/indian-express-malayalam/media/media_files/HcnvPspAw06yUwDX6KYU.jpg)
ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും
തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടിക പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.Kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാം.
സംസ്ഥാനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ പ്രത്യേക വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പിൽ പരിഗണിക്കുക. ദേശീയ ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയും രണ്ടാണെന്ന കാര്യം പൊതുജനങ്ങൾ തിരിച്ചറിയുക.
വോട്ടർപട്ടികയിൽ എങ്ങനെ പേര് ചേർക്കാം?
ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിന് (ഫോം 4) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.
തെറ്റ് തിരുത്താനും മാറ്റം വരുത്താനും ചെയ്യേണ്ടതെന്ത്?
2020 നുശേഷം താമസം മാറിയവർക്ക് വോട്ടർ പട്ടികയിൽ മാറ്റം വരുത്താം. പേരിലോ വിലാസത്തിലോ തെറ്റു തിരുത്താനും അപേക്ഷ നൽകാനും സാധിക്കും. തിരുത്തലുകൾ വരുത്താനും (ഫോം 6), സ്ഥലം മാറ്റം വരുത്താനും (ഫോം 7) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതെങ്ങനെ?
വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷിക്കാവുന്നതാണ്.
പേര് രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?
- sec.kerala.gov.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യുക
- പുതുതായി രജിസ്റ്റർ ചെയ്യുന്നവരാണെങ്കിൽ സിറ്റിസൺ രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- പുതുതായി തുറക്കുന്ന പേജിൽ പേരും മൊബൈൽ നമ്പരും പാസ്‌വേർഡും കൊടുത്ത് രജിസ്റ്റർ ചെയ്യുക
- രജിസ്ട്രേഷനുശേഷം മൊബൈൽ നമ്പർ (നിങ്ങളുടെ മൊബൈൽ നമ്പരാണ് ലോഗിൻ നെയിം) ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- ലോഗിൻ ചെയ്തശേഷം ‘Name Inclusion’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അതിനുശേഷം അതത് ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, മണ്ഡലം/വാർഡ്, പാർട്ട് നമ്പർ എന്നിവ തിരഞ്ഞെടുക്കുക. തുടർന്ന് അപേക്ഷകന്റെ പേര്, രക്ഷിതാവിന്റെ പേര്, പ്രായം തുടങ്ങിയവ ബന്ധപ്പെട്ട വിവരങ്ങൾ നൽകുക.
- ഇലക്ഷൻ ഐഡി കാർഡ്, ഫോൺ നമ്പർ മുതലായവ വിവരങ്ങളും നൽകുക. അപേക്ഷകന്റെ പേര് മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക.
- കുടുംബാംഗങ്ങളുടെയോ അയൽവാസികളുടെയോ പേരും വോട്ടർ ഐഡി നമ്പറും നൽകുക. നിങ്ങളുടെ വാർഡ് നമ്പർ, പോളിങ് ബൂത്ത് ഏതാണെന്നു കൂടി അറിഞ്ഞുവയ്ക്കുന്നത് നല്ലതായിരിക്കും. രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ ഇത് സഹായിക്കും.
- ആവശ്യമായ വിവരങ്ങൾ നൽകിയശേഷം അടുത്ത പേജിലേക്ക് പോവുക. അവിടെ നിങ്ങളുടെ ഫൊട്ടോ അപ്‌ലോഡ് ചെയ്യുക. ഫൊട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിങ് സമയത്ത് ഹാജരാക്കിയാൽ മതിയാകും.
- അതിനുശേഷം final submission ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോഴായിരിക്കും ഹിയറിങ്ങിനുള്ള തീയതി ലഭിക്കുക. ഹിയറിങ് സമയത്ത് ആവശ്യമായ രേഖകൾ സഹിതം നേരിട്ടു ഹാജരാകുക.
- പ്രവാസികൾ ‘Online Additions for PRAVASI Voters’ എന്ന ലിങ്കിലാണ് പേര് രജിസ്റ്റർ ചെയ്യാനായി ക്ലിക്ക് ചെയ്യേണ്ടത്.
- രജിസ്ട്രേഷൻ നടപടികളിൽ തടസങ്ങൾ നേരിടുകയാണെങ്കിൽ sec.kerala.gov.in എന്ന വെബ്സൈറ്റിലെ ടെക്നിക്കൽ വിഭാഗത്തിന്റെയും പിആർഒയുടെയും നമ്പരുകൾ ലഭ്യമാണ്
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർമാർ. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർമാർ അപേക്ഷകളിലും ആക്ഷേപങ്ങളിലും സ്വീകരിക്കുന്ന നടപടിക്കെതിരെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം തദ്ദേസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us