/indian-express-malayalam/media/media_files/VBOGn1v2nWLMIAAtta2t.jpg)
Credit: Pexels
ശരീര ഭാരം കുറയ്ക്കാനും ദഹനത്തെ സഹായിക്കാനും ഉപാപചയപ്രവർത്തനം കൂട്ടാനും ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നിരവധി ഔഷധങ്ങളുടെ ഒരു കലവറയാണ് നമ്മുടെ വീടുകളിലെ അടുക്കളയെന്ന് പറയാം. അയമോദകം, പെരുംജീരകം, ഏലം, ഗ്രാമ്പൂ, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട, തക്കോലം, പുതിനയില, നാരങ്ങ ഇവയൊക്കെ ഇക്കൂട്ടത്തിൽ ചിലതാണ്. ഇതിൽ ജീരകവും അയമോദകവും പെരുംജീരകവും തുല്യമായ അളവിൽ വറുത്ത് പൊടിച്ചെടുത്തത് ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഷെഫ് മേഘ്ന കാംദർ പറഞ്ഞു.
ഒരു ഗ്ലാസ് വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീരിനൊപ്പം ഈ പൊടി അര ടീസ്പൂണും ചേർത്ത് ദിവസത്തിൽ മൂന്നു നേരം ഭക്ഷണത്തിനു മുൻപായി കുടിക്കുന്നത് വയർവീർക്കൽ, ദഹനക്കേട്, ശരീരഭാരം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരം നൽകുമെന്നും ഊർജനില വർധിപ്പിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. വായു കടക്കാത്ത ബോട്ടിൽ ഏകദേശം 2-3 മാസത്തോളം ഈ പൊടി സൂക്ഷിക്കാമെന്നും അവർ വ്യക്തമാക്കി.
ജീരകം മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് ആയുർവേദ ഡോ.ഡിമ്പിൾ ജംഗ്‌ദ പറഞ്ഞു. ദഹനം മെച്ചപ്പെടുത്താനും വയർവീർക്കൽ ഒഴിവാക്കാനും സഹായിക്കുന്നു. ദഹനം ആരോഗ്യകരമായാൽ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുകയും കൂടുതൽ ഊർജം നൽകുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഉറക്കത്തെ തടസപ്പെടുത്തുന്ന സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
അയമോദകം കാത്സ്യം, ഇരുമ്പ്, നാരുകൾ എന്നിവയുടെ ആരോഗ്യകരമായ ഉറവിടമാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും അവയ്‌ക്കുണ്ട്. അവ പോഷകങ്ങൾ ആഗിരണം ചെയ്യാനും വയറിന് സമീപം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. വിശപ്പ് അടിച്ചമർത്താനും അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും അവ സഹായിക്കുന്നുവെന്ന് ഡോ.ജംഗ്‌ദ പറഞ്ഞു.
പെരുംജീരകത്തിനും സമാനമായ ആരോഗ്യ ഗുണങ്ങളുണ്ട്. ഇവയിൽ കലോറി കുറവും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. പെരുംജീരകത്തിന് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല., ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും വേഗത്തിൽ കലോറി എരിച്ചു കളയാനും അതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമായതിനാൽ ശരീരഭാരം കുറയ്ക്കൽ, മെച്ചപ്പെട്ട മെറ്റബോളിസം, മെച്ചപ്പെട്ട ഊർജം, നല്ല ഉറക്കം എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ നാരങ്ങയും നൽകുന്നുണ്ടെന്ന് ഡോ.ജംഗ്‌ദ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us