു കൊറോണ വൈറസിനെതിരായ രോഗപ്രതിരോധ ശേഷി ലഭിച്ചാല്‍ ബാക്കിയുള്ളവര്‍ക്കു രോഗം വന്നാലും വ്യാപനം സംഭവിക്കാതെ ആരോഗ്യമേഖലയ്ക്കു കൈകാര്യം ചെയ്യാനാവും. ഈ 60 ശതമാനം പേര്‍ക്ക് പ്രതിരോധ ശേഷി ലഭിക്കാന്‍ കൂടുതല്‍ പേര്‍ ഈ രോഗത്തോട് എക്സ്പോസ്ഡ് ആകേണ്ടി വരും. അത് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോയെന്നതാണു പ്രശ്നം.
നിയന്ത്രിതമായ രീതിയില്‍ പ്രതിരോധശേഷി കൈവരിക്കാന്‍ വാക്സിനേഷനെന്ന മാര്‍ഗമേയുള്ളൂ. അല്ലാതെ, നിയന്ത്രിച്ച് സമൂഹ രോഗപ്രതിരോധശേഷി കൈവരിക്കാനാകില്ല. അല്ലെങ്കില്‍ ചൈനയെപ്പോലെ റെജിമെന്റഡ് സൊസൈറ്റി ആയിരിക്കണം. കുറച്ചുപേരെ പൂര്‍ണമായും പൂട്ടിയിട്ടശേഷം മറ്റു കുറച്ചുപേരെ രോഗവുമായി എക്സ്പോസ് ചെയ്യിക്കാം. ഘട്ടംഘട്ടമായി ചെറുപ്പക്കാരെ രോഗവുമായി എക്സ്പോസ് ചെയ്തു കൊണ്ടുവരണമെന്നു ചിലര്‍ വാദിക്കുന്നുണ്ട്. അതൊന്നും നമുക്ക് പ്രായോഗികമല്ല. പ്രവാസികള്‍ തിരിച്ചുവന്നശേഷം അവരിലെ രോഗാവസ്ഥ കൂടെ നോക്കിയശേഷം കുറച്ചുകാലം കഴിഞ്ഞ് ലോക്ക് ഡൗണ്‍ പതിയെ പിന്‍വലിക്കണം.
സമൂഹപ്രതിരോധ ശേഷിക്കു സ്വഭാവിക വ്യാപനം ഉണ്ടാകണം
സമൂഹം രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതിനു രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്ന് ആളുകള്‍ക്ക് രോഗം വരികയും മുക്തി നേടുകയും ചെയ്യുക. രണ്ടാമത്തേത് പ്രതിരോധ കുത്തിവയ്പ്. കൊറോണ വൈറസിനെതിരായ വാക്സിന്‍ കണ്ടുപിടിക്കുകയെന്നത് അടുത്തകാലത്ത് നടക്കുന്ന കാര്യമല്ല. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്ര വലിയ പുരോഗതി ഉണ്ടായിട്ടില്ല.
Read Also: Explained: കോവിഡ്-19 കാൻസർ രോഗികളിൽ എത്രത്തോളം അപകടകാരിയാണ്?
ആ സാഹചര്യത്തില്‍ സമൂഹത്തിനു പ്രതിരോധശേഷി ലഭിക്കാന്‍ സ്വഭാവികമായ രോഗവ്യാപനം ഉണ്ടാകണം. പക്ഷേ, അതിനുവേണ്ടി നമ്മള്‍ ബോധപൂര്‍വം രോഗത്തിലേക്ക് എക്സ്പോസ് ചെയ്താല്‍ പെട്ടെന്ന് ധാരാളം പേര്‍ക്കു വൈറസ് ബാധിച്ചാല്‍ കേരളത്തിലെ ആരോഗ്യ സൗകര്യങ്ങള്‍ക്കതു താങ്ങാന്‍ കഴിയില്ല. വികസിത പ്രദേശങ്ങളായ അമേരിക്കയിലും യൂറോപ്പിലും വളരെ പെട്ടെന്ന് രോഗികളുടെ എണ്ണം വര്‍ധിച്ചതാണു കാര്യങ്ങള്‍ വഷളാക്കിയത് അവര്‍ക്കുള്ളതുപോലൊരു ആരോഗ്യ സംവിധാനവും നമുക്കില്ല.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം കോവിഡ്-19നെ നിയന്ത്രിക്കുന്നുണ്ടെങ്കിലും ഇറ്റലിയൊക്കെ മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യമാണ്. അവര്‍ക്കുപോലും താങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്കാണു രോഗബാധിതരുടെ എണ്ണവും മരണവും ഉയര്‍ന്നത്. ആ അവസ്ഥയിലേക്ക് നമ്മള്‍ ചെല്ലണമെന്നു പറയുന്നത് ശരിയല്ല. അതിനാല്‍ അങ്ങനെയൊരു നയം സ്വീകരിക്കണമെന്നു ഞാന്‍ പറയില്ല.
കൃത്യമായൊരു ഉത്തരമില്ലാത്ത സമസ്യ
90 ശതമാനം പേര്‍ക്കും രോഗം വന്നാലും പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടാകില്ല. ചെറിയൊരു ശതമാനത്തിനാണു പ്രശ്നം വരുന്നത്. ആ പ്രശ്നം വരാന്‍ സാധ്യതയുള്ള വയോധികര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവരെ കോവിഡ്-19 ബാധയില്‍ നിന്ന് ഒഴിവാക്കാനാണു ശ്രമിക്കേണ്ടത്. അവര്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. നിരന്തരം ബോധവല്‍ക്കരിച്ച് അവര്‍ സ്വയം നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാകണം. ശരിക്കു പറഞ്ഞാല്‍ സമൂഹത്തിന് എങ്ങനെ രോഗപ്രതിരോധശേഷി കൈവരിക്കാമെന്നുള്ളതിനു കൃത്യമായ ഉത്തരമൊന്നുമില്ല.
Read Also: Explained: സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍ കൊറോണ വൈറസില്‍ നിന്നും പുരുഷന്‍മാരേയും രക്ഷിക്കുമോ?
രോഗം വന്നിട്ട് മരണമുണ്ടാകാതെ സൂക്ഷിക്കുകയെന്നതു നമ്മുടെ കൈയിലുള്ള കാര്യമല്ല. പ്രായമായവര്‍ക്കും അസുഖങ്ങളുള്ളവര്‍ക്കുമാണു മരണം കൂടുതല്‍ സംഭവിക്കുന്നത്. രോഗം വന്ന് ഗുരുതരാവസ്ഥയില്‍ ആകുമ്പോള്‍ വെന്റിലേറ്റര്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ മരിച്ചുപോകും. നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല.
ഐസിയു സൗകര്യങ്ങള്‍ വളരെ കുറവ്
നമുക്ക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (ഐസിയു) സൗകര്യങ്ങള്‍ കുറവാണ്. നമ്മുടെ ഇന്റന്‍സീവ് കെയര്‍ എന്നു പറയുന്നത് അത്ര വലിയ ഇന്റന്‍സീവ് കെയറല്ല. രാജ്യാന്തര നിലവാരമുള്ള ഐസിയു ഉള്ള ആശുപത്രികള്‍ വളരെ കുറവാണ്. രാജ്യാന്തര തലത്തില്‍ സൗകര്യങ്ങള്‍ക്കനുസരിച്ച് ഐസിയു തരംതിരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ എമര്‍ജന്‍സി കെയര്‍ മെഡിസിന്‍ അല്ലെങ്കില്‍ ഇന്റന്‍സീവ് കെയര്‍ മെഡിസിന്‍ എന്ന മെഡിക്കല്‍ ശാഖ അടുത്തകാലത്ത് വന്നു തുടങ്ങിയിട്ടേയുള്ളൂ. അമേരിക്കയിലും യൂറോപ്പിലും അതൊരു സ്പെഷാലിറ്റിയാണ്. അതില്‍ പരിശീലനം നേടിയവര്‍ ധാരാളമുണ്ട്. എന്നിട്ടുപോലും അവര്‍ സ്ട്രഗിള്‍ ചെയ്യുകയാണ്.
നമ്മുടെ നാട്ടില്‍ അത്രയ്ക്കൊന്നും ഡോക്ടര്‍മാരൊന്നുമില്ല. കേരളത്തില്‍ ഇന്റന്‍സീവ് കെയര്‍ രംഗത്ത് പരിശീലനം ലഭിച്ചിട്ടുള്ളവര്‍ വളരെക്കുറച്ചു പേരെയുള്ളൂ. അവരില്‍ പലരും സ്വകാര്യ മേഖലയിലാണു ജോലി ചെയ്യുന്നത്. കൂടാതെ ചെലവും കൂടുതലാണ്. ചില സ്വകാര്യ ആശുപത്രികളിലും സര്‍ക്കാരിന്റെ ചില മെഡിക്കല്‍ കോളേജുകളിലും മാത്രമേ ഈ സൗകര്യമുള്ളൂ. ഓരോയിടത്തും പത്ത് കിടക്കയില്‍ കൂടുതല്‍ ഉണ്ടാകില്ല. കാരണം, അതിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല.
വേണ്ടത് ഇളവുകളോടുകൂടിയ നിയന്ത്രണങ്ങള്‍
പൂര്‍ണമായ ലോക്ക് ഡൗണ്‍ വേണമോയെന്ന് ആലോചിച്ച് തീരുമാനിക്കാം. കുറച്ചു കൂടെ തരംതിരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. പ്രായമുള്ളവര്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണം. പക്ഷേ, അതൊക്കെ എങ്ങനെ നടപ്പിലാക്കുമെന്ന പ്രശ്നമുണ്ട്. പൊതുയിടങ്ങളില്‍ കുറച്ചുകാലം കൂടെ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തണം. അതേസമയം, കടകളിലൊക്കെ നിയന്ത്രണം കുറയ്ക്കാം. കുറച്ചുപേര്‍ക്ക് രോഗം എന്തായാലും വരുമെന്ന് പ്രതീക്ഷിച്ച് സാഹചര്യത്തെ കൈകാര്യം ചെയ്യണം.
ദുരന്തം വന്നാല്‍ തീരുമാനമെടുക്കുന്നയാള്‍ കുറ്റക്കാരനാകും
നിങ്ങള്‍ രാഷ്ട്രീയ നേതാവാണ് അല്ലെങ്കില്‍ തീരുമാനം എടുക്കേണ്ട അധികാരമുള്ളയാളാണെങ്കില്‍ നിയന്ത്രണം പിന്‍വലിക്കണമെന്നു പറയാനുള്ള ധൈര്യം ഉണ്ടാകില്ല. കാരണം, അവസാനമൊരു ദുരന്തം വന്നാല്‍ നിങ്ങളുടെ തലയിലാകും. അതിനാല്‍ അവരാരും അങ്ങനെയൊരു കാര്യം പറയാന്‍ പോകുന്നില്ല. അല്ലെങ്കില്‍ തീരുമാനമെടുക്കുന്നയാള്‍ ജനകീയ നേതാവായിരിക്കണം. തന്റെ അഭിപ്രായത്തിന് അനുസരിച്ച് ജനത്തെ കൂടെ നിര്‍ത്താന്‍ കഴിയുന്നവര്‍ ആകണം. പക്ഷേ, അങ്ങനെയുള്ളവരെ ഞാന്‍ കാണുന്നില്ല. അങ്ങനെയുള്ളവര്‍ ഇല്ലാത്തിടത്തോളം കാലം എല്ലാവരും സുരക്ഷിതമായേ കളിക്കൂ.
Read Also: Explained: എന്തുകൊണ്ട് ചില രാജ്യങ്ങളിൽ മാത്രം കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു?
എന്നെ തീരുമാനം എടുക്കാന്‍ ഏല്‍പ്പിച്ചാലും തുറക്കണ്ട, തുറന്നാല്‍ വലിയ പ്രശ്നമാകുമെന്നേ പറയൂ. തുറക്കണ്ടായെന്ന് പറയുമ്പോഴുണ്ടാകുന്ന അപകടം തുറക്കണമെന്ന് പറഞ്ഞ് ഉണ്ടാകുന്നതിനെപ്പോലെ ബാധിക്കില്ല. തുറക്കണ്ടായെന്ന് പറഞ്ഞാല്‍ അതൊരു സാമ്പത്തിക ദുരന്തമാണ് സൃഷ്ടിക്കുന്നത്. ഒരു എപ്പിഡെമിയോളജിക്കല്‍ ദുരന്തമല്ല.
മറ്റൊരു കാര്യം, തുറക്കാതെ ഇരുന്നാല്‍ കുറച്ചുകാലം കൂടി ഇങ്ങനെ പോകും. പക്ഷേ, അത് ഏറ്റവുമധികം ബാധിക്കുക സമൂഹത്തിലെ പാവപ്പെട്ടവരെയാണ്. അവരുടെ ജീവിത മാര്‍ഗം വഴിമുട്ടിപ്പോകും. പട്ടിണി കൊണ്ട് മരിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്ത് അതൊന്നും വാര്‍ത്തയാകില്ല. എന്റെ അഭിപ്രായത്തില്‍ വലിയ വെല്ലുവിളി അതാണ്.
പ്രവാസികളുടെ മടങ്ങിവരവ് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം
പ്രവാസികളുടെ വരവ് സംബന്ധിച്ച് ഒരു കാര്യം ഹൈ റിസ്‌കാണ്. കാരണം, അവര്‍ ഇപ്പോഴുള്ള രാജ്യങ്ങളില്‍ പലതിലും ഉയര്‍ന്ന തോതില്‍ രോഗവ്യാപനം നടന്നിട്ടുണ്ട്. അപ്പോള്‍ വരുന്നവരില്‍ പലര്‍ക്കും രോഗബാധ ഉണ്ടാകാം. വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട കാര്യമാണ്. ശ്രദ്ധിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നാട്ടിലേക്കു മടങ്ങണമെന്നു പ്രവാസികള്‍ പറയുമ്പോള്‍ വേണ്ടായെന്നു പറയാന്‍ പറ്റില്ല. അതൊരു ധാര്‍മികമായ കാര്യമല്ല. അതിനാല്‍ വരാന്‍ ശ്രമിക്കുന്നവരെ വളരെ സുരക്ഷിതമായി കൊണ്ടുവരണം. രോഗവ്യാപന സാധ്യതകളുണ്ട്. അവരെ നിയന്ത്രിച്ചു നിര്‍ത്തുക വലിയ പ്രയാസകരമായിരിക്കും.
മറ്റു രോഗങ്ങളുടെ ചികിത്സ മാറ്റിവയ്ക്കുന്നത് തിരിച്ചടിയാകും
കൊറോണ വൈറസ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡോക്ടര്‍മാരോട് സംസാരിക്കുമ്പോള്‍ ലഭിക്കുന്ന വിവരം ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുന്നുവെന്നാണ്. പലരും ചികിത്സ നീട്ടിവയ്ക്കുന്നത് കൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്. അടിയന്തരമല്ലാത്ത കാര്യങ്ങള്‍ മാറ്റിവയ്ക്കുന്നുണ്ടാകും. പക്ഷേ, അതിന്റെ തിരിച്ചടി കുറച്ചുകഴിഞ്ഞ് വരും. സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പതിവായി ചെയ്തു കൊണ്ടിരിക്കുന്ന വാക്സിനേഷന്‍ പോലുള്ളവയെ ബാധിക്കുന്നുണ്ട്.
മണ്‍സൂണ്‍ കാലത്ത് പനിയും മറ്റു രോഗങ്ങളും വരും. ഡെങ്കുവും ചിക്കന്‍ ഗുനിയയുമൊക്കെ വന്നാല്‍ വലിയ പ്രശ്നമാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു തീരെ കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കു പോകും. ഈ രോഗങ്ങളെല്ലാം സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നവയാണ്. പനിയുമായി ഒരാള്‍ വന്നാല്‍ ഏതുതരം പനിയാണെന്നു പറയാന്‍ ബുദ്ധിമുട്ടായിരിക്കും.
ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ തയാറാക്കണം. എങ്ങനെയാണ് ക്ലിനിക്കലായി രോഗത്തെ വേര്‍തിരിക്കേണ്ടതെന്നു തീരുമാനിക്കണം. ഇപ്പോള്‍ അപൂര്‍ണമായ പരിഹാരങ്ങളേ നമ്മുടെ കൈയിലുള്ളൂ. ഇപ്പോഴത്തെ പരിശോധന കിറ്റുകള്‍ അത്ര കൃത്യതയുള്ളതല്ല എന്നൊരു പ്രശ്നമുണ്ട്. കിറ്റിന്റെ ലഭ്യതയുടെ പ്രശ്നമുണ്ട്. ഇവിടെ വികസിപ്പിച്ചതിന് അനുമതി ലഭിച്ചിട്ടില്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം പിടിപെട്ടാല്‍
രോഗബാധയുണ്ടാകുമെന്ന് പേടിച്ച് 1990-കളില്‍ എയിഡ്സ് രോഗികളെ ഓപ്പറേറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ മടിച്ചിരുന്നു. കൊറോണ വൈറസൊന്നും അത്രയ്ക്കൊന്നും ഭീതികരമല്ല. എന്നാല്‍ പോലും, രോഗികളെ കൈകാര്യം ചെയ്യാന്‍ അവര്‍ മടിക്കും. ആരോഗ്യ പ്രവര്‍ത്തകരില്‍ പ്രായമുള്ളവര്‍ കുറവാണ്. എങ്കിലും അവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. അതിലൂടെ അവര്‍ക്കു പ്രതിരോധശേഷി കൈവരും.
Read Also: Explained: കൊറോണവൈറസിനെ ആദ്യം വീക്ഷിച്ച ജൂണ്‍ അല്‍മെയ്ഡ ആരാണ്?
എങ്കിലും അവര്‍ മാറിനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മറ്റുള്ളവരെ ഉപയോഗിച്ച് മാനേജ് ചെയ്യേണ്ടിവരും. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞവരെ മൂന്നു മാസത്തേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. അതുപോലെയുള്ള വഴികള്‍ നോക്കേണ്ടി വരും. അവിടെയും നിന്നില്ലെങ്കില്‍ മെഡിക്കല്‍ കോഴ്സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളെ ഉപയോഗിക്കേണ്ടി വരും. മറ്റു രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ ക്വാഷ്വാലിറ്റി ഒരുപാട് വരുന്നുണ്ട്. വലിയ ഭീതികരമായ സാഹചര്യത്തിലേക്കു പോകില്ലെന്നു പ്രതീക്ഷിക്കാം.
ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തുടക്കകാലത്തുണ്ടായിരുന്ന ഭീകരമായ പ്രവചനങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഏപ്രിലില്‍ എട്ടു ലക്ഷം പേര്‍ക്ക് ബാധിക്കുമെന്നായിരുന്നു പ്രവചനം. അത്രയ്ക്കൊന്നുമായിട്ടില്ല. അതൊരു നല്ല കാര്യമാണ്. എങ്കിലും ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാന്‍ തയാറായി ഇരിക്കുകയെന്നതാണ് അഭികാമ്യം.
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ എപ്പിഡെമിയോളജിസ്റ്റാണു ഡോ. വി രാമന്‍കുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.