/indian-express-malayalam/media/media_files/0hhIWm3qtERRTSE6oQge.jpg)
പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുക . നിങ്ങൾ പുതിയതായി ഒരു കാര്യം പഠിയ്ക്കുന്നത് തലച്ചോറിന് നൽകുന്ന വ്യായാമം കൂടിയാണ്
"എത്ര ശതമാനം ആളുകളുണ്ടെന്ന് എനിക്കറിയില്ല, എന്തിരുന്നാലും എന്റെ അടുത്ത് വന്നിട്ടുള്ള ആളുകളിൽ ഏറെയും വാർദ്ധക്യത്തെ കുറിച്ചുള്ള ഭയം കൊണ്ട് വലയുന്നവരാണ്," അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് സുധീർ കുമാർ പറയുന്നു . ഡോ സുധീറിന്റെ അഭിപ്രായത്തിൽ വാർദ്ധക്യം ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്.
ബാഹ്യരൂപത്തെ കുറിച്ചുള്ള ആശങ്ക
മുടി നരയ്ക്കുന്നതിൽ അസ്വസ്ഥത അനുഭവിക്കുന്ന ആളുകളുണ്ട്. അതു കൊണ്ടാണ് ആളുകൾ മുടി കറുപ്പിയ്ക്കുന്നത് സാധാരണമാകുന്നത്. പുരുഷൻമാരിൽ കഷണ്ടി അസ്വസ്ഥത ഉണ്ടാക്കുന്നത് കൊണ്ടാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ പോലുള്ള ചികിത്സകൾ പ്രചാരം നേടിയത്. ചുളിവുകൾ നീക്കാനുള്ള ബോട്ടോക്സും ഇപ്പോൾ സാധാരണമായി.
വാർദ്ധക്യ സഹജമായ രോഗങ്ങൾ വർദ്ധിയ്ക്കുന്നത്
വാർദ്ധക്യം നിരവധി ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഓസ്ടിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ മുട്ടുവേദനയും ബലഹീനതയും ഉണ്ടാക്കുന്നു. പ്രായമാകൽ ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ, ഡിമെൻഷ്യ എന്നിവ ഉണ്ടാക്കുന്നതിനുള്ള സാധ്യതകളും വർദ്ധിപ്പിയ്ക്കുന്നു.
സാമ്പത്തികമായ ഭദ്രതയില്ലായ്മ
പ്രായം കൂടുമ്പോൾ ആളുകൾ ജോലി ചെയ്യുന്നതും സമ്പാദിയ്ക്കുന്നതും നിർത്തും. സേവിംഗ്സ് അപര്യാപ്തവും മക്കളുടെ ഭാഗത്തു നിന്നുള്ള സഹായവും ഇല്ലെങ്കിൽ സാമ്പത്തി ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ഭദ്രതയില്ലായ്മ പിരിമുറക്കം ഉണ്ടാക്കുന്നു.
ഒറ്റപ്പെടൽ
ഒറ്റപ്പെടൽ കൂടുതലാവുന്ന ഒരു അവസ്ഥയാണ് വാർദ്ധക്യം. മക്കൾ പഠിയ്ക്കാൻ വീട് വിട്ടു പോകുകയും , വിവാഹം കഴിഞ്ഞ് മറ്റൊരിടത്ത് താമസമാക്കുകയും ചെയ്യുന്നു . പങ്കാളികളിൽ ആരെങ്കിലും മരിയ്ക്കുന്നതും ഒറ്റപ്പെടലിന് കാരണമാകും . പ്രായമായ ആളുകൾക്ക് പൊതുവേ സുഹൃത്തുക്കളും കുറവായിരിക്കും.
മരണഭയം
മരണത്തോട് ഏറ്റവുമടുത്ത കാലമാണ് വാർദ്ധക്യം. ഭൂരിഭാഗം ആളുകളും മരണമെന്ന സത്യത്തെ അംഗീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നില്ല . മരണത്തെക്കുറിച്ച് കേൾക്കുമ്പോൾ അടുത്തത് താൻ ആണെന്ന പേടി അവരുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നുവെന്ന് ഹാബിൽഡിന്റെ സിഇഒ സൗരവ് ബോത്ര പറയുന്നു
ഒരു സമൂഹമെന്ന നിലയിൽ, നമ്മൾ യുവാക്കൾക്ക് വളരെയധികം ഊന്നൽ നൽകുന്നു, ഇതും ആളുകളിൽ വാർദ്ധക്യത്തെ കുറിച്ച് ഭയം ജനിപ്പിക്കുന്നു. “എല്ലാ പോസ്റ്ററുകളും പരസ്യങ്ങളും യൗവ്വനം തുളുമ്പുന്ന ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, ചെറുപ്പമായി തോന്നിപ്പിക്കുകയോ ചെറുപ്പമായി തുടരാൻ സഹായിക്കുകയോ ചെയ്യുന്ന പ്രൊഡക്റ്റുകൾ വിൽക്കാൻ പരസ്യങ്ങൾ ശ്രമിക്കുന്നു. ഇതും പ്രായമാകലിനെ കുറിച്ചുള്ള അനാവശ്യ ഭയങ്ങൾ നമ്മളിൽ നിറയ്ക്കും." സൗരവ് വിശദീകരിക്കുന്നു.
മനസ്സിലാക്കേണ്ടതെന്ത്?
ഈ ഭയത്തെ മറികടക്കാൻ മാർഗമുണ്ടെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയില്ല. കേക്കിലെ മെഴുകുതിരികളുടെ എണ്ണം നമുക്ക് എത്ര വയസ്സായി എന്ന് നിർവചിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നത് പോലെ ലളിതമാണിത്. " ഒരാൾക്ക് രണ്ട് വ്യത്യസ്ത പ്രായങ്ങൾ ഉണ്ടാകാം- ഒന്ന്, ഒരു വ്യക്തി അവരുടെ ജനനം മുതൽ എത്ര വർഷങ്ങളായി ജീവിച്ചിരിക്കുന്നു എന്നത്. മറ്റേത് നിങ്ങളുടെ ശരീരം എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്ന ജൈവശാസ്ത്രപരമായ പ്രായം."
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നമുക്ക് ജീവശാസ്ത്രപരമായ പ്രായത്തെ സ്വാധീനിക്കാൻ കഴിയുമെന്നതാണ് നല്ല വാർത്ത.
പോഷകസമ്പന്നമായ ആരോഗ്യരീതി പിൻതുടരുന്നതും നിത്യേന വ്യായാമം ചെയ്യുന്നതും പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ ഒഴിവാക്കുന്നതും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിയ്ക്കുന്നു.
പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുക . നിങ്ങൾ പുതിയതായി ഒരു കാര്യം പഠിയ്ക്കുന്നത് തലച്ചോറിന് നൽകുന്ന വ്യായാമം കൂടിയാണ്. പുതിയ കാര്യങ്ങൾ പഠിയ്ക്കുന്നത് തലച്ചോറിൽ കൂടുതൽ ന്യൂറൽ കണക്ഷൻ ഉണ്ടാക്കുന്നു. “നമ്മുടെ മസ്തിഷ്കം ഒരു പേശി പോലെയാണെന്ന് ചിന്തിക്കുക-വ്യായാമത്തിലൂടെ അത് ശക്തമാകുന്നു! പഠനവും പുതിയ അനുഭവങ്ങളും നിങ്ങളുടെ തലച്ചോറിൽ പുതിയ ന്യൂറൽ കണക്ഷനുകൾ സൃഷ്ടിക്കുന്നു. നമ്മുടെ മസ്തിഷ്കത്തിന് ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ കഴിയും എന്നതാണ് അതിശയകരമായ കാര്യം. നിങ്ങൾ പുതിയ കാര്യങ്ങൾ പഠിക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ അതിന് സ്വയം മാറാനും പുനരുജ്ജീവിപ്പിക്കാനും കഴിയും.” സൗരവ് ബോത്ര പറഞ്ഞു.
ഈ ഭയത്തെയും മാനസികാവസ്ഥയെയും പരിവർത്തനം ചെയ്യുന്നതിനുള്ള മറ്റൊരു മികച്ച വഴി മെഡിറ്റേഷനാണ്. “നിങ്ങൾ ധ്യാനിക്കുമ്പോൾ, ഭാവിയെ കുറിച്ചുള്ള ആകുലതകൾ അകന്നുപോവുകയും സമാധാനപരവും സ്വീകാര്യവുമായ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. പ്രായമാകലിനെ കുറിച്ചുള്ള സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. പിരിമുറുക്കം ഇല്ലാതാക്കിക്കഴിഞ്ഞാൽ നിങ്ങൾ എന്നത്തേക്കാളും ചെറുപ്പമായി കാണപ്പെടും."
വാർദ്ധക്യത്തെ അംഗീകരിക്കാൻ എന്ത് ചെയ്യണം? ഡോ സൗരവ് നിർദ്ദേശിയ്ക്കുന്ന ചില മാർഗങ്ങൾ നോക്കാം
- റിട്ടയർമെന്റിനു ശേഷമുള്ള ജീവിതം ആളുകൾ ആസൂത്രണം ചെയ്യണം. ഒരാൾ തിരക്കിൽ തുടരുകയാണെങ്കിൽ നെഗറ്റിവിറ്റിയെ അകറ്റി നിർത്താം. ഒരു പാർട്ട് ടൈം ജോലി കണ്ടെത്തുകയോ അല്ലെങ്കിൽ സാമൂഹിക പ്രതിബന്ധതയുള്ള കാര്യങ്ങളിലോ ഒക്കെ ആക്റ്റിവായി തുടരാൻ ശ്രമിക്കുകയോ ചെയ്യുക.
- സമാന പ്രായത്തിലുള്ള ആളുകളുമായി സൗഹൃദം സൂക്ഷിയ്ക്കുകയും പൊതുവായ താല്പര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക.
- വാർദ്ധക്യകാലത്തിലേക്കായി സാമ്പത്തിക പ്ലാനിംഗ് ചെയ്തുവയ്ക്കുക. ഇതു ഭാവിയിൽ സമ്മർദ്ദമൊഴിവാക്കാൻ സഹായിക്കും.
- പോഷകങ്ങളും വ്യായാമവും ശരീരത്തെ ആരോഗ്യത്തെ സൂക്ഷിയ്ക്കുന്നു. 40കളിൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധ കൊടുത്തു തുടങ്ങിയാൽ വാർദ്ധക്യ കാലത്തെ ആരോഗ്യപ്രശ്നങ്ങൾ നല്ലൊരളവു വരെ ഒഴിവാക്കാം. നല്ലൊരു ആരോഗ്യ ഇൻഷുറൻസും എടുത്തുവയ്ക്കുക.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനും കൗൺസിലിംഗ് സെഷനുകൾ ആവശ്യമാണ്. "എല്ലാ ജീവജാലങ്ങൾക്കും മരണം അനിവാര്യമാണെന്ന് മനസ്സിലാക്കുക," ഡോ. കുമാർ പറയുന്നു.
Check out More Health News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us