/indian-express-malayalam/media/media_files/2025/06/29/shine-tom-chacko-about-father-2025-06-29-17-35-55.jpg)
ചിത്രം: ഫേസ്ബുക്ക്
അപകടത്തിലേറ്റ പരുക്കുമായി പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ സങ്കടം കടിച്ചമർത്തി നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ മുഖം മലയാളികൾ വിങ്ങലോടെയാണ് ഓർക്കുന്നത്. ജൂൺ 6 ന്, കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ സേലം, ധർമപുരിയിലുണ്ടായ വാഹനാപകടത്തിലായിരുന്നു ഷൈന്റെ പിതാവ് സി.പി ചാക്കോ മരണപ്പെട്ടത്.
അച്ഛന്റെ വിയോഗത്തെ കുറിച്ചും അപ്രതീക്ഷിത ദുരന്തം എങ്ങനെ നേരിടുന്നുവെന്നും ആദ്യമായി തുറന്നുപറയുകയാണ് ഷൈൻ. 'ദി ക്യൂ'വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷൈന്‍ മനസുതുറന്നത്. അതുവരെ തനിക്ക് അപകടവും പ്രിയപ്പെട്ടവരുടെ മരണവുമെല്ലാം ഒരു കാഴ്ചമാത്രവും ടിവിയിൽ കാണുന്ന വാർത്തയുമായിരുന്നു എന്നും അതിലൂടെ കടന്നുപോയപ്പോൾ കരഞ്ഞുപോയെന്നും ഷൈൻ പറഞ്ഞു.
"സിഗരറ്റ് വലിക്കുന്നതിനു പകരമായി ഞാൻ ബിസ്കറ്റ് കഴിക്കാൻ ശീലമാക്കിയിരുന്നു. ഞാൻ പുറകിലെ സീറ്റിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തില്‍ എണീറ്റ് ഇടിയ്ക്ക് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും. ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണ് തുറന്നുനോക്കുമ്പോള്‍ വണ്ടി ഇടിച്ചുകിടക്കുകയാണ്. അതിന് ശേഷം ഡാഡി ഞങ്ങള്‍ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല.
മമ്മി ചോദിക്കുന്നുണ്ട്, എന്തിനാ നമ്മള്‍ ഈ റോഡില്‍ കിടക്കണേ, എങ്ങോട്ടാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നേ. എനിക്ക് അതുവരെ ആക്സിഡന്റ് വെറും കാഴ്ചയായിരുന്നു. മറ്റുള്ളവരുടെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ മരിക്കുക എന്ന് പറയുന്നത് എനിക്ക് വെറും വാര്‍ത്തയായിരുന്നു. ടിവിയില്‍ കാണുന്ന ന്യൂസ് മാത്രമായിരുന്നു. അതിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ റോഡില്‍നിന്ന് കരഞ്ഞുപോയി. ആരെങ്കിലും വന്ന് സഹായിക്കണേ, ആരെങ്കിലും ഒന്ന് ആശുപത്രിയില്‍ എത്തിക്കെണേ എന്ന്.
Also Read: നുറുങ്ങുന്ന വേദന കടിച്ചമർത്തി ഡാഡിയ്ക്ക് അന്ത്യചുംബനമേകി ഷൈൻ; ഉള്ളുലക്കും ഈ വിട പറച്ചിൽ
അനിയന്‍ മുന്നിലാണ് ഇരുന്നിരുന്നത്. ഞാന്‍ റീഹാബിന്റെ മരുന്നുകള്‍ കഴിക്കുന്നതിനാല്‍ നേരത്തെ കിടന്നുറങ്ങുന്ന ശീലമുണ്ട്. ഞാന്‍ ഉറങ്ങാന്‍ വേണ്ടി ഡാഡി വേറെ ആളെ കൊണ്ട് വണ്ടി ഓടിക്കും. എന്നോട് വണ്ടിയോടിക്കാന്‍ പറയാറില്ല. അനിയന്‍ ജോ കുട്ടന് ഒരു പോറലു പോലും പറ്റിയിട്ടില്ല. എന്താണ് ഇവനിങ്ങനെ നടക്കുന്നത് എന്ന് ഞാന്‍ വിചാരിച്ചു. ഇനി നടന്നു പോകുന്ന വഴി കുഴഞ്ഞു വീഴുമോ അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു. കാരണം വണ്ടി അതുപോലെ തകര്‍ന്നു കിടക്കുകയാണ്. ഞാന്‍ ഡാഡിയെ വിളിച്ചിട്ട് ഡാഡി റെസ്‌പോണ്ട് ചെയ്യുന്നില്ല. ജോയും പാച്ചുവും കൂടി ഞങ്ങളെ വാരിക്കെട്ടി ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്," ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വാഹനം അപകടത്തിൽപെട്ടത്. ഷൈനും കുടുംബവും സഞ്ചരിച്ച കാർ, ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഷൈനിനൊപ്പം പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരൻ ജോ ജോൺ, ഡ്രൈവർ അനീഷ് എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
Read More: ആശുപത്രി കിടക്കയിൽ നിന്നെത്തി; പിതാവിനെ അവസാനമായി കണ്ട് ഷൈൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.