ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ മാസം ആദ്യമാണ് കേന്ദ്ര സർക്കാർ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് രണ്ട് വർഷത്തേക്ക് പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയത്.

എംപി ഫണ്ട് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എംഎൽഎമാരുടെ പ്രാദേശി വികസന ഫണ്ട് ഒരു വർഷത്തേക്ക് റദ്ദാക്കി. ഇത് സംസ്ഥാനത്തിന്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 1500 കോടി രൂപ ഉറപ്പുവരുത്തുന്ന നടപടിയായിരുന്നു.

എന്താണ് എംപിമാരുടെ പ്രാദേശിക വികസന സ്കീം

കേന്ദ്ര സർക്കാരിന്റെ ഒരു സ്കീമാണ് എംപിമാരുടെ പ്രാദേശിക വികസനം. എംപിമാർക്ക് അവരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ 5 കോടി രൂപ ഈ സ്കീമിന് കീഴിൽ അനുവദിക്കും. ലോക്സഭ, രാജ്യസഭ എംപിമാർക്ക് പുറമെ നാമനിർദേശം ചെയ്യപ്പെട്ടവർക്കും ഈ ഫണ്ട് ഉപയോഗിക്കാൻ സാധിക്കും.

ഇതിന് സമാനമായി സംസ്ഥാനങ്ങൾക്കും പ്രത്യേക സ്കീമുണ്ട്. സംസ്ഥാനങ്ങളിലെ എംഎൽഎമാർക്ക് അനുവദിക്കുന്ന പ്രാദേശിക വികസന ഫണ്ടാണിത്. വിവിധ സംസ്ഥാനങ്ങളിലെ തുകയിൽ വ്യത്യാസമുണ്ട്. ഡൽഹിയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ഒരു എംഎൽഎയ്ക്ക് അനുവദിക്കുന്നത്. പത്ത് കോടി രൂപ ഡൽഹിയിലെ ഒരു എംഎൽഎയ്ക്ക് പ്രാദേശിക വികസനത്തിന് ഉപയോഗിക്കാം. കേരളത്തിലും പഞ്ചാബിലും ഇതും അഞ്ച് കോടി രൂപയാണ്.

എംപിമാരുടെ ഫണ്ട് റദ്ദാക്കുന്നത് കോവിഡ്-19നെതിരായ പ്രവർത്തനങ്ങളിൽ എങ്ങനെ സഹായകരമാകും.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വർഷത്തേക്ക് റദ്ദാക്കുന്നതിലൂടെ 7800 കോടി രൂപ സർക്കാരിന് ലഭിക്കും. ഇത് കേന്ദ്രം അനുവദിച്ച 1.70 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ 4.5 ശതമാനം മാത്രമാണെന്നതാണ് വസ്തുത.

അതേസമയം കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ എംപിമാർ ശക്തമായി രംഗത്തെത്തിയിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങൾ ഭരിക്കുന്ന സർക്കാരുകളും കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. എംപി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. എംപി ഫണ്ട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. വിഭവസമാഹരണത്തിന്റെ ഭാഗമായി എംപി ഫണ്ട് എടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ന്യായമല്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രാദേശിക വികസന ഫണ്ടിന്റെ പ്രവഞ്ഞത്തനമെങ്ങനെ?

എം‌പിമാർക്കും എം‌എൽ‌എമാർക്കും ഈ പദ്ധതികൾ‌ക്ക് കീഴിൽ പണമൊന്നും ലഭിക്കുന്നില്ല. സർക്കാർ നേരിട്ട് അതത് പ്രാദേശിക അധികാരികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. എപിമാർക്ക് അവരുടെ നിയോജകമണ്ഡലങ്ങളിലെ പ്രവൃത്തനങ്ങൾക്ക് ശുപാർശ ചെയ്യാൻ സാധിക്കും. റോഡുകൾ‌, സ്‌കൂൾ‌ കെട്ടിടങ്ങൾ‌ എന്നിവയുടെ നിർമ്മാണങ്ങൾക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.

സ്കീമിന്റെ തുടക്കം എപ്പോൾ?

1993 ഡിസംബർ 23 ന് ലോക്സഭയിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവാണ് പദ്ധതി പ്രഖ്യാപിച്ചത്. വിവിധ പാർട്ടികളിലെ എംപിമാരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു നടപടി. സിപിഐ എം എംപിമാരായ നിർമ്മൽ കാന്തി ചാറ്റർജി, സോമനാഥ് ചാറ്റർജി എന്നിവരിൽ നിന്നാണ് നിർദ്ദേശം ഉയർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook