/indian-express-malayalam/media/media_files/2025/02/19/AaQJRxN2oQGrRlPONtrN.jpg)
'ഡങ്കി റൂട്ട്' എന്നാൽ എന്ത്?
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. അമേരിക്കയിലേക്ക് കുടിയേറിയ നിരവധി ഇന്ത്യക്കാരെയാണ് യുഎസ് സൈന്യം നാടുകടത്തുന്നത്. ഇത്തരത്തിൽ അനധികൃതമായി കുടിയേറിയവരിൽ ഭൂരിഭാഗവും അമേരിക്കയിലേക്ക കടന്നത് 'ഡങ്കി റൂട്ട്'വഴിയാണെന്നാണ് പുറത്തുവരുന്ന വിവരം. എന്താണ് 'ഡങ്കി റൂട്ട്'? എന്തുകൊണ്ട് അനധികൃതമായി കുടിയേറുന്നവർ ഈ പാത തിരഞ്ഞെടുക്കുന്നു? പരിശോധിക്കാം.
എന്താണ് 'ഡങ്കി റൂട്ട്'?
യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കുടിയേറുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പഞ്ചാബി വാക്കാണ് ഡങ്കി.
വടക്കൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ മെച്ചപ്പെട്ട ശമ്പളമുള്ള ജോലികൾ തേടി യുഎസ്, കാനഡ, ബ്രിട്ടൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറാനാണ് ഡങ്കി റൂട്ട് തെരഞ്ഞെടുക്കുന്നത്.
അനധികൃതമായി കുടിയേറുന്നവരെ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു മാർഗമാണ് ഡങ്കി റൂട്ട്.ചുരുക്കിപറഞ്ഞാൽ, വിദേശത്ത് എത്താനുള്ള പിൻവാതിൽ രീതിയാണ് ഡങ്കി റൂട്ട്. ഇതിൽ പലായനം ചെയ്യുന്നവർ ഒന്നോ രണ്ടോ രാജ്യങ്ങളിലൂടെയല്ല, പല രാജ്യങ്ങളിലൂടെയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി ശ്രമിക്കുന്നത്.
ഇതിനായി ഒരു രാജ്യത്തിന്റെ വിസ മാത്രമാണ് എടുക്കുന്നത്. ആളുകളെ കാറിന്റെ ഡിക്കിയിലോ സാധനങ്ങൾ കയറ്റുന്ന കപ്പലുകളിലോ ഒളിപ്പിച്ചുമൊക്കെയായിരിക്കും യാത്ര നടത്തുക. ശരിയായ സ്ഥലത്ത് എത്തിയാൽ മാത്രമേ ഇത്തരം മാർഗങ്ങളിലൂടെ എത്തുന്നവർക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളു.
മുൻഗണന കാനഡ അതിർത്തിക്ക്
യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന ഇന്ത്യക്കാർ മെക്സിക്കോയെക്കാൾ കാനഡയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. കനത്ത സുരക്ഷയുള്ള യുഎസ്-മെക്സിക്കോ അതിർത്തി ഒഴിവാക്കി കാനഡയുടെ അതിർത്തി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഡങ്കി റൂട്ടാണ് അനധികൃത കുടിയേറ്റക്കാർ കൂടുതലായി ഉപയോഗിക്കുന്നത്.
കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ, വർദ്ധിച്ച അതിർത്തി പട്രോളിംഗ്, രാജ്യങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കം തുടങ്ങിയ കാരണങ്ങൾ ഇനി ഡങ്കി യാത്രക്ക് സാധിക്കില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ആളുകൾ ഇപ്പോഴും ഈ യാത്ര മാർഗം തെരഞ്ഞെടുക്കുന്നുവെന്ന് വ്യക്തമാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ റിപ്പോർട്ട് പ്രകാരം 2021 ൽ 30,662 ഇന്ത്യക്കാർ അനധികൃതമായി കുടിയേറാൻ ശ്രമിച്ചിരുന്നു.
2023 ൽ യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 96,917 ഇന്ത്യക്കാർ പിടിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ കണക്കിൽപ്പെടാത്തയാളുകൾ ഇനിയുമുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read More
- 'ലാ നിന' പ്രതിഭാസവും തുണച്ചില്ല; ചുട്ടുപൊള്ളി ലോകം...കാരണം ഇതാണ്
- ഗാസ ഏറ്റെടുക്കുമെന്ന് ട്രംപിൻറെ പ്രഖ്യാപനത്തിന് പിന്നിൽ എന്ത്?
- അമേരിക്കയുടെ ഇറക്കുമതി ചുങ്കം ചൈനയെ എങ്ങനെ ബാധിക്കും? ട്രംപിന്റെ ലക്ഷ്യം ആഗോള വ്യാപാര യുദ്ധമോ?
- മഖാന ബോർഡ് എന്തുകൊണ്ട് ബിഹാറിൽ; ബജറ്റ് പ്രഖ്യാപനത്തിലെ വസ്തുകൾ അറിയാം
- കേന്ദ്ര ബജറ്റിലെ ചില അറിയാകാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.