/indian-express-malayalam/media/media_files/U0fDJqwBBh29IW42QzR6.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ മധു
എന്നും ചലച്ചിത്ര പ്രേമികളുടെ മനസിൽ തങ്ങിനിൽക്കുന്ന 'എവർഗ്രീൻ' സിനിമയാണ് മണിരത്നം സംവിധാനം ചെയ്ത 'റോജ.' 1992ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അരവിന്ദ് സ്വാമി, മധു (മധുബാല) തുടങ്ങിയ താരങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിച്ചത്. എന്നാൽ ചിത്രത്തിനു ശേഷം സംവിധായകൻ മണിരത്നവുമായി നല്ല ബന്ധം പുലർത്താൻ സാധിച്ചില്ലാ എന്നാണ്, നടി മധു അടുത്തിടെ വെളിപ്പെടുത്തിയത്.
തന്റെ 'ആറ്റിറ്റ്യൂഡ്' കാരണം സിനിമയിൽ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടെന്നും, റോജ പുറത്തിറങ്ങിയ സമയത്ത് താൻ മണിരത്നത്തിന് ക്രെഡിറ്റ് നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും മധു പറഞ്ഞു.
സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ്, റോജ, ഇരുവർ എന്നീ ചിത്രങ്ങൾക്ക് ശേഷം മണിരത്‌നം സിനിമകളിൽ അഭിനയിക്കാതിരുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. "മണി സാറിന് ചിലപ്പോൾ മറ്റ് താരങ്ങളുമായി 'ബോണ്ട്' ലഭിച്ചുകാണും, ഞാൻ പലതവണ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. ഞാൻ ഒത്തിരി തവണ മെസേജുകൾ അയച്ചിരുന്നു.
ആ സമയത്ത്, ഞാൻ ആരെയും എൻ്റെ ഗോഡ്ഫാദറായി കണക്കാക്കിയിട്ടില്ല. മണി സാർ എന്നിക്ക് ഒരു ഉപകാരമാണ് ചെയ്തതതെന്ന് എനിക്ക് തോന്നിയില്ല. 'മണി സാറിന് റോജയെ വേണം, എന്നിൽ അദ്ദേഹത്തിന്റെ റോജയെ കണ്ടെത്തി. അതിലെന്താ പ്രത്യേകത?' ഇതായിരുന്നു എൻ്റെ ആറ്റിറ്റ്യൂഡ്."
റോജയ്ക്ക് ശേഷം അഹങ്കാരിയായി മാറിയോ എന്ന ചോദ്യത്തിന്, 'അത് വേദനയിൽ നിന്ന് ഉണ്ടായതെന്നാണ്', മധു മറുപടി പറഞ്ഞത്. തൻ്റെ കരിയറിൽ ആരും തന്നെ പിന്തുണച്ചിട്ടില്ലെന്നും, മേക്കപ്പ് മുതൽ കോസ്റ്റ്യൂം വരെ എല്ലാം താനാണ് ചെയ്തതതെന്നും മധു പറഞ്ഞു. "അവിടെ ഞാൻ എന്നൊരു ഘടകം ഉണ്ടായിരുന്നു. എല്ലാം ഞാൻ ഒറ്റയ്ക്കാണ് ചെയ്തത്. അതുകൊണ്ടുതന്നെ ക്രഡിറ്റ് മറ്റുള്ളവർക്ക് കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
പക്ഷെ, മണി സാർ ക്രെഡിറ്റ് അർഹിക്കുന്ന ആളാണ്, അത് ആ സമയത്ത് അദ്ദേഹത്തോട് പറയണമായിരുന്നു. ഇപ്പോൾ ഞാൻ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ് നൽകുന്നത്. അദ്ദേഹം എനിക്കൊരു ഐഡൻ്റിറ്റി തന്നു. ഞാൻ ഒരുപാട് നല്ല ബന്ധങ്ങളൊന്നും സിനിമയിൽ ഉണ്ടാക്കിയിട്ടില്ല, അതുകൊണ്ടാണ് എനിക്ക് കൂടുതൽ സിനിമകളും ലഭിക്കാതിരുന്നത്." മധു പറഞ്ഞു.
സാമന്ത റൂത്ത് പ്രഭു നായികയായ ശാകുന്തളം എന്ന ചിത്രത്തിലാണ് മധു അവസാനമായി അഭിനയിച്ചത്. സ്വീറ്റ് കാരാം കോഫി എന്ന തമിഴ് വെബ് ഷോയിലും അടുത്തിടെ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.