കോഴിക്കോട്: നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും കണ്ടെയ്ൻമെന്റ് സോൺ ആയി കലക്ടർ പ്രഖ്യാപിച്ചു. മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
ആദ്യഘട്ടത്തിൽ പാഴൂര്‍, നായര്‍ക്കുഴി, കൂളിമാട്, പുതിയടം എന്നീ വാര്‍ഡുകളാണു പൂര്‍ണമായും അടച്ചിരുന്നത്. കോഴിക്കോടിനു പുറമെ കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിച്ച പന്ത്രണ്ടുകാരനുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് രോഗലക്ഷണമുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉന്നതതല യോഗത്തില്‍ അറിയിച്ചു. സമ്പര്‍ക്ക പട്ടികയില്‍ 188 പേരാണുള്ളത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 20 പേരുമുണ്ട്. നിപ പോസിറ്റീവ് ആകുന്നവരെ മെഡിക്കൽ കോളേജിലെ പേ വാർഡിലേക്ക് മാറ്റും.
https://twitter.com/IndianExpress/status/1434379352272039937
നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മരിച്ചത്. കുട്ടിക്ക് നിപ സ്ഥിരീകരിച്ചുകൊണ്ടു ശനിയാഴ്ച രാത്രി വൈകിയാണ് പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളുകളും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ സംസ്കരിച്ചു. ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും മേൽനോട്ടത്തിലായിരുന്നു ഖബറടക്കം. സംസ്കാരം നടക്കുന്നതിന്റെ നൂറ് മീറ്റർ ചുറ്റളവിൽ ആരെയും പൊലീസ് കടത്തി വിട്ടില്ല. 2018 ൽ നിപ വൈറസ് രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെ സംസ്കരിച്ചിരുന്നു.
Also Read: കോഴിക്കോട്ട് ചികിത്സയില്‍ കഴിഞ്ഞ പന്ത്രണ്ടുകാരന് മരിച്ചു; നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
അതേസമയം, നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. “അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്. നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്,” മന്ത്രി നിർദേശിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞെന്നും ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് ലിമിറ്റഡില്‍ നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പിപിഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്കാന് ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.
ജില്ലയില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.