/indian-express-malayalam/media/media_files/uploads/2021/09/nipah-hospital-health-covid-explained.jpg)
കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് ഞായറാഴ്ച കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ 12 വയസ്സുകാരൻ മരിച്ചു. കുട്ടി എൻസെഫലൈറ്റിന്റെയും മയോകാർഡിറ്റിസിന്റെയും ലക്ഷണങ്ങൾ കാണിച്ചിരുന്നു- തലച്ചോറിന്റെയും ഹൃദയപേശികളുടെയും വീക്കം ലക്ഷണമായുള്ള രോഗങ്ങളാണ് ഇത്.
എന്താണ് നിപ വൈറസ്?
നിപാ വൈറസ് (എൻഐവി-NiV) ഒരു 'സൂനോട്ടിക്' (മൃഗജന്യ) വൈറസാണ്, അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. മലിനമായ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ ആളുകൾക്കിടയിലൂടെ നേരിട്ടോ വൈറസ് പകരാം.
എൻഐവി എൻസെഫലൈറ്റിസിന് കാരണമാകുന്ന രോഗകാരിയായാ നിപ വൈറസ് പാരാമൈക്സോവിരിഡേ കുടുംബത്തിലെ ഒരു ആർഎൻഎ വൈറസാണ്. ഹെനിപാവൈറസ് ജനുസ്സിലാണ് ഇത് വരുന്നത്. ഇത് 1994 ൽ ഓസ്ട്രേലിയയിൽ കണ്ടെത്തിയ ഹെന്ദ്ര വൈറസുമായി (എച്ച്ഇവി-HeV ) അടുത്ത ബന്ധമുള്ളതാണ്.
എച്ച്ഇവി, എൻഐവി എന്നിവയുടെ സംഭരണ ജീവി (അനിമൽ ഹോസ്റ്റ് റിസർവോയർ) ഫ്രൂട്ട് ബാറ്റ് (ജെന്റസ് സ്റ്റെറോപസ്) ആണ്, ഇത് സാധാരണയായി 'പറക്കുന്ന കുറുക്കൻ' എന്നറിയപ്പെടുന്നു. രോഗം ബാധിച്ച പഴംതീനി വവ്വാലുകളിൽ പന്നികൾ പോലുള്ള മറ്റ് മൃഗങ്ങളിലേക്കും രോഗം പടരാൻ കഴിയും. കൂടാതെ നായ്ക്കൾ, പൂച്ചകൾ, ആടുകൾ, കുതിരകൾ, ആടുകൾ എന്നിവയിലേക്കും പകർന്നേക്കാം.
Read More: നിപ ; കേന്ദ്ര സംഘം കോഴിക്കോട്ടെത്തി; കൺട്രോൾ സെല്ലുകൾ ആരംഭിച്ചു
വവ്വാലുകളുമായോ പന്നികളെപ്പോലുള്ള മറ്റ് മൃഗങ്ങളുമായോ അല്ലെങ്കിൽ അവയുടെ ഉമിനീർ അല്ലെങ്കിൽ മൂത്രം പോലുള്ള ശരീര ദ്രാവകങ്ങളുമായോ അടുത്ത സമ്പർക്കം വരികയാണെങ്കിലോ മനുഷ്യരിൽ അണുബാധയുണ്ടാകും. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് ആദ്യമായി പ്രവേശിക്കുന്നതിനെ 'സ്പിൽഓവർ' ഇവന്റ് എന്നാണ് പറയുന്നത്
അണുബാധ മനുഷ്യരിലേക്ക് മാറിയുകഴിഞ്ഞാൽ, ആ മനുഷ്യനിൽ നിന്ന് മറ്റ് മനുഷ്യരിലേക്ക് എൻഐവി പടരാം.
നിപ്പ വ്യാപനം എത്രത്തോളം സാധാരണമാണ്?
1998-99 ൽ മലേഷ്യയിലും സിംഗപ്പൂരിലും ആദ്യത്തെ നിപ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടു. നിപ എന്ന പേര് മലേഷ്യയിലെ ഗ്രാമത്തിന്റെ പേരിൽ നിന്നാണ് വന്നത്, അവിടെ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി രോഗം ബാധിച്ച് മരിച്ചിരുന്നു.
ഈ ആദ്യ വ്യാപനത്തിൽ വൈറസ് ബാധ ആദ്യം വളർത്തു പന്നികളിൽ പ്രത്യക്ഷപ്പെട്ടു. അന്ന് ഏകദേശം 300 പേർക്ക് രോഗം ബാധിച്ചു, 100 ൽ അധികം ആളുകൾ മരിച്ചു. അണുബാധയുടെ വ്യാപനം തടയാൻ ഒരു ദശലക്ഷം പന്നികളെ അന്ന് കൊന്നിരുന്നു.
അതിനുശേഷം ഈ മേഖലയിൽ വ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, ഇന്ത്യയിലും ബംഗ്ലാദേശും എൻഐവിയുടെ വ്യാപനം ഒന്നിലധികം തവണ ഉണ്ടായി.
ബംഗ്ലാദേശിൽ, 2001, 2003, 2004, 2005, 2007, 2008, 2010, 2011 എന്നീ വർഷങ്ങളിൽ വൈറസ് ബാധയുണ്ടായി.. ഇന്ത്യയിൽ, കേരളത്തിലും പശ്ചിമ ബംഗാളിലും മാത്രമാണ് രോഗബാധയുണ്ടായത്.
ഇന്ത്യയിലെ നിപ രോഗവ്യാപനങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ നിപ ബാധ 2001 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണുണ്ടായത്. മൊത്തം 66 കേസുകൾ അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ അന്ന് നാലിൽ മൂന്ന് രോഗികളും മരണപ്പെട്ടു.
Read More: നിപ: നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം; 188 പേര്‍ സമ്പര്‍ക്ക പട്ടികയില്‍
2007 ൽ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന നദിയ ജില്ലയിൽ 50 ഓളം ആളുകളെ ബാധിച്ചുകൊണ്ട് വൈറസ് ഇന്ത്യയിൽ തിരിച്ചെത്തി. ഏകദേശം അഞ്ച് പേർ രോഗം ബാധിച്ച് മരിച്ചതായി റിപ്പോർട്ടുണ്ട്.
2018 മേയ്-ജൂൺ മാസങ്ങളിലാണ് നിപ ഇന്ത്യയിൽ വ്യാപകമായി അറിയപ്പെട്ടത്. അന്ന് കോഴിക്കോട്ട് 18 നിപ വൈറസ് ബാധകൾ സ്ഥിരീകരിച്ചതോടെയായിരുന്നു അത്. അന്ന് രോഗം ബാധിച്ചവരിൽ 17 പേർ മരിച്ചു. ലബോറട്ടറി പരിശോധനകളാൽ സ്ഥിരീകരിക്കാൻ കഴിയാത്ത ആദ്യ രോഗി (ഇൻഡക്സ് കേസ്) ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
നിപ വൈറസ്: ലക്ഷണങ്ങൾ എന്തൊക്കെയാണ്, എത്രത്തോളം അപകടകരമാണ്?
എൻഐവി അണുബാധ മിതമായതോ ഗുരുതരമായതോ ആയ രോഗത്തിന് കാരണമാകും. ഗുരുതരമായ അവസ്ഥയിൽ തലച്ചോറിൽ ഒരു വലിയ വീക്കമുണ്ടാവും (എൻസെഫലൈറ്റിസ്). അത് മരണത്തിലേക്ക് നയിച്ചേക്കാം.
വൈറസ് ബാധിച്ച് നാല് ദിവസം മുതൽ രണ്ടാഴ്ച വരെയുള്ള ഏത് സമയത്തും അണുബാധയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ചുമ, തൊണ്ടവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളോടൊപ്പം മൂന്ന് ദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്ന പനിയും തലവേദനയും രോഗികളിൽ സാധാരണയായി റിപ്പോർട്ട് ചെയ്യുന്നു.
രോഗം എൻസെഫലൈറ്റിസിലേക്ക് പുരോഗമിക്കുകയാണെങ്കിൽ, രോഗിക്ക് മയക്കം, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി എന്നിവ അനുഭവപ്പെടാം, അത് 1-2 ദിവസത്തിനുള്ളിൽ വളരെ വേഗത്തിൽ കോമയിലേക്ക് മാറും.
Read More: ഭീതിയായി വീണ്ടും നിപ; മൂന്നുവർഷം മുൻപത്തെ ഓർമയിൽ ഒരുനാട്
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് 40 ശതമാനം മുതൽ 75 ശതമാനം വരെ കേസുകൾ മരണത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുന്നു. എന്നിരുന്നാലും, 2018 ൽ കോഴിക്കോട് പൊട്ടിപ്പുറപ്പെട്ട മരണനിരക്ക് 90 ശതമാനത്തിലധികമായിരുന്നു.
രോഗത്തെ അതിജീവിച്ചവർ ദീർഘകാല പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയിൽ തുടർച്ചയായ മലബന്ധവും ചില സന്ദർഭങ്ങളിൽ വ്യക്തിത്വത്തിലെ മാറ്റങ്ങളും ഉൾപ്പെടുന്നു.
എൻഎവിയുടെ 'നിഷ്‌ക്രിയ' അല്ലെങ്കിൽ 'ഒളിഞ്ഞിരിക്കുന്ന' അണുബാധകളുടെ ചില കേസുകളിൽ വൈറസ് ബാധിച്ച് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ ശേഷവും രോഗലക്ഷണങ്ങൾ ഉണ്ടാകുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നൽകുന്ന വിവരങ്ങളിൽ പറയുന്നു.
മുൻ വർഷങ്ങളിലെ കേരളത്തിലെ നിപ്പ ബാധകൾ
2018 ൽ ഇത്രയും ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് മുൻകാല അനുഭവം ഉണ്ടായിരുന്നില്ല. തെക്കൻ-സഹാറൻ ആഫ്രിക്കയിൽ പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന എബോള വൈറസ് രോഗം (ഇവിഡി) കൈകാര്യം ചെയ്തിരുന്നതിന് പിന്തുടർന്ന പ്രോട്ടോക്കോൾ ആണ് അന്ന് സംസ്ഥാനം പിന്തുടർന്നത്.
അതനുസരിച്ച്, രോഗബാധിതരുടെ സമ്പർക്കങ്ങൾ കണ്ടെത്തുന്നതിനുള്ള തന്ത്രം സംസ്ഥാനം സ്വീകരിച്ചു. സമ്പർക്കത്തിൽ വന്നവരെ 21 ദിവസത്തേക്ക് റൂം ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു. പ്രാഥമിക സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയ ശേഷം അവരുടെ റൂട്ട് മാപ്പുകൾ വഴി ദ്വിതീയ സമ്പർക്കത്തിലുള്ളവരുടെ വിവരം ശേഖരിച്ചു.
2018 ജൂണിൽ ഒരു സമയത്ത് മൂവായിരത്തോളം പേർ കോഴിക്കോട് മലപ്പുറം ജില്ലകളിലായി ക്വാറന്റൈനിലായിരുന്നു. നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ബന്ധുക്കളടക്കമുള്ള വ്യക്തികളെ തിരിച്ചറിയാൻ ആരോഗ്യ വകുപ്പ് ജീവനക്കാർ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു.
നിപ രോഗം സംശയിക്കുന്ന വ്യക്തികളെയും അന്ന് നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തിയിരുന്ന എല്ലാ വ്യക്തികളും നിരീക്ഷണത്തിലാക്കിയിരുന്നു. വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് ഒരു കൺട്രോൾ റൂം തുറക്കുകയും ചെയ്തിരുന്നു.
ഐസൊലേഷനിലേക്ക് മാറ്റിയവർക്ക് ആരോഗ്യ പ്രവർത്തകർ മാനസിക പിന്തുണയും കൗൺസിലിംഗും നൽകുകയും ചെയ്തിരുന്നു.
പിന്നീട് 2019 ൽ തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്തപ്പോൾ, ആരോഗ്യവകുപ്പിന് മുൻവർഷത്തെ പ്രോട്ടോക്കോൾ പിന്തുടരാൻ സാധിച്ചു. 2019 ൽ എറണാകുളം ജില്ലയിൽ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
2020 ൽ സംസ്ഥാനത്ത് ഒരു നിപ കേസും റിപ്പോർട്ട് ചെയ്തില്ല, പക്ഷേ നിപ പ്രോട്ടോക്കോൾ പുതുക്കിയിരുന്നു.
സംസ്ഥാന സർക്കാർ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും
2018ൽ ഏതാനും രോഗബാധിതർ മരണപ്പെട്ട ശേഷമാണ് രോഗബാധ സ്ഥിരീകരിക്കാനായത്. 2021 ലെ സ്ഥിതി വളരെ വ്യത്യസ്തമാണ്.
നിലവിൽ സംസ്ഥാനത്ത് തുടരുന്ന കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ, 2018ലെ ആദ്യ നിപ ബാധയുടെ സമയത്തെ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് പഠിച്ച പാഠങ്ങൾ സർക്കാരിന് ഇത്തവണ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ സഹായകമാണ്.
Read More: വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു: കെ.കെ. ശൈലജ
ഇത്തവണ പന്ത്രണ്ടുകാരൻ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അന്തിമ സ്ഥിരീകരണം വന്നതിനാൽ, അണുബാധ നേരത്തെ തന്നെ കണ്ടെത്തിയെന്ന് പറയാനാവും. മരിച്ച ആൺകുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്നും ഇത്തവണ നിപ രോഗബാധയുണ്ടായ ആദ്യ വ്യക്തി (ഇൻഡക്സ് കേസ്) ഈ കുട്ടിയാണോ എന്നും ഇനി തിരിച്ചറിയേണ്ടതുണ്ട്.
2018-ൽ, ഇൻഡെക്സ് കേസ് ആയ 27 വയസ്സുകാരന് പേരാമ്പ്രയ്ക്കടുത്തുള്ള ചങ്ങരോത്ത് ഗ്രാമത്തിൽ പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം ബാധിച്ചത്. ഇത്തവണ, റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് ചങ്ങരോത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ ചാത്തമംഗലം പഞ്ചായത്തിലാണ്.
2018 -ൽ, 'പിപിഇ കിറ്റ്', 'ഐസൊലേഷൻ', 'കോൺടാക്റ്റ് ട്രെയ്‌സിംഗ്', 'ക്വാറന്റൈൻ' എന്നീ വാക്കുകൾ സമൂഹത്തിന് പുതിയതായിരുന്നു. ആശുപത്രികളിൽ, അണുബാധ നിയന്ത്രണ സംവിധാനം നിലവിലില്ലാതത്തതോ അല്ലെങ്കിൽ കുറഞ്ഞ നിലവാരത്തിലുള്ളതോ ആയ സാഹചര്യമുണ്ടായിരുന്നു.
ഇപ്പോൾ, വ്യാപകമായ കോവിഡ് ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം ആരോഗ്യ പ്രവർത്തകർ സാധാരണയായി പിപിഇ കിറ്റുകൾ, കയ്യുറകൾ, മാസ്കുകൾ എന്നിവ ധരിക്കുന്നുണ്ട്. സംസ്ഥാനത്തെ കോവിഡ് വ്യാപനം കൈകാര്യം ചെയ്തതിലൂടെ വലിയ പാഠങ്ങൾ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മാസ്ക് ധരിക്കുന്ന ശീലം പൊതുജനങ്ങൾ ഉയർന്ന അളവിലുള്ള പാലിക്കുന്നുണ്ട്. നിവ ബാധിച്ച ഒരു വ്യക്തിയുമായോ ആ വ്യക്തിയുടെ ശാരീരിക ശ്രവങ്ങളുമായോ ഉള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് നിപാ മനുഷ്യരിലേക്ക് പടരുന്നത്.
2018 -ൽ, വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗവും ആദ്യ രോഗബാാധിതനെ പ്രവേശിപ്പിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലോ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലോ വച്ച് രോഗബാധിതരായവരാണ്.
ആശുപത്രികളിൽ രോഗബാധിതരായ വ്യക്തികളുടെ ശ്രവങ്ങളുമായി സമ്പർക്കത്തിൽ വന്നചായി രോഗം പിന്നീട് പകർന്നവർ പറഞ്ഞിരുന്നു. വാസ്തവത്തിൽ, പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആദ്യത്തെ രോഗബാധിതനെ പരിപാലിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ച ഹെൽത്ത് നഴ്സ് ലിനിയ്ക്ക് പിപിഇ കിറ്റോ മാസ്ക്കോ ഉണ്ടായിരുന്നില്ല.
എന്തൊക്കെ നിയന്ത്രണ തന്ത്രങ്ങളാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്?
രോഗം ബാധിച്ച് മരിച്ച കുട്ടി താമസിച്ചിരുന്ന ചാത്തമംഗലം പഞ്ചായത്തിനെ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ ഭരണരകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളും കണ്ടയിൻ മെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടുള്ള സഞ്ചാരം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കുട്ടിയുടെ ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ബാരിക്കേഡുകളും ചെക്ക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.