/indian-express-malayalam/media/media_files/5hQe4FtetbUUzRo2tm99.jpg)
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ആദ്യദിനം തന്നെ ഏതാണ്ട് 3.3 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സർവൈവൽ ത്രില്ലറാണ് ചിത്രം. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു ചങ്ങാതികൂട്ടം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും അവരുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്.
മഞ്ഞുമ്മൽ ബോയ്സ് കണ്ട് സംവിധായകൻ ഷാജി കൈലാസ് കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. "ജീവിതം തൊട്ട സിനിമ," സിനിമ എന്നാണ് ഷാജി കൈലാസ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട ചേട്ടനെ കുറിച്ചുള്ള ഓർമകളും ഷാജി കൈലാസ് പങ്കുവയ്ക്കുന്നു. അഗസ്ത്യാർകൂടത്തിലേക്ക് കൂട്ടുകാർക്കൊപ്പം ടൂറുപോയ ചേട്ടൻ കാൽ വഴുതി ഡാമിൽ വീണു മരിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് കുറിക്കുന്നു.
ഷാജി കൈലാസിന്റെ കുറിപ്പിന്റെ പൂർണരൂപം
ജീവിതം തൊട്ട സിനിമ
കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.
ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അതു പതുക്കെ വലുതാവാൻ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം.
വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
പിന്നീടാണ് വിവരങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ...
അഗസ്ത്യാർകൂടത്തിലേക്ക് ആയിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.
സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു.
സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകുന്നത്. അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്, ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നു എന്നു മാത്രം.
മഞ്ഞുമ്മൽ ബോയ്സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ... ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല.
ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു.
Read More
- Manjummel Boys Review: ശ്വാസമടക്കി പിടിച്ച് മാത്രം കാണാനാവുന്ന ഗംഭീര സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' റിവ്യൂ
- നിങ്ങൾ സ്ക്രീനിൽ കണ്ടത് ഞങ്ങളുടെ ജീവിതം: റിയൽ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു
- കയറിവാടാ മക്കളേ; മഞ്ഞുമ്മൽ ബോയ്സിനെ പ്രേമയുഗത്തിലേക്ക് സ്വാഗതം ചെയ്ത് പ്രേക്ഷകർ
- ഭ്രമയുഗം റെക്കോർഡിനെ മറികടന്ന് മഞ്ഞുമ്മൽ ബോയ്സ്; ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.