/indian-express-malayalam/media/media_files/Y4jFiKosOxnYQPqSQS99.jpg)
ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍, ജനസംഖ്യയുടെ 15 ശതമാനം ആളുകളില്‍ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലായി മൈഗ്രെയ്ന്‍ അനുഭവപ്പെട്ടതായി പഠനങ്ങള്‍ പറയുന്നു
മൈഗ്രേൻ ഉള്ളവർക്ക് അറിയം എത്രത്തോളം ദുഷ്കരമായ അവസ്ഥയാണതെന്ന്, തല പൊട്ടിപ്പിളരുന്നത് പോലെയാണ് വേദന നമുക്ക് അനുഭവപ്പെടുക. തണുത്ത് മരവിക്കുന്നത് പോലെ കണ്ണുകളുടെ പിറകിലേക്കും വശങ്ങളിലേക്കും വേദന വ്യാപിക്കുന്നു. ചർദ്ദിക്കാനുള്ള തോന്നൽ ഉണ്ടാകുന്നു, വെളിച്ചവും ശബ്ദവും അരോചകമാവുന്നു.
ഉറക്കം പോലും നഷ്ടപ്പെടുന്ന രീതിയിൽ കഠിനമാണ് ഈ തലവേദന. ചുരുക്കം ചില ആളുകൾക്ക് മാത്രമേ ഉറക്കം പോലും ഈ അവസ്ഥയിൽ ലഭിക്കൂ. ഇത് സാധാരണ തലവേദനയെ പോലെയാവില്ല, മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നിൽക്കാം. മൈഗ്രേൻ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ അവരുടെ ഓരോ മാസത്തെയും പകുതിയോളം ദിവസങ്ങൾ രോഗാവസ്ഥയിലാണ് കഴിയുന്നത്.
രണ്ടിൽ ഒരാൾ എന്ന നിലയിൽ ആളുകൾ തലവേദന അനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍, ജനസംഖ്യയുടെ 15 ശതമാനം ആളുകളില്‍ ജീവിതത്തിന്റെ പല കാലഘട്ടങ്ങളില്‍ ആയി മൈഗ്രെയ്ന്‍ അനുഭവപ്പെട്ടതായി പഠനങ്ങള്‍ പറയുന്നു.
മൈഗ്രൈന്റെ പ്രവര്‍ത്തനരീതികളെ കൃത്യമായി നിർവ്വചിക്കാൻ ആവില്ലെങ്കിലും ഇതിനെയൊരു ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡര്‍ ആയാണ് മെഡിക്കല്‍ ലോകം വീക്ഷിക്കുന്നത്. സെറിബ്രല്‍ കോര്‍ട്ടെക്‌സിന്റെ വര്‍ധിച്ച ഉത്തേജനവും അതോടൊപ്പം തന്നെ പെയ്ന്‍ ന്യൂറോണുകളുടെ അസാധാരണ നിയന്ത്രണവുമാണ് മേല്‍പ്പറഞ്ഞ ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡറിന് കാരണമായി ഭവിക്കുന്നത്.
മൈഗ്രെയ്ൻ ഇല്ലാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, മൈഗ്രേനുള്ളവർ പരിസ്ഥിതിയിലെ ചെറിയ മാറ്റങ്ങളോട് പോലും വലിയ രീതിയിൽ പ്രതികരിക്കാനുള്ള സാധ്യതയുണ്ട്. ഇത് തലവേദന കൂടുതൽ ഗുരുതരമാകാൻ കാരണമാകും. തലച്ചോറിനെ സംരക്ഷിക്കുന്ന മെനിഞ്ചുകളിലെ, സെൻസറി ന്യൂറോണുകളിൽ അസാധാരണമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നതാണ് മൈഗ്രെയ്ൻ ആക്രമണങ്ങൾക്ക് കാരണം എന്ന് കരുതപ്പെടുന്നു.
സെൻസിറ്റൈസ് ചെയ്യുമ്പോൾ, ഈ ന്യൂറോണുകൾ തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നു, ഇത് തലവേദന, ഫോട്ടോഫോബിയ, മറ്റ് മൈഗ്രെയ്ൻ ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഈ ന്യൂറോണുകൾ രക്തക്കുഴലുകളോട് അടുത്താണ്, അതുകൊണ്ടാണ് നിങ്ങളുടെ ഹൃദയമിടിപ്പിനൊപ്പം തലവേദനയും അനുഭവപ്പെടുന്നത്.
യുഎസിലെ മിസോറി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൈഗ്രെയ്ൻ ഗവേഷകനായ പോൾ ഡർഹാമിന്റെ അഭിപ്രായത്തിൽ, മൈഗ്രെയ്ൻ പ്രാധാനമായും തലച്ചോറിനെ ബാധിക്കുന്നരോഗമാണ്, എന്നാൽ ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. "രോഗപ്രതിരോധം, ദഹനം, ഹൃദയധമനികൾ എന്നിവ മൈഗ്രേനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വേദനസംഹാരികൾ ഉപയോഗിച്ച് മൈഗ്രേനിന്റെ ഒരു വശം മാത്രമേ നിങ്ങൾ ചികിത്സിക്കാനുദ്ദേശിക്കുന്നുള്ളൂവെങ്കിൽ, അത് ഒരിക്കലും ഒരു പൂർണ്ണമായ പരിഹാരമല്ല," അദ്ദേഹം പറഞ്ഞു.
What triggers migraine?- എന്താണ് മൈഗ്രെയ്നെ ട്രിഗർ ചെയ്യുന്നത്?
വ്യക്തികളെ മൈഗ്രെയ്നിലേക്ക് നയിക്കുന്ന ചില ട്രിഗർ പോയിന്റുകൾ ഉണ്ട്. ഓരോ വ്യക്തികളിലും ഈ കാരണങ്ങൾ വ്യത്യസ്തമായിരിക്കും. തെളിച്ചമുള്ള ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദങ്ങളും, പെർഫ്യൂം, പുക, അല്ലെങ്കിൽ ചില മണമുള്ള ഭക്ഷണങ്ങൾ, തുളച്ചു കയറുന്ന മണം, ഉറക്കക്കുറവോ മോശം നിലവാരമുള്ള ഉറക്കമോ, ജെറ്റ് ലാഗ്, വിശപ്പ് അല്ലെങ്കിൽ നിർജ്ജലീകരണം, വളരെയധികം കഫീൻ കഴിക്കുന്നത്, മദ്യം (പ്രത്യേകിച്ച് റെഡ് വൈൻ), ആർത്തവത്തിന് മുമ്പോ ആർത്തവ സമയത്തോ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങൾ, ഗർഭധാരണം അല്ലെങ്കിൽ ആർത്തവവിരാമം തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങൾ, ചില ഭക്ഷണങ്ങളും ഭക്ഷണക്രമവും, പ്രത്യേകിച്ച് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണവും കഴിക്കുന്നത്, സമ്മർദ്ദം എന്നിങ്ങനെ പോവുന്നു മൈഗ്രെയ്നു കാരണമാവുന്ന ഘടകങ്ങൾ. ഇതിൽ സമ്മർദ്ദമാണ് ഏറ്റവും പ്രധാന ഘടകമെന്ന് ഡർഹാം പറഞ്ഞു: “ഈ ഘടകങ്ങൾ മൈഗ്രെയ്ൻ ട്രിഗറുകൾക്ക് കൂടുതൽ സാധ്യതയുള്ള ഒരു ഹൈപ്പർ എക്സൈറ്റബിൾ നാഡീവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. ആധുനിക സമൂഹത്തിൽ സമ്മർദ്ദം ഒരു പ്രധാന ഘടകമാണ്, ”അദ്ദേഹം പറഞ്ഞു.
മാനസിക സംഘർഷം ഒരു പ്രധാന കാരണമാണ്. മൈഗ്രേന്റെ മറ്റൊരു പേരു തന്നെ 'ടെൻഷൻ വാസ്കുലാർ ഹെഡ്‌എയ്ക്ക്ർ' എന്നാണ്. തിയേറ്റർ, സ്പീക്കറുകൾ, മെഷീനുകൾ പ്രവർത്തിക്കുന്ന ശബ്ദം എന്നിങ്ങനെയുള്ള ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കേണ്ടി വരുമ്പോൾ മൈഗ്രെയ്ൻ വരാം. ഉറക്കക്കൂടുതൽ, ഉറക്കമില്ലായ്മ, തടസപ്പെട്ടുള്ള ഉറക്കം, വേണ്ടത്ര ഉറക്കം കിട്ടാതിരിക്കുക എന്നീ സാഹചര്യങ്ങളിലും മൈഗ്രെയ്ൻ വരാം. അമിതമായി വെയിൽ കൊള്ളുക, കാലാവസ്ഥയിലെ മാറ്റം സഹിക്കാനാകാതെ വരിക എന്നിവയും മൈഗ്രെയ്ൻ ഉണ്ടാക്കും .
പൂക്കളുടെയോ പെർഫ്യൂമിന്റെയോ ചന്ദനത്തിരിയുടെയോ മറ്റോ ഗന്ധം ചിലർക്ക് രോഗകാരണമാകാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും ചായയോ കാപ്പിയോ കുടിച്ചു ശീലിച്ചവർക്ക് അത് സമയത്ത് കിട്ടാതിരിക്കുമ്പോഴും മൈഗ്രെയ്ൻ ഉണ്ടാകാം. ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുക, മൊബൈൽ ഫോൺ നോക്കുക, സിനിമ കാണുക തുടങ്ങിയവയും കാരണമായി മാറാം. ആർത്തവമടുക്കുമ്പോഴും ആർത്തവസമയത്തും ചിലർക്ക് കടുത്ത തലവേദയുണ്ടാകാം. ഹോർമോണുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗർഭനിരോധന ഗുളികകൾ, ആർത്തവം വൈകിപ്പിക്കാൻ കഴിക്കുന്ന ഗുളികകൾ കഴിക്കുന്നവരിലും മൈഗ്രെയ്ൻ കാണാറുണ്ട്. ചില ആഹാര സാധനങ്ങൾ കഴിച്ചു കഴിഞ്ഞാലുടനെ മൈഗ്രെയ്ൻ വരാറുണ്ട്. ഉദാഹരണത്തിന് മദ്യം, ചോക്ലേറ്റ്, ഐസ് ക്രീം തുടങ്ങിയവ പ്രധാന ഘടകങ്ങളാണന്ന് പോൾ ഡർഹാ പറഞ്ഞു. ആധുനിക സമൂഹത്തിൽ സ്ട്രസ്സ് ഒരു പ്രധാന ഘടകമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
മൈഗ്രെയിൻ എങ്ങന നേരിടാം?
മൈഗ്രെയ്നിന്റെ തീവ്രത കുറക്കാൻ സഹായിക്കുന്ന നിരവധി മാർഗങ്ങളുണ്ട്.
വെള്ളം ധാരാളമായി കുടിക്കുന്നതും നെറ്റിയിൽ ഐസ്‌പാക്ക് വയ്ക്കുന്നതും സഹായകരമാണ്. ചുറ്റുവട്ടത്തു നിന്നുള്ള ശബ്ദങ്ങളും സമ്മർദ്ദവും കുറയ്ക്കാൻ ശാന്തവും ഇരുണ്ടതുമായ മുറിയിൽ വിശ്രമിക്കുന്നതും സഹായകരമാവും.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പല രോഗികൾക്കും ആശ്വാസം പകരുന്നുണ്ട്. ഇത് രോഗത്തെ ചികിത്സിക്കുന്നില്ല , പക്ഷേ വേദനയെ നേരിടാനും മൈഗ്രെയ്ൻ ട്രിഗറുകൾ മനസ്സിലാക്കാനും സഹായിക്കുന്നു.
പരിപൂർണ്ണ ശ്രദ്ധ, മൈഗ്രെയ്ന്‍ കുറക്കുമെന്ന അവകാശവാദങ്ങളുണ്ട്. പതിയെ ഇത് ശക്തമായ സ്വാധീനം ഉണ്ടാക്കുമെന്നും ചെറിയ തെളിവുകൾ പഠനത്തിലൂടെ കണ്ടെത്തുന്നുണ്ട്.
എങ്ങനെയാണ് മൈഗ്രെയ്ൻ ചികിത്സിക്കുന്നത്?
ക്ലിനിക്കലി ഏറ്റവും വിജയിച്ച മൈഗ്രെയ്ൻ മരുന്നുകളിൽ ചിലത് ഇതാ:
മൈഗ്രെയ്ൻ ലക്ഷണങ്ങൾ വികസിപ്പിക്കുന്നതിൽ കാൽസിറ്റോണിൻ ജീനുമായി ബന്ധപ്പെട്ട പെപ്റ്റൈഡ് (സിജിആർപി) ഒരു പ്രധാന പങ്ക് വഹിക്കുന്നു, മെനിഞ്ചുകളിലെ ന്യൂറോണുകളെ സെൻസിറ്റൈസ് ചെയ്യുന്നു. സിജിആർപി മോണോക്ലോണൽ ആന്റിബോഡികൾ CGRP എന്ന പ്രോട്ടീനിന്റെ പ്രവർത്തനത്തെ തടയുന്നു.
ട്രിപ്റ്റാൻസ്: ഇത് ശരീരത്തിലെ ചിലതരം സെറോടോണിൻ റിസപ്റ്ററുകളുമായി ബന്ധിപ്പിച്ച്, വേദന ഒഴിവാക്കുന്ന മരുന്നുകളുടെ ഗണത്തിൽ വരും. പാരസെറ്റമോൾ, ആസ്പിരിൻ പോലുള്ള വേദനസംഹാരികൾ തലവേദന കുറയ്ക്കാൻ ഫലപ്രദമാണ്, എന്നാൽ വിട്ടുമാറാത്ത മൈഗ്രെയ്ൻ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കില്ല.
മൈഗ്രെയ്ൻ ചികിത്സയായി CGRP ആന്റിബോഡികളും ട്രിപ്‌റ്റാനും ഫലപ്രദമാണ്. മരുന്ന് കഴിച്ചശേഷം രോഗികൾക്ക് രോഗം നല്ലരീതിയിൽ കുറയുന്നതായി കാണാം. എന്നാൽ, മരുന്നുകൾ എല്ലാ രോഗികളിലും പ്രവർത്തിക്കില്ല.
മറ്റൊരു പ്രശ്നം, ചികിത്സകൾ വേദന കുറയ്ക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഓക്കാനം, വെളിച്ചത്തോടുള്ള സെൻസിറ്റിവിറ്റി, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങൾ നിലനിൽക്കുന്നു.
മൈഗ്രെയ്ൻ ചികിത്സാരംഗത്തെ പോരായ്മകൾ പരിഹരിക്കാൻ ഗവേഷകർ കഠിനമായി പ്രയത്നിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടക്കുന്നുമുണ്ട്.
ന്യൂറോമോഡുലേഷൻ ഉപകരണങ്ങൾ: ഇ-ടിഎൻഎസ് (എക്സ്റ്റേണൽ ട്രൈജമിനൽ നെർവ് സ്റ്റിമ്യുലേഷൻ) മുഖത്തെ ഞരമ്പുകൾക്ക് കുറഞ്ഞ വൈദ്യുത ഉത്തേജനം നൽകുന്ന ഒരു ചികിത്സയാണിത് . മൈഗ്രെയ്ൻ ചികിത്സിക്കുന്നതിൽ പരീക്ഷണങ്ങൾ ക്ലിനിക്കൽ വിജയം നേടിയിട്ടുണ്ട്, എന്നാൽ രോഗികളിലെ ഉപയോഗത്തിന് ഇതുവരെ അംഗീകരം ലഭിച്ചിട്ടില്ല.
ഓക്സിടോസിൻ ഹോർമോണൽ നേസൽ സ്പ്രേകൾ സ്ത്രീകളിൽ, മൈഗ്രെയ്ൻ കുറയ്ക്കുന്നതിന് ഫലപ്രദവും സുരക്ഷിതവുമാണ്.
പോൾ ഡർഹാമിന്റെ ഗവേഷണം അനുസരിച്ച്, മുന്തിരി വിത്തിന്റെ സത്ത്, കൊക്കോ, ചിക്കൻ സൂപ്പ് എന്നിവ ചില ആളുകളിൽ മൈഗ്രെയ്ൻ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
ഈ ചികിത്സ രീതികളോന്നും തന്നെ രോഗികളിൽ ഇതുവരെ പ്രയോഗിച്ച് തുടങ്ങിയിട്ടില്ല, കാരണം മതിയായ പരീക്ഷണങ്ങൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. എന്നിരുന്നാലും ക്ലിനിക്കൽ ടെസ്റ്റിലെ വിജയങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്.
Check out More Health Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us