/indian-express-malayalam/media/media_files/2025/02/11/x1GLFxl54OTYUfm1jNwe.jpg)
ചുട്ടുപൊള്ളി ലോകം...കാരണം ഇതാണ്
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയിലുടെയാണ് ലോകം കടന്നുപോയത്. ഇനി വരാനിരിക്കുന്ന മാസങ്ങളിലും ഇന്ത്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങളിൽ ചൂട് വർധിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുള്ള കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ ജനുവരിയിലെ വായുവിന്റെ താപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.75 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നുവെന്നും വ്യക്തമാക്കുന്നു.
ലാ നിനയും ചൂട് കുറയ്ക്കുന്നില്ല
ഭൂമിയെ തണുപ്പിക്കുന്ന ‘ലാ നിന’(മധ്യ, കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക്കിലുടനീളമുള്ള സമുദ്രോപരിതലത്തിലെ താപനില കുറയുന്ന പ്രതിഭാസം) പ്രതിഭാസത്തിന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടും ആഗോളതലത്തില്‍ താപനില കുതിച്ചുയരുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉഷ്ണമേഖലാ പസഫിക്കില്‍ ലാ നിന നിലനില്‍ക്കുന്നുണ്ടെങ്കിലും ആഗോളതാപനിലയില്‍ അതിന്റെ തണുപ്പുനിറഞ്ഞ സാഹചര്യമുണ്ടായിട്ടും ജനുവരിയില്‍ റെക്കോഡ് താപനില രേഖപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിന്റെ മേധാവി സാമന്ത ബര്‍ഗെസ് പറഞ്ഞു.
ഇന്ത്യയിലും താപനില ഉയര്‍ന്നതിന്റെ ആഘാതം വ്യക്തമാണ്. ഇന്ത്യയില്‍ പ്രതിമാസ ശരാശരി താപനില ദീര്‍ഘകാല താപനിലയേക്കാള്‍ 0.94 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. 1901ന് ശേഷം ഏറ്റവും ചൂടേറിയ മൂന്നാമത്തെ ജനുവരിയായിരുന്നു 2025ലേത്. 1958, 1990 എന്നീ വര്‍ഷങ്ങളിലെ ജനുവരികളിലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ മാസത്തെ രാത്രികളില്‍ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടിരുന്നു. രാത്രികാല താപനിലയില്‍ ഏകദേശം 1.04 ഡിഗ്രി സെല്‍ഷ്യസ് അധികം താപനില രേഖപ്പെടുത്തി.
ചൂട് കൂടാനുള്ള കാരണങ്ങൾ
സാങ്കേതികമായി ഉഷ്ണതരംഗം എന്ന് വിളിക്കാനാകില്ലെങ്കിലും ഇന്ത്യയിൽ ഈ നിലയിൽ ചൂടുകൂടുന്നത് മാർച്ച് ആദ്യംതന്നെ വേനൽ വരുന്നതിനു മുന്നോടിയാണ്. ആകാശം മേഘാവൃതമായില്ലെങ്കിൽ വരുംദിവസങ്ങളിൽ ഇനിയും ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. ചൂട് 48 മണിക്കൂർ അഞ്ച് ഡിഗ്രി ഉയർന്നു നിൽക്കുന്നതിനെയാണ് ഉഷ്ണതരംഗം എന്നുവിളിക്കുന്നത്.
ആഗോളതാപനവും എൽനിനോ പ്രതിഭാസവും കാരണം കഴിഞ്ഞവർഷം ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായിരുന്നെന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചിരുന്നു. ഈ വർഷം താപനില കുറയ്ക്കുന്ന ലാനിനാ പ്രതിഭാസമായിരിക്കുമെങ്കിലും ഇതിന്റെ പ്രഭാവം കുറവായിരിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്. ഫലത്തിൽ കഴിഞ്ഞവർഷത്തെ എൽനിനോയെ നിർവീര്യമാക്കി ഈവർഷം അന്തരീക്ഷ താപനില കുറയ്ക്കാൻ ലാനിനായ്ക്ക് കഴിയില്ല. ഇതാണ് ലോകത്ത് അന്തരീക്ഷ താപനില കൂടാൻ കാരണമായത്.
കേരളത്തിലും ചൂട് കൂടും
ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്തെ ചൂടനുസരിച്ചാണ് രണ്ട് കാലാവസ്ഥാ പ്രതിഭാസങ്ങളെയും നിശ്ചയിക്കുന്നത്. ജനുവരി 15-നാണ് സൂര്യൻറെ ഉത്തരായനം ആരംഭിച്ചത്. സ്വാഭാവികമായും ഭൂമധ്യരേഖയ്ക്ക് സമീപത്തുള്ള കേരളത്തിൽ ഇതിൻറെ സ്വാധീനഫലമായാണ് ചൂട് കൂടുന്നത്. വരുംദിവസങ്ങളിൽ ഇന്ത്യയുടെ വടക്കൻമേഖലകളിലേക്ക് ഇത് വ്യാപിക്കുകയും കേരളത്തിൽ ചൂട് വീണ്ടും വർധിക്കുകയും ചെയ്യും.
Read More
- ഗാസ ഏറ്റെടുക്കുമെന്ന് ട്രംപിൻറെ പ്രഖ്യാപനത്തിന് പിന്നിൽ എന്ത്?
- അമേരിക്കയുടെ ഇറക്കുമതി ചുങ്കം ചൈനയെ എങ്ങനെ ബാധിക്കും? ട്രംപിന്റെ ലക്ഷ്യം ആഗോള വ്യാപാര യുദ്ധമോ?
- മഖാന ബോർഡ് എന്തുകൊണ്ട് ബിഹാറിൽ; ബജറ്റ് പ്രഖ്യാപനത്തിലെ വസ്തുകൾ അറിയാം
- കേന്ദ്ര ബജറ്റിലെ ചില അറിയാകാര്യങ്ങൾ
- ഇന്ത്യക്കാരുടെ മേൽ സർക്കാർ അമിത നികുതി ചുമത്തുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.