/indian-express-malayalam/media/media_files/uploads/2021/07/india-uae-flight-news-international-flights-dubai-sharjah-abudhabi-523638-1-2.jpeg)
India to Dubai, Sharjah, Abu Dhabi, Air India Express, Emirates, Etihad Flight News: കോവിഡ് രണ്ടാം തരംഗത്തിലെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്തിലധികം രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ മാസത്തിൽ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ളവരിൽ ഗൾഫിലേക്കുള്ള യാത്രാവിലക്ക് ഏറെ തിരിച്ചടിയാകുന്നത് മലയാളികൾക്കാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം മലയാളികളാണ്. ഏകദേശം 20 ലക്ഷത്തോളം പേർ വിവിധ ഗൾഫ് രാജ്യങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഇവരിൽ കൂടുതൽ പേരും ജോലി ചെയ്യുന്നത് സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ്.
നിലവിൽ കോവിഡ് കാലത്ത് അഞ്ച് ലക്ഷത്തോളം പ്രവാസികൾ കേരളത്തിലേക്ക് തിരിച്ചു വന്നിരുന്നു. ഇവരിൽ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഇതു വരെ തിരികെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ സാധിച്ചത്. കോവിഡ് ഒന്നാം തരംഗം ശമിച്ച കാലയളവിലായിരുന്നു ആ മടങ്ങി പോക്ക്. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും ആളുകൾ കൂടുതലായി നാട്ടിലേക്ക് വരാറുള്ള അവധിക്കാലത്തേക്ക് പ്രവേശിക്കുന്ന സമയമാണ്. എന്നാൽ, രാജ്യത്തേക്ക് വരാൻ സാധിച്ചാൽ പോലും തിരികെ കൃത്യസമയത്ത് മടങ്ങി പോയി ജോലിയിൽ പ്രവേശിക്കാൻ നിലവിലത്തെ സാഹചര്യത്തിൽ സാധ്യമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പലരും ഇത്തവണയും നാട്ടിലേക്കുള്ള വരവ് മാറ്റിവച്ച് അവധിക്കാലത്തും പ്രവാസ ജീവിതം തുടരുകയാണ്.
നാട്ടിലേക്ക് എത്തിയ പലർക്കും രണ്ടാം തരംഗം തുടങ്ങിയ ശേഷം തിരികെ പോകാൻ സാധിച്ചിട്ടില്ല. ഏപ്രിൽ മുതൽ ആരംഭിച്ച യാത്രാ വിലക്ക് ആദ്യം ഏതാനും ദിവസങ്ങളിലേക്കാണ് പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയിൽ കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ വിലക്ക് നീട്ടുകയായിരുന്നു. ഇപ്പോൾ ഏകദേശം മൂന്ന് മാസത്തോളമായി യാത്രാ വിലക്ക് കാലാവധി നീണ്ടിരിക്കുകയാണ്. ഏപ്രിൽ 24 ന് തുടങ്ങിയ യാത്രാവിലക്ക് ജൂലൈ അവസാനം വരെ നീളുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
രാജ്യത്തെ നിരവധി പേരുടെ ജോലിയെയും വരുമാനമാർഗത്തെയും ജീവിതത്തെയും ഇത് ബാധിക്കുമെന്ന ആശങ്കയാണ് ഉള്ളത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്ന പ്രദേശമാണ് യുഎഇ. അതിനാൽ തന്നെ കേരളത്തിനെ മാത്രമല്ല, ഇന്ത്യയുടെയും സാമൂഹിക, സാമ്പത്തിക അവസ്ഥയെയും ഇത് ബാധിക്കാമെന്നുമാണ് വിലയിരുത്തൽ.
Read Here
- India-UAE Flight News:ഗള്‍ഫിലേക്കുള്ള യാത്ര; വിമാനടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചു
- India-UAE Flight: കുതിച്ചുയര്‍ന്നു ടിക്കറ്റ് വില്‍പ്പന
- India-UAE Flight News: ഇന്ത്യ-യുഎഇ യാത്രാവിലക്ക് തുടരും
- India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്
/indian-express-malayalam/media/media_files/uploads/2021/07/india-uae-flight-news-international-flights-dubai-sharjah-abudhabi-523638-1.jpeg)
India-UAE Flight Ban: യാത്രാവിലക്ക് ആരംഭിച്ചത് എപ്പോൾ? ആർക്കൊക്കെയാണ് വിലക്ക്?
India to Dubai, Sharjah, Abu Dhabi, Air India Express, Emirates, Etihad Flight News: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ പത്തു ദിവസത്തേക്കാണ് ആദ്യം യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീടത് മേയ് 14 വരെ നീട്ടി. അത് തുടർന്നും നീട്ടി ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ മാസം 21 വരെ വിലക്ക് നീളുമെന്നാണ്.
ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കും എന്നായിരുന്നു വിലക്കേർപ്പെടുത്തിയ അവസരത്തിൽ യുഎഇ അറിയിച്ചത്. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഇരു കൂട്ടരെയും യുഎഇയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല എന്നും അറിയിച്ചു.
Covid-19 requirements for Indians flying to Dubai: വാക്സിൻ സ്വീകരിച്ചവർക്ക് ദുബായിൽ യാത്രാവിലക്കിൽ ഇളവുണ്ടോ? ഇന്ത്യയിലെ ഏത് വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക?
ഇന്ത്യക്കാർക്ക് ദുബായിൽ പ്രവേശിക്കാനുള്ള ചട്ടങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ പ്രഖ്യാപനം. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ നിന്ന് ദുബായിലെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾക്കാണ് ഇളവ് നൽകാൻ തീരുമാനിച്ചത്. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ കുറച്ചു.
യുഎഇയിൽ താമസ വിസയിലുള്ളവർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചാൽ ദുബായിൽ പ്രവേശിക്കാൻ പുതുക്കിയ നിയന്ത്രണങ്ങൾ പ്രകാരം സാധിക്കും. യുഎഇ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കാണ് ഇത്തരത്തിൽ പ്രവേശന അനുമതി ലഭിക്കുക. ഇന്ത്യയിൽ നൽകുന്ന വാക്സിനുകളിൽ കോവിഷീൽഡ് വാക്സിനാണ് യുഎഇയിൽ അംഗീകാരമുള്ളത്. മാറ്റങ്ങൾ ജൂൺ 23 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള ഇളവുകൾ
- യുഎഇ അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ച ദുബായിലെ താമസക്കാരായവർക്ക് അവിടെ പ്രവേശിക്കാൻ അനുവദിക്കും.
- യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം; യുഎഇ പൗരന്മാർക്ക് ഇതിൽ ഇളവുണ്ട്.
- ക്യുആർ കോഡ് സഹിതമുള്ള പിസിആർ പരിശോധനയുടെ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
- വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും റാപിഡ് പിസിആർ ടെസ്റ്റ് നടത്തണം.
- ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ എല്ലാ യാത്രക്കാരും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
- പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയണം. യുഎഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഈ നിബന്ധനയിൽ ഇളവ് നൽകിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2021/05/covid-vaccine3.jpg)
India-UAE Emirates, Etihad Flight Resumption: ഗൾഫിലേക്ക് എന്ന് വിമാനം പറക്കും? എമിറേറ്റ്സും എത്തിഹാദും പറയുന്നത്
ഗൾഫിലേക്കുള്ള വിമാന സർവീസ് സംബന്ധിച്ച് ഇപ്പോഴും ആശങ്കയും അവ്യക്തതയും തുടരുകയാണ്. എന്ന് മുതൽ വിമാന സർവീസ് ആരംഭിക്കുമെന്നും എപ്പോൾ മടങ്ങി പോയി ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്നുമുള്ള ചിന്തയിലാണ് നാട്ടിലെത്തിയവർ.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനരാരംഭിക്കുമെന്ന് വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരുന്നു. എമിറേറ്റ്സ് എയർലൈൻസിന്റെ ഉപഭോക്തൃ സേവന വിഭാഗമായ എമിറേറ്റ്സ് സപ്പോർട്ട് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഏഴിന് വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ, ഇതിൽ മാറ്റം വന്നേക്കാമെന്ന സൂചനയും വിമാനക്കമ്പനി നൽകി. 'ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഫ്ലൈറ്റുകൾ ജൂലൈ ഏഴ് മുതൽ ഉണ്ടാകും. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. യാത്രാ സംബന്ധിച്ച് അതാത് സമയങ്ങളിൽ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും' എമിറേറ്റ്സ് സപ്പോർട്ടിന്റെ ട്വീറ്റിൽ പറയുന്നു
എമിറേറ്റ്സ് ജൂലൈ എഴ് മുതൽ സർവീസ് പുനരാരംഭിക്കാമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത് സാധ്യമാകുമോ എന്ന സംശയമാണ് നിലനിൽക്കുന്നത്. ഇത്തിഹാദ് എയർവേയ്സ് ജൂലൈ 21 വരെ സർവീസ് പുനരാരംഭിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും മാത്രമല്ല, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ഇത്തിഹാദ് ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുന്നതായും കമ്പനി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.
/indian-express-malayalam/media/media_files/uploads/2018/05/Emirates-Airlines.jpg)
Interanational Flights to and from India: ഇന്ത്യയിൽ രാജ്യന്തര വിമാന സർവീസ് എന്ന് ആരംഭിക്കും?
കോവിഡ് സാഹര്യത്തില്‍ ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകളുടെ നിര്‍ത്തി വയ്ക്കല്‍ ജൂലൈ 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞ ദിവസം അറിയിച്ചു. എങ്കിലും തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍, സാഹചര്യത്തിന്റെ വസ്തുതകള്‍ക്കനുസരിച്ച് രാജ്യാന്തര ഫ്‌ളൈറ്റുകള്‍ ബന്ധപ്പെട്ട അതോറിറ്റി അനുവദിച്ചേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഷെഡ്യൂള്‍ഡ് രാജ്യാന്തര യാത്രാ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ വന്ദേ ഭാരത് മിഷന് കീഴിലും ജൂലൈ മുതല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി ‘എയര്‍ ബബിള്‍’ ക്രമീകരണ ത്തിലും രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്നുണ്ട്.
യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറുണ്ടാക്കിയിട്ടുണ്ട്. എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, രണ്ട് രാജ്യങ്ങൾ തമ്മിൽ അവരുടെ എയര്‍ലൈനുകള്‍ ഉപയോഗിച്ച് പ്രത്യേക രാജ്യാന്തര സര്‍വിസുകള്‍ നടത്താന്‍ കഴിയും.
രാജ്യാന്തര ചരക്ക് സര്‍വിസുകളെയും പ്രത്യേകമായി അംഗീകരിച്ച ഫ്‌ളൈറ്റുകളുടെയും പ്രവര്‍ത്തനത്തെ പുതിയ തീരുമാനം ബാധിക്കില്ലെന്നും ഡിജിസിഎ സര്‍ക്കുലറില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.