കേരളത്തിൽ നിന്ന് കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസുകൾ ഇപ്പോൾ അതിഥിത്തൊഴിലാളികളുടെ സംസ്ഥാനാന്തര യാത്രകളുടെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. ട്രെയിനുകൾ കുറവായതും താങ്ങാവുന്ന ചിലവിലുള്ള ഗതാഗതമാർഗം വേണമെന്നതും കാരണം ഈ ബസ് സർവീസുകൾ തൊഴിലാളികൾക്കിടയിൽ ജനപ്രിയമായിരിക്കുകയാണ്.
കേരളത്തിൽ നിന്ന് അസം, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള മൂന്നോ നാലോ ദിവസം നീളുന്ന ബസ് യാത്രയെക്കുറിച്ച് മുൻപ് ചിന്തിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കോവിഡ് ലോക്ക്ഡൗണിന് ശേഷം, കേരളത്തിലെ ബസ് ഓപ്പറേറ്റർമാർ തൊഴിലാളികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ നിന്നും അതിഥി തൊഴിലാളികൾ കൂടുതലായുള്ള പ്രദേശങ്ങളിൽ നിന്നും കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ തുടർച്ചയായി നടന്നു വരുനന്നു. പശ്ചിമ ബംഗാളിലെ ഡോംകാൽ, ആസാമിലെ ഗുവാഹത്തി, ഒഡീഷയിലെ ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ ദിവസേന ബസ് സർവീസുകളുണ്ട്. കോവിഡ് കാരണം തിരിച്ചടി നേരിട്ട സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ ഇത്തരത്തിലുള്ള സർവീസുകൾ നടത്തുന്നുണ്ട്.
Read More: ഊട്ടിയിലൊരു വ്യത്യസ്ത നഴ്‌സറി; ഇവിടെ പുനരുജ്ജീവിപ്പിക്കുന്നതു നാടന്‍ സസ്യങ്ങളും പുല്ലുകളും
കേരളത്തിൽ അതിഥി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ പെരുമ്പാവൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക് എല്ലാ ദിവസവും ബസ് സർവീസുണ്ട്. ഏഴ് സംസ്ഥാനങ്ങളിലായി 3500 കിലോമീറ്ററിലധികം ദൂരമാണ് ഈ ബസ് സഞ്ചരിക്കുന്നത്. വൈകുന്നേരങ്ങളിൽ പെരുമ്പാവൂരിൽ നിന്ന് ആരംഭിക്കുന്ന ബസ് നാലാം ദിവസം ഗുവാഹത്തിൽ യാത്ര അവസാനിക്കും. ഭക്ഷണത്തിനും വാഷ്‌റൂം ഉപയോഗത്തിനുമായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ബസ്സുകൾക്ക് ഹാൾട്ടുകൾ നൽകിയിട്ടുണ്ട്. സൂപ്പർഫാസ്റ്റ് ട്രെയിനുകളുടേതിന് സമാനമായ സമയമാണ് യാത്രകൾക്കെ എടുക്കുന്നതെന്ന് ഓപ്പറേറ്റർമാർ പറയുന്നു.
കഴിഞ്ഞ വർഷം അൺലോക്ക് പ്രക്രിയയുടെ ആദ്യ ഘട്ടത്തിലാണ്, ബസ് ഓപ്പറേറ്റർമാർ കേരളത്തിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ബസ് സർവീസുകൾ ആരംഭിച്ചത്. ട്രെയിനുകളും മറ്റു യാത്രാമാർഗങ്ങളും കുറവായ സാഹചര്യത്തിലാണ് ഇത്തരം ബസ് സർവീസുകൾ അന്തർ സംസ്ഥാന ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ആദ്യഘട്ടത്തിൽ ഒരാൾക്ക് 7000 രൂപ മുതൽ 10000 രൂപ വരെയുള്ള വലിയ നിരക്കായിരുന്നു ബസ്സുകളിൽ ഇടാക്കിയത്. ബസുകൾ മിക്കവാറും ആളില്ലാതെ മടങ്ങുകയും ചെയ്തു.
Read More: അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു ട്രെയിൻ കടത്ത്
“ഈ സർവീസുകൾ നടത്തിക്കൊണ്ട് അക്കാലത്ത് കോടിക്കണക്കിന് രൂപ സമ്പാദിച്ച നിരവധി ഓപ്പറേറ്റർമാരെക്കുറിച്ച് എനിക്കറിയാം. തൊഴിലാളികൾക്കിടയിൽ ഓപ്പറേറ്റർമാരുടെ കോൺടാക്റ്റ് നമ്പറുകൾ വൈറലായിരുന്നു,” പെരുമ്പാവൂരിലെ ഏജന്റായ ശ്രീകുമാർ പറഞ്ഞു. പെരുമ്പാവൂർ- ഭുവനേശ്വർ പ്രതിവാര ബസ് സർവീസിന്റെ റിസർവേഷൻ ചുമതല ശ്രീകുമാർ കൈകാര്യം ചെയ്യുന്നുണ്ട്.
പിന്നീട്, വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ തൊഴിലാളികളെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി വീണ്ടും ഈ ബസ്സുകൾ സർവീസ് നടത്തി. സ്ഥിരം ജീവനക്കാരെ നിയോഗിച്ചിരുന്ന ചില സ്വകാര്യ കമ്പനികളും അവരുടെ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ വലിയ തോതിൽ ബസുകൾ വാടകയ്ക്കെടുത്തു. യാത്രാ ചെലവുകൾ ചിലപ്പോൾ കമ്പനികൾ മുഴുവനായും വഹിക്കുകയും ചെയ്തു. ടിക്കറ്റ് നിരക്കുകൾ 2000 രൂപ മുതൽ 3000 രൂപ വരെയായി കുറയുകയും ചെയ്തു.
“തിങ്കളാഴ്ചകളിൽ വൈകുന്നേരം 4 മണിയോടെ ഞങ്ങളുടെ ബസ് പെരുമ്പാവൂരിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച ഭുവനേശ്വറിലെത്തും. വ്യാഴാഴ്ച ഡ്രൈവർമാർക്ക് വിശ്രമ ദിനമാണ്. വെള്ളിയാഴ്ച ഭുവനേശ്വർ വിടുന്ന ബസ് ഞായറാഴ്ച ഇവിടെയെത്തും. ഭുവനേശ്വറിൽ നിന്ന് പെരുംബാവൂർ വരെയുള്ള യാത്രക്ക് 3300 രൂപയും മടക്കയാത്രക്ക് 1000-1200 രൂപയും ഈടാക്കുന്നു,” ശ്രീകുമാർ പറഞ്ഞു. ഭക്ഷണച്ചെലവ് ഒഴികെയുള്ള നിരക്കാണിത്.
Read More: ‘പിപിഇ കിറ്റിനകത്തായതിനാൽ ഞാൻ കരയുന്നത് ആർക്കും കാണാനാവില്ല’
തങ്ങളുടെ ഗ്രാമത്തിന് അടുത്തു തന്നെ ഇറങ്ങാമെന്നതിനാൽ ട്രെയിനിനേക്കാൾ കൂടുത ബസ്സാണ് തൊഴിലാളികൾ താൽപര്യപ്പെടുന്നതെന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയായ ഷാനോവർ ഹുസൈൻ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബറിൽ ബസ്സുകളുടെ റിസർവേഷൻ ചുമതല അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കൂടാതെ, അടിയന്തിരമായി വീട്ടിലേക്ക് പോകുന്നവർ ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ ആഴ്ചകൾ എടുക്കുമെന്നതിനാൽ ബസുകളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ട്രെയിനിൽ കയറിയാൽ അവർ ഹൗറയിൽ ഇറങ്ങണം. അവിടെ നിന്ന് മാൾഡയോ മുർഷിദാബാദോ പോലുള്ള വിദൂര ജില്ലകളിലേക്ക് പോകാൻ ബസ്സുകളെ ആശ്രയിക്കുകയും വേണം. എന്നാൽ ഇവിടെ നിന്ന് ബസ്സിലാണ് കയറുന്നതെങ്കിൽ അവർക്ക് അവരുടെ ഗ്രാമത്തിന് അടുത്ത് തന്നെ ഇറങ്ങാൻ കഴിയും. ഇത് സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന അസം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ധാരാളം തൊഴിലാളികൾ വീണ്ടും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നം അദ്ദേഹം പറഞ്ഞു.