/indian-express-malayalam/media/media_files/uploads/2021/02/Train-main-new-class-explained.jpg)
ട്രെയിനുകളിൽ ഒരു പുതിയ ക്ലാസ്സ് കൂടി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. എസി ത്രീ ടയർ എകണോമിയാണ് റെയിൽവേ പുതുതായി ട്രെയിനുകളിൽ ഉൾപ്പെടുത്തുന്ന ക്ലാസ്സ്. സൗകര്യങ്ങളിലും ടിക്കറ്റ് നിരക്കിലും സ്ലീപ്പർ ക്ലാസിനും ത്രീ ടയർ എസിക്കും ഇടയിലാവും എസി ത്രീ ടയർ എകണോമി. ഈ ആഴ്ചയുടെ തുടക്കത്തിൽ, ലഖ്‌നൗവിലെ ഇന്ത്യൻ റെയിൽവേയ്സ് റിസർച്ച് ആൻഡ് ഡിസൈൻ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനിൽ എസി -3 ഇക്കോണമി ക്ലാസ്സിന്റെ ഓസിലേഷൻ ട്രയൽ പൂർത്തിയാക്കിയിരുന്നു.
എന്താണ് എസി ത്രീ ടയർ എകണോമി ക്ലാസ്
സാധാരണ സ്ലീപ്പർ ക്ലാസിന്റെ എയർകണ്ടീഷൻ ചെയ്തത പതിപ്പാണ് എസി ത്രീ ടയർ എകണോമി ക്ലാസ്. മറ്റു എസി ക്ലാസ്സുകളെ അപേക്ഷിച്ച് താങ്ങാവുന്ന നിരക്കിൽ പുതിയ എസി എകണോമി ക്ലാസ്സിൽ ടിക്കറ്റ് ലഭ്യമാകും. രാജ്യത്ത് ലിങ്കെ ഹോഫ്മാൻ ബുഷെ കോച്ചുകൾ നിർമിച്ച് ശ്രദ്ധ നേടിയ പൊതുമേഖലാ സ്ഥാപനമായ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലാണ് (ആർസിഎഫ്) ഈ കോച്ചുകൾ നിർമിച്ചത്. നോൺ എസി സ്ലീപ്പർ കോച്ചിനെ ഒരു എസി കോച്ചായി നിർമിക്കുക എന്നതായിരുന്നു ആർസിഎഫിന് ലഭിച്ച ഡിസൈൻ ബ്രീഫ്.
റെയിൽവേയ്ക്ക് വ്യക്തമായ ലാഭം നേടിക്കൊടുക്കുന്ന ഒരേയൊരു യാത്രാ ക്ലാസാണ് എസി -3 ടയർ, മാത്രമല്ല ഏറ്റവും ജനപ്രിയമായ ക്ലാസ് കൂടിയാണിത്. എസി -3 ഇക്കോണമി ക്ലാസ്സും സമാനമായ തരത്തിൽ ജനപ്രീതിയാർജിക്കുമെന്നും വ്യക്തമായ ലാഭം നേടിത്തരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ എസി യാത്ര സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാവുകയും ചെയ്യും.
സാധാരണ സ്ലീപ്പർ ക്ലാസ്സിന്റെ, മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ പതിപ്പെന്ന തരത്തിലാണ് എസി ത്രീടയർ എകണോമി ക്ലാസ് വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും എസി ത്രീ ടയർ കോച്ചുകളുടെ മെച്ചപ്പെടുത്തിയ പതിപ്പുപോലെയാണ് പുതിയ കോച്ചുകൾ കാണാൻ.
Read More: ബസ് ആണോ, അതോ ട്രെയിൻ ആണോ; അറിയാം മെട്രോ നിയോയുടെ പ്രത്യേകതകൾ
"ഫെബ്രുവരി അവസാനത്തോടെ ഞങ്ങൾ ഈ സീരീസ് നിർമ്മാണം ആരംഭിക്കും. സാധാരണക്കാർക്ക് ‘വിമാനത്തിലേത് പോലുള്ള’ അനുഭവം ലഭ്യമാക്കുക എന്ന ഞങ്ങളുടെ സ്വപ്നത്തോട് ഞങ്ങൾ കൂടുതൽ അടുത്തിണ്ടെന്ന് ഞാൻ കരുതുന്നു,” കപൂർത്തല ആർസിഎഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്ത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
248 കോച്ചുകൾ നിർമ്മിക്കാൻ ആർസിഎഫ് പദ്ധതിയിടുന്നു. നിലവിൽ ഒരു കോച്ചിന് 2.8 കോടി രൂപ മുതൽ മൂന്ന് കോടി രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്. ഇത് നിലവിലുള്ള എസി -3 ടയർ കോച്ചിനേക്കാൾ 10 ശതമാനം കൂടുതലാണ്. കൂടുതൽ ശേഷി ഉള്ളതിനാൽ റെയിൽവേയെ സംബന്ധിച്ചിടത്തോളം ഈ കോച്ചുകളുടെ വരുമാന സാധ്യതയും കൂടുതലാണ്.
അടുത്ത ലക്ഷ്യം റിസർവേഷനില്ലാത്ത ജനറൽ കമ്പാർട്ട്മെന്റുകളെ പുനർരൂപകൽപ്പന ചെയ്യുകയും അതും എസി ക്ലാസാക്കി മാറ്റുകയും ചെയ്യുക എന്നതാണെന്നും ആർസിഎഫ് വ്യക്തമാക്കി.
സവിശേഷതകൾ
72 യാത്രക്കാരെ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് കോച്ച് ഡിസൈനിന് പുതിയ കോച്ചിൽ മാറ്റം വരുന്നുണ്ട്. പുതിയ എസി കോച്ചിൽ 83 പേർക്ക് യാത്ര ചെയ്യാം. ഇപ്പോൾ എല്ലാ കോച്ചുകളിലും സ്ഥാപിച്ചിട്ടുള്ള ഹൈ-വോൾട്ടേജ് ഇലക്ട്രിക് സ്വിച്ച് ഗിയർ കോച്ചിന്റെ അടിഭാഗത്തേക്ക് മാറ്റിയാണ് അധിക സ്ഥലം നേടാനായത്.
ആഡംബര കാറുകളിലേതുപോലെ, ഓരോ ബെർത്തിലും വ്യക്തിഗത എസി വെന്റ് ഉണ്ടായിരിക്കും. കോച്ചിലെ മുഴുവൻ എസി ഡക്റ്റുകളും പുനർരൂപകൽപ്പന ചെയ്താണ് ഇത് ചെയ്തത്. ഓരോ കോച്ചിലെയും ശൗചാലയങ്ങളുടെ കവാടങ്ങൾ വീതിയേറിയതാക്കിയിട്ടുണ്ട്. ഒപ്പം അവ ഡിസേബിൾഡ് ഫ്രണ്ട്ലിയുമാക്കിയിട്ടുണ്ട്.
Read More: പെരുമ്പാവൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക്; ഏഴ് സംസ്ഥാനങ്ങൾ കടന്ന് ഈ ബസ് സർവീസ്
പുതിയ, മോഡുലാർ ഡിസൈനിലാണ് ബെർത്തുകൾ. മുകളിലെ ബെർത്തുകളിലേക്ക് കയറുന്നതിനുള്ള പടികൾക്കും പുതിയ ഡിസൈനാണ്. മിഡിൽ ബെർത്തും അപ്പർബെർത്തും തമ്മിലും അപ്പർ ബർത്തിൽനിന്നു മുകളിലേക്കുമുള്ള അകലം കൂടുതലാണ്. മടക്കിവക്കാവുന്ന ഭക്ഷണ മേശയും വാട്ടർ ബോട്ടിലുകൾ, ഫോണുകൾ മുതലായവയ്ക്കുള്ള ഹോൾഡറുകളും സീറ്റുകൾക്കൊപ്പം ഉണ്ട്.
വിമാനത്തിലെന്നപോലെ, കോച്ചിന്റെ അകത്ത് തിളങ്ങുന്ന സൂചനാ ബോർഡുകളുണ്ടാവും. സീറ്റ് നമ്പറുകളും ഇത്തരത്തിലാണ് നൽകിയിട്ടുള്ളത്. നിലവിലുള്ള ട്രെയിനുകളിൽ രാത്രി യാത്രക്കാർ കയറുമ്പോൾ അവർക്ക് ബെർത്ത് നമ്പറുകൾ പരിശോധിക്കാൻ ലൈറ്റ് ഓൺ ചെയ്യേണ്ടിവരാറുണ്ട്. അത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യും. പുതിയ തരത്തിൽ സീറ്റ് നമ്പർ നൽകിയതിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയും.
Read More: അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു ട്രെയിൻ കടത്ത്
വെസ്റ്റേൺ, ഈസ്റ്റേൺ ടോയ്‌ലറ്റുകളും പുതിയ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആവശ്യത്തിനനുസരിച്ച് മാറ്റാവുന്ന തരത്തിലുള്ള വിൻഡോ സ്ക്രീനുകളാണ് ഈ കോച്ചുകളിലുണ്ടാവുക. അഗ്നി സുരക്ഷയുടെ കാര്യത്തിൽ EN45545-2 HL3 ആഗോള മാനദണ്ഡം പാലിക്കുന്ന വസ്തുക്കളാണ് കോച്ച് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.