ന്യൂഡൽഹി: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുകയും രോഗം ഭേദമായവരുടെ എണ്ണം കൂടുകയും ചെയ്തത് ആശ്വാസകരമാണെങ്കിലും ഇന്ത്യയിൽ പുതിയതായി കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കജനകമാണ്. പ്രത്യേകിച്ച് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ആകെ കണക്കിൽ വലിയൊരു പങ്കും തമിഴ്നാട്ടിൽ നിന്നാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസം അവസാനിക്കുമ്പോൾ 2058 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണമെങ്കിൽ ഇന്നലെ ഇത് 4058 ആണ്. കഴിഞ്ഞ രണ്ട് ദിവസവും 500ലധികം കേസുകൾ വീതമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഒരു ദിവസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായും തമിഴ്നാട് മാറി.

Also Read: Explained: സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍ കൊറോണ വൈറസില്‍ നിന്നും പുരുഷന്‍മാരേയും രക്ഷിക്കുമോ?

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ 70 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്നാട്ടിൽ ചെന്നൈയിലുള്ള കോയമ്പേട് മാർക്കറ്റാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വലിയ രീതിയിൽ വർധിക്കാനിടയായ പ്രദേശം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 600ന് മുകളിൽ കോയമ്പേട് മാർക്കറ്റിൽ നിന്നു തന്നെയാണ്. കേരളത്തിലെ പല സ്ഥലങ്ങളിലും പച്ചക്കറി എത്തിയിരുന്നതും ഈ മാർക്കറ്റിൽ നിന്നുമാണ്.

Also Read: Explained: കോവിഡ്-19 കാൻസർ രോഗികളിൽ എത്രത്തോളം അപകടകാരിയാണ്?

പ്രശ്നം ഗുരുതരമായതോടെ പരിശോധനകളുടെ എണ്ണവും സംസ്ഥാനത്ത് വർധിപ്പിച്ചിട്ടുണ്ട്. കോയമ്പേട് മാർക്കറ്റുൾപ്പടെയുള്ള ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ ടെസ്റ്റുകളും നടത്തുന്നത്. ഇതുവരെ 1,74,828 പേർക്കാണ് സംസ്ഥാനത്ത് ടെസ്റ്റ് നടത്തിയത്.

ചൊവ്വാഴ്ച ഇന്ത്യയിൽ 4959 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്ത് എത്തി. 49,339 പേർക്കാണ് രോഗബാധ കമണ്ടെത്തിയത്. ഇതിൽ 12,750 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 15,000ലധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ലോക്ക്ഡൗണിൽ ഇളവുകൾ ലഭിക്കുകയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമുള്ളവർ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സർക്കാരുകളും ആരോഗ്യപ്രവർത്തകരും.

ചൊവ്വാഴ്ച ഗുജറാത്തിൽ രോഗികളുടെ എണ്ണം 6000 കടന്നപ്പോൾ ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 5000ലെത്തി. ഗുജറാത്തിൽ ഒറ്റ ദിവസം മരിച്ചത് 49 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 350ലെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook