/indian-express-malayalam/media/media_files/2025/05/03/oGWq0Ocm6xXenLX6Q219.jpg)
സാന്ദ്രാ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡൻറായി ബി രാകേഷും സെക്രട്ടരിയായി ലിസ്റ്റിൻ സ്റ്റീഫനും വിജയിച്ചു. എൻപി സുബൈറിനെ ട്രഷററായും തിരഞ്ഞെടുത്തു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു.
സോഫിയ പോൾ, സന്ദീപ് സേനൻ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. ആൽവിൻ ആൻറണി, എംഎം ഹംസ എന്നിവർ ജോയിൻറ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറ് സ്ഥാനത്തേക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സരിച്ചത്.
സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിന് പുറമെ വിനയനായിരുന്നു മത്സരിച്ചത്. വൈസ് പ്രസിഡൻറുമാരും ജോയിൻറ് സെക്രട്ടറിമാരുമായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരും ബി രാകേഷും ലിസ്റ്റിൻ സ്റ്റീഫനും നേതൃത്വം നൽകിയ പാനലിൽ മത്സരിച്ചവരാണ്.നിർമാതാവ് സാന്ദ്ര തോമസ് മത്സര രംഗത്തേക്ക് വന്നതോടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് വലിയ രീതിയിൽ ചർച്ചയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സരിച്ചത്.
Also Read:ശ്വേതയ്ക്ക് എതിരായ കേസ് അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായത്: ദേവൻ
പ്രസിഡൻറ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും സാന്ദ്രയുടെ പത്രിക ഭാരവാഹികൾ തള്ളുകയായിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹർജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. നാമനിർദേശ പത്രിക നൽകാൻ സാന്ദ്ര പർദ ധരിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു.
Also Read:അമ്മ തിരഞ്ഞെടുപ്പ്; ബാബുരാജ് മത്സരരംഗത്ത് നിന്ന് മാറിനിൽക്കണമെന്ന് വിജയ് ബാബു
അതേസമയം, താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്.നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും.
Read More: കൂലി കൊളുത്തിയോ? അതോ പാളിയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.