/indian-express-malayalam/media/media_files/2025/08/15/shweta-menon-2025-08-15-16-02-45.jpg)
Photo Credit: Shwetha Menon/Facebook
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായി വനിത സാരഥി. നടി ശ്വേത മോനോൻ 'അമ്മ' പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 31 വർഷങ്ങൾക്കു ശേഷമാണ് അമ്മയുടെ തലപ്പത്തേക്ക് വനിത സാരഥി എത്തുന്നത്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയയും ജയൻ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു.
നടൻ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത അമ്മയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രവീന്ദ്രനും കുക്കു പരമേശ്വരനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് ഉണ്ണി ശിവപാൽ വിജയിച്ചത്. സരയു, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വനിത എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സന്തോഷ് കീഴറ്റൂർ, ജോയ് മാത്യു, വിനു മോഹൻ, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫലപ്രഖ്യാപനത്തിനു പിന്നാലെ ശ്വേത മേനോൻ പ്രതികരിച്ചു. 298 പേർ വോട്ടു ചെയ്തുവെന്നും വോട്ടു ചെയ്യാനെത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും ശ്വത പറഞ്ഞു.
Also Read:പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, സാന്ദ്രാ തോമസിന് പരാജയം
പോളിങ്ങിൽ ഇടിവ്
ഏറെ വിവാദം സൃഷ്ടിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ അമ്മയിൽ നടന്നത്. സിനിമയ്ക്കു പുറത്തേക്കും അമ്മ തിരഞ്ഞെടുപ്പ് ചർച്ചയായി. അതേസമയം, കഴിഞ്ഞ തവണത്തേതിൽ നിന്ന് വലിയ ഇടിവാണ് ഇത്തവണ പോളിങ്ങിൽ ഉണ്ടായിരിക്കുന്നത്. കടുത്ത മത്സരം ഉണ്ടായിട്ടുപോലും 298 വോട്ടുകൾ മാത്രമാണ് പോൾ ചെയ്യപ്പെട്ടത്.
Also Read: അമ്മ തിരഞ്ഞെടുപ്പ്: വോട്ടു രേഖപ്പെടുത്തി മോഹൻലാൽ അടക്കമുള്ള താരങ്ങൾ
357 വേട്ടുകളുമായി 70 ശതമാനം പോളിങായിരുന്നു കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. 12 ശതമാനം ഇടിവാണ് ഇക്കുറി പോളിങ്ങിലുണ്ടായത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിങ്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങി നിരവധി മുൻനിര താരങ്ങൾ വേട്ടുചെയ്യാൻ എത്തിയില്ലെന്നാണ് വിവരം.
Also Read: മിന്നും തലപ്പാവുകാരി, വൂഡൂ റാപ്പറിനൊപ്പം പാടി അഭിനയിച്ച് ചിത്ര; ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ച പശ്ചാത്തലത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. 2024 മുതൽ 2027 വരെയുള്ള കാലയളവിലേക്കുള്ള 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി 2024 സെപ്റ്റംബറിലായിരുന്നു രാജിവെച്ചത്. അന്നുമുതൽ അഡ്ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷൻ നേതൃത്വം നൽകിയിരുന്നത്.
Read More:അമ്മ തിരഞ്ഞെടുപ്പ്: ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്കു മുന്നിൽ സംസാരിക്കരുത്; പരസ്യ പ്രതികരണത്തിനു വിലക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.