കൊച്ചി: കോവിഡ് മഹാമാരിക്ക് മുന്‍പ് കേരള ജനത വിറങ്ങലിച്ചു നിന്നത് നിപ വൈറസ് ആദ്യമായി കോഴിക്കോട് സ്ഥിരീകരിച്ചപ്പോഴായിരുന്നു. കോവിഡ് വ്യാപനം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത്, മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പന്ത്രണ്ടു വയസുകാരന്റെ ജീവനെടുത്ത് ഒരു നാടിനെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ് നിപ.
2018 മേയിലാണ് പേരാമ്പ്രയിലെ ജനങ്ങളുടെ സ്വഭാവിക ജീവതത്തെ ഉലച്ച നിപയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് ആ നാട് സ്തംഭിക്കുന്നതാണ് കണ്ടത്. ആളൊഴിഞ്ഞ കവലകളും ബസുകളും പതിവ് കാഴ്ചയായി. പേരാമ്പ്ര ഒറ്റപ്പെടുകയായിരുന്നു. കോവിഡിനു മുന്‍പ് തന്നെ ലോക്ക്ഡൗണ്‍ അറിഞ്ഞ പ്രദേശം.
മേയ് അഞ്ചാം തിയതി മരിച്ച സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്ത് ആയിരുന്നു കൊലയാളി വൈറസിന്റെ ആദ്യ ഇര. സാബിത്തിന്റെ മൂത്ത സഹോദരനായ സാലിഹ്, പിതാവിന്റെ സഹോദരിയായ മറിയം, പിതാവ് മൂസ എന്നിവര്‍ ഇതേ ലക്ഷണങ്ങളോടെ രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിനു കീഴടങ്ങി.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സാലിഹിനെ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴാണ് നിപ വൈറസിനെക്കുറിച്ചുള്ള സംശയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നത്. പിന്നീട് കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലേക്കും രോഗം പടര്‍ന്നു. 17 പേരുടെ ജീവനാണ് വൈറസ് അപഹരിച്ചത്. കൂടുതൽ പേർക്കും രോഗം പിടിപെട്ടത് കോഴിക്കോട് മെഡിക്കൽ കോളേജില്‍ നിന്നായിരുന്നു.
നിപ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് പിടിപെട്ടു മരിച്ച സിസ്റ്റർ ലിനി പ്രതിരോധ പോരാട്ടത്തിലെ നൊമ്പരക്കാഴ്ചയായി. പേരാമ്പ്ര ഗവ. ആശുപത്രിയിലെ നഴ്സ് ആയിരുന്നു ലിനി. മരണസംഖ്യ ഭയപ്പെടുത്തിയെങ്കിലും അതിജീവനത്തിലൂടെ പ്രതീക്ഷ നല്കിയ രണ്ടു പേരും സംസ്ഥാനത്തുണ്ടായിരുന്നു. മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷും കോഴിക്കോട്ടുകാരി അജന്യയും. 2019ൽ കൊച്ചിയിലും നിപ സ്ഥിരീകരിച്ചെങ്കിലും വളരെ വേഗം നിയന്ത്രണവിധേയമായിരുന്നു.