ഒരു ട്രെയിൻ കപ്പലിൽ കയറ്റി, കടൽ കടത്തി ഇക്കരെ കൊണ്ടുവന്ന് കപ്പലിൽ നിന്നിറക്കി, രണ്ടായി മുറിച്ചു രണ്ടു ട്രെയിനായി രണ്ടു ദിക്കിലേക്ക് പോകുന്ന കാഴ്ച കണ്ടിട്ടുണ്ടോ? കേൾക്കുമ്പോൾ കൗതുകം തോന്നുന്നില്ലേ? കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങൾ കൊണ്ടുള്ള കളിയെന്നു തോന്നുമെങ്കിലും, യഥാർത്ഥത്തിൽ ഇങ്ങനെയൊരു ട്രെയിൻ യാത്ര ഇറ്റലിയിൽ ഇന്നും വളരെ ശ്രദ്ധേയമായി നിലനിൽക്കുന്നുണ്ട്. ഇറ്റലിയുടെ ഭാഗമായ സിസിലി എന്ന ദ്വീപിലേക്കുള്ള ട്രെയിൻ യാത്രയെ മനോഹരവും അവിസ്മരണീയവുമാക്കുന്നത് ഈ ട്രെയിൻ ഫെറി അനുഭവമാണ്.
ഇറ്റലിയുടെ കലാബ്രിയ പ്രവിശ്യ കഴിഞ്ഞാൽ പിന്നെ സിസിലി ദ്വീപാണ്. മറ്റേതു ഇറ്റാലിയൻ പട്ടണത്തിൽ നിന്നും കരമാർഗ്ഗം സിസിലിയിൽ എത്തിച്ചേരാൻ കടൽ കടക്കണം. സ്വകാര്യ വാഹനങ്ങളിലോ ബസിലോ വരുന്നവർക്ക് ഓരോ മണിക്കൂറിലും ജങ്കാർ സൗകര്യങ്ങളുണ്ട്. എന്നാൽ, ട്രെയിനുകൾ ഇക്കരെയെത്തിക്കാനാണ് അപൂർവ്വങ്ങളിൽ അപൂർവമായ ‘ട്രെയിൻ ഫെറി’ സംവിധാനം ഉപയോഗിക്കുന്നത്.

കരകൾ തമ്മിൽ രണ്ടു മൈൽ ദൂരം മാത്രം അകലമുള്ള ഭാഗത്താണ് ഒരു നൂറ്റാണ്ടിലേറെയായി റെയിൽ ഗതാഗതത്തിന്റെ ഭാഗമായി ഫെറി പ്രവർത്തിക്കുന്നത്. കണ്ണിനു കുളിർമ്മ പകരുന്ന കാഴ്ചകളും അനുഭവങ്ങളും തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിസിലിയെ ലക്ഷ്യമാക്കി എത്തിച്ചേരുന്നവരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ഈ ട്രെയിൻ ഫെറി സംവിധാനമാണ്. കപ്പലിൽ ട്രെയിനും വഹിച്ചു കൊണ്ട് കടൽ നീലിമയെ കീറി മുറിച്ചു മുന്നേറുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി തന്നെ നിലനിൽക്കും.

കലാബ്രിയയിലെ, ‘വില്ല സാൻ ജോവാന്നി’ റെയിൽവേ സ്റ്റേഷനിൽ നിന്നും സിസിലി ദ്വീപിലെ മെസ്സിന സെൻട്രൽ സ്റ്റേഷനിലേക്ക് എത്തിച്ചേരാനാണ് ട്രെയിൻ കപ്പലിൽ കയറ്റി ഇക്കരെയെത്തിക്കുന്ന ട്രെയിൻ ഫെറി സംവിധാനമുള്ളത്. വില്ല സാൻ ജൊവാന്നിയിൽ നിന്നും കപ്പലിനെ ലക്ഷ്യമാക്കി ട്രെയിൻ നീങ്ങുമ്പോൾ തന്നെ, ബോഗികൾക്കിടയിലെ നടപ്പാത നീക്കം ചെയ്യുകയും വാതിലുകൾ അടയുകയും ചെയ്യും. ട്രെയിൻ ട്രാസ്പോർട്ടേഷന് ഉപയോഗിക്കുന്ന കപ്പലുകൾ സാധാരണ ജങ്കാറുകളിൽ നിന്നും വ്യത്യസ്തമായി റെയിൽ പാലങ്ങൾ ഉള്ളവയാണ്. കരയിലെ റെയിൽ പാലവും കപ്പലിലെ പാലവും തമ്മിൽ യോജിപ്പിച്ച ശേഷം ട്രെയിൻ ബോഗികൾ ഓരോന്നായി കപ്പലിൽ കയറ്റി നിർത്തുന്നു. യാത്രികർക്ക് ട്രെയിനിൽ തന്നെ ഇരുന്നു കപ്പലിൽ യാത്ര ചെയ്യാം; അല്ലാത്ത പക്ഷം കപ്പൽ ഡെക്കിൽ കയറി കടൽക്കാഴ്ചകൾ കൺനിറയെ കണ്ടു ആസ്വദിക്കാം, കപ്പൽ ഡെക്കിൽ ലഘുഭക്ഷണ ശാലകളിൽ നിന്നും ഭക്ഷണം കഴിക്കാം. ഒരു മണിക്കൂറോളം ദൈർഘ്യമുള്ള യാത്രയാണിത്.
സിസിലിയിലേക്കുള്ള കപ്പൽ യാത്രയിൽ നിന്നും…. ഫോട്ടോ: വിബിൻ കെ വി, മാളപക്ഷെ ട്രെയിനിൽ നിന്നിറങ്ങും മുൻപ്, സ്വന്തം സീറ്റ് എവിടെയാണ് എന്നത് ഉറപ്പ് വരുത്തണം. കാരണം മെസ്സിനയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ സിസിലിയുടെ രണ്ടു ദിക്കിലേക്ക് രണ്ടു ട്രെയിനായി പിരിഞ്ഞാണ് പിന്നീടുള്ള യാത്ര. ഒരു ട്രെയിൻ തലസ്ഥാനമായ പലെർമോയെ ലക്ഷ്യമാക്കിയും മറ്റൊന്ന് പ്രധാന വിനോദസഞ്ചാരകേന്ദ്രമായ സിറാകുസയിലേക്കും. യാത്രയ്ക്കിടയിൽ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകാത്ത വിധത്തിൽ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ലക്ഷ്യസ്ഥാനതേയ്ക്കുള്ള ബോഗിയിൽ തന്നെയാണ് സീറ്റുകൾ ലഭിക്കുന്നത്. കാഴ്ചകൾ കാണാനായി കപ്പൽ ഡെക്കിൽ കയറുമ്പോൾ ബോഗി മാറിപോകാതെ ശ്രദ്ധിക്കണമെന്ന് മാത്രം.

പച്ചപ്പട്ടണിഞ്ഞ മലനിരകളും പഞ്ചസാര മണൽ വിരിച്ച നീളൻ ബീച്ചുകളും സജീവ അഗ്നിപർവ്വതങ്ങളും ചെറുദ്വീപസമൂഹങ്ങളും ചരിത്രസ്മാരകങ്ങളും നാവിൽ വസന്തം വിരിക്കുന്ന രുചിക്കൂട്ടുകളുമൊക്കെയുള്ള ഇറ്റാലിയിലെ സിസിലി ദ്വീപ്, മെഡിറ്ററേനിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ് ആണ്.
സിസിലിയിൽ റെയിൽ സംവിധാനങ്ങൾ ആരംഭിച്ചത് 1860 ലാണ്. (അതെ വര്ഷം തന്നെയാണ് ഇറ്റലി രാജ്യത്തിൻറെ ഭാഗമായി മാറിയത്.) അന്ന് മുതൽ തന്നെ മെയിൻ ലാൻഡുമായി ബന്ധിപ്പിക്കാനുള്ള ടണലോ പാലമോ നിർമ്മിക്കാനുള്ള ആലോചനകളും പദ്ധതികളും നടക്കുന്നുണ്ട്. പക്ഷെ, ഭൂമിശാസ്ത്രപരമായ പല കാരണങ്ങൾ കൊണ്ടും ഇക്കാലമത്രയും ഒരു പദ്ധതിയും നടപ്പിലാക്കാൻ കഴിഞ്ഞില്ല. സജീവ അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യവും അടിക്കടിയുണ്ടാകുന്ന ഭൂകമ്പങ്ങളും രണ്ടു കടലുകളുടെ സംഗമവേദിയാണ് എന്നതുമൊക്കെ കാരണങ്ങളിൽ ചിലതാണ്. വളരെ നിസാര തുകയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തിൻറെ ഏതുഭാഗത്തും എത്തിച്ചേരാൻ വ്യോമഗതാഗത സൗകര്യങ്ങൾ നിലവിലുള്ളതിനാൽ, വലിയ സാമ്പത്തിക നഷ്ടമാവാനുള്ള സാധ്യത കണക്കിലെടുത്ത് പാലമോ ടണലോ പണിയാനുള്ള പദ്ധതികൾ ഏറെക്കുറെ ഉപേക്ഷിച്ച നിലയിലാണ്.
മിലാൻ – റോം – നേപ്പിൾസ് എന്നിങ്ങനെ ഏതു ഇറ്റാലിയൻ പട്ടണത്തിൽ നിന്നും സിസിലി ദ്വീപിന്റെ പ്രധാന പട്ടണങ്ങളിലേക്ക് Trenitalia യുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. എല്ലാ ദിവസവും പകലും രാത്രിയും ഇന്റർസിറ്റി ട്രെയിനുകളുണ്ട്. രാത്രി യാത്രകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം. പത്തുയൂറോ നിരക്ക് മുതൽ വിമാന സർവ്വീസുകൾ ലഭ്യമാകുന്ന യൂറോപ്പിൽ, മറ്റു യാത്രമാർഗ്ഗങ്ങളെ അപേക്ഷിച്ച് ട്രെയ്ൻ യാത്രാ നിരക്ക് കൂടുതലാണ്. ഓരോ സീസൺ അനുസരിച്ചു നിരക്കുകളിൽ വ്യത്യാസം വന്നേക്കാം. ബസിലോ സ്വകാര്യ വാഹനങ്ങളിലോ വരുന്നവർക്ക് സിസിലി ദ്വീപിലേക്ക് എത്തിച്ചേരാൻ, ഓരോ മണിക്കൂറിലും ജങ്കാർ സൗകര്യങ്ങൾ ലഭ്യമാണ്.
Read more: DYFI ഡയറീസ്: മുറ്റത്തെ മുല്ലയും ഷ്രൂസ്ബെറി ബിസ്ക്കറ്റും