/indian-express-malayalam/media/media_files/Kt7RkUI5wiKAQLyzkQ4e.jpg)
Manjummel Boys Movie Review Rating
Manjummel Boys Movie Review Rating: വിധിയെന്ന് എഴുതി തള്ളേണ്ടി വരുന്ന സാഹചര്യങ്ങളെ മനുഷ്യർക്കുള്ളിലെ അപാരമായ ഇച്ഛാശക്തി ജയിച്ച കഥകൾ പറയുകയാണ് സർവൈവൽ ത്രില്ലറുകൾ. തീവ്രമായ സാഹചര്യങ്ങളെ വ്യക്തികൾ എങ്ങനെ അഭിമുഖീകരിച്ചെന്നു പറയുന്ന അത്തരം കഥകൾക്ക് കാഴ്ചക്കാരെ വലിയ രീതിയിൽ പ്രചോദിപ്പിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ ഴോണറിലുള്ള ചിത്രങ്ങൾക്ക് ലോകസിനിമയിൽ തന്നെ ലഭിക്കുന്ന വൻ സ്വീകാര്യത. ഹെലൻ, വൈറസ്, ടേക്ക് ഓഫ്, 2018, മലയൻകുഞ്ഞ് എന്നിങ്ങനെ മലയാളത്തിലും സമീപകാലത്ത് നിരവധി സർവൈവൽ ത്രില്ലറുകൾ വന്നിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന, മികച്ച സാങ്കേതിക തികവോടെയും കൺവീൻസിംഗായും ഒരുക്കിയ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2006ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ശ്വാസമടക്കി പിടിച്ചു മാത്രം പ്രേക്ഷകർക്കു കണ്ടു തീർക്കാൻ സാധിക്കുന്ന ഉദ്വേഗജനകമായൊരു കാഴ്ചാനുഭവം, 'മഞ്ഞുമ്മൽ ബോയ്സി'നെ ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം,
കൊച്ചിയിലെ മഞ്ഞുമ്മൽ സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദക്കാഴ്ചകളിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ഒരു ക്വാളിസിൽ മഞ്ഞുമ്മലിൽ നിന്നും 11 കൂട്ടുകാർ കൊടൈക്കനാലിലേക്ക് ടൂർ പോവുകയാണ്. പക്ഷേ, ആ ചങ്ങാതിക്കൂട്ടത്തെ കാത്തിരുന്നത് അപ്രതീക്ഷികവും ഭീതിദവുമായ സാഹചര്യങ്ങളായിരുന്നു. പക്ഷേ, ഏതു പ്രതിസന്ധിയേയും ഒന്നിച്ചു നിന്ന് തോൽപ്പിക്കാൻ മാത്രം സ്നേഹവും സാഹോദര്യവും സിരകളിൽ അലിഞ്ഞ ആ ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യം, വിധിയെ പോലും മാറ്റിയെഴുതുകയാണ്. വെറുമൊരു സൗഹൃദക്കാഴ്ച മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ്, പ്രതിസന്ധികളിൽ പതറാതെയും തോൽക്കാൻ മനസ്സില്ലാതെയും മുന്നോട്ടുപോവുന്ന മനുഷ്യരുടെ മനോവീര്യത്തിന്റെ കൂടെ കഥ പറയുന്നുണ്ട്.
യഥാർത്ഥ സംഭവമായതിനാൽ തന്നെ, പ്രേക്ഷകരിൽ പലരും മുൻപുകേട്ടിട്ടുള്ള കഥയെന്ന പരിമിതിയുണ്ട് ചിത്രത്തിന്റെ കഥാതന്തുവിന്. വേണമെങ്കിൽ ഒരൊറ്റവരിയിൽ പറഞ്ഞു തീർക്കാവുന്നത്രയും 'ലളിതമായൊരു' സ്റ്റോറി ത്രെഡ്. പക്ഷേ അതിനെ ഏറ്റവും ഉദ്വേഗജനകമായും പ്രേക്ഷകരുടെ വൈകാരികതയുമായി കണക്റ്റ് ചെയ്യുന്ന രീതിയിലും അവതരിപ്പിക്കുക എന്നതാണ് സംവിധായകൻ നേരിട്ട പ്രധാന വെല്ലുവിളി. ആ ഉദ്യമത്തിൽ ചിദംബരം വിജയിച്ചിട്ടുണ്ട്. 'കഥയറിയാം, ക്ലൈമാക്സ് ഊഹിക്കാം' എന്നൊക്കെയുള്ള ധാരണകളോടെ എത്തിയാൽ പോലും ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും. അത്രയേറെ കയ്യടക്കത്തോടെയും ബ്രില്ല്യൻസോടെയുമാണ് ചിദംബരവും ടീമും ചിത്രം ഒരുക്കിയിരിക്കുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രധാന അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ നിസ്വാർത്ഥമായ സൗഹൃദവും സ്നേഹവും പ്രേക്ഷകരുടെ ഉള്ളുതൊടും.
ചിത്രത്തെ ഗംഭീര തിയേറ്റർ കാഴ്ചയാക്കി മാറ്റുന്നതിൽ എടുത്തു പറയേണ്ട രണ്ടു ഘടകങ്ങൾ, ഛായാഗ്രഹണവും കലാസംവിധാനവുമാണ്. ഒരേസമയം, കൊടൈക്കനാലിന്റെ ഭംഗിയും വന്യതയും ദൃശ്യങ്ങളിൽ മിന്നിമറയും. സാത്താന്റെ അടുക്കള (ഡെവിൾ കിച്ചൻ) എന്നറിയപ്പെടുന്ന ഗുണ കേവിന്റെ ഭീതിദമായ അന്തരീക്ഷം ടോപ്പ് ക്ലാസ്സ് മികവോടെ തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എങ്ങനെയാവും ഈ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് പ്രേക്ഷകർ അത്ഭുതപ്പെടും. ഒരു മുന്നറിയിപ്പ്, ക്ലോസ്ട്രോഫോബിയ ഉള്ള വ്യക്തികൾക്കു ചിത്രത്തിന്റെ തിയേറ്റർ കാഴ്ച അത്ര സുഖകരമായിരിക്കില്ല!
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനിംഗ്. സുഷിൻ ശ്യാമിന്റെ സംഗീതം കഥാപശ്ചാത്തലങ്ങളെ, സംഘർഷങ്ങളെ, ഭീതിയെ, പ്രത്യാശയെ അതിന്റെ മുറുക്കത്തോടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ ഗണപതിയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ.
കമൽഹാസൻ നായകനായ 'ഗുണ' എന്ന ചിത്രത്തിന്റെ റഫറൻസുകളാൽ സമ്പന്നമാണ് ചിത്രം. "മനിതർ ഉണർന്നു കൊള്ള, ഇത് മനിത കാതൽ അല്ല, അതയും താണ്ടി പുനിതമാനത്" എന്ന വരികളെ ഇത്രയും സന്തോഷത്തോടെ പ്രേക്ഷകർ കേട്ട മറ്റൊരു സന്ദർഭം ഉണ്ടാവില്ല. ഗുണയിൽ ഇളയരാജ ഒരുക്കിയ "കൺമണി അൻപൊട് " എന്ന ഗാനത്തിനെ ചിത്രത്തിന്റെ ആത്മാവുമായി അതിമനോഹരമായി ചേർത്തുവയ്ക്കുന്നുണ്ട് സുഷിൻ ശ്യാമും ചിദംബരവും. ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്കൊപ്പം ആ ഗാനവും കൂടെ പോരും.
തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്ന, കഥാപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സാങ്കേതികതകൊണ്ടുമെല്ലാം മികവു പുലർത്തുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. 'ജാൻ എ മനി'നു ശേഷം ഒരിക്കൽ കൂടി തന്റെ സംവിധാന മികവ് തെളിയിച്ചിരിക്കുകയാണ് ചിദംബരം.
Read More Reviews
- താണ്ഡവമാടി പോറ്റി, ധീരമായ പരീക്ഷണം: 'ഭ്രമയുഗം' റിവ്യൂ: Bhramayugam Movie Review
- ലളിതം, മനോഹരം, ആവർത്തനം; 'പ്രേമലു' റിവ്യൂ: Premalu Movie Review
- രക്തച്ചൊരിച്ചിലോ സൈക്കോ വില്ലന്മാരോ ഇല്ലാത്ത ഒരു ഡീസന്റ് ത്രില്ലർ; 'അന്വേഷിപ്പിൻ കണ്ടെത്തും' റിവ്യൂ : Anweshippin Kandethum Movie Review
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.