/indian-express-malayalam/media/media_files/uploads/2022/08/pathonpatham-noottandu-review.jpg)
Pathonpatham Noottandu Malayalam Movie Review & Rating: പീരിയഡ് ഡ്രാമകൾ ഇപ്പോൾ ഇന്ത്യൻ സിനിമകളിൽ വളരെയധികം പരീക്ഷിക്കപ്പെടുന്നുണ്ട്. 'ബാഹുബലി'യുടെ സ്വപ്ന തുല്യമായ വിജയവും സമാനമായ മറ്റു ദക്ഷിണേന്ത്യൻ സിനിമകളുടെ അതിനു ശേഷമുള്ള കുതിച്ചു കയറ്റവും ഒക്കെയാണ് അത്തരം സിനിമകൾ വലിയ പ്രലോഭനമുണ്ടാക്കാനുള്ള പ്രധാന കാരണങ്ങൾ. ദക്ഷിണേന്ത്യയിൽ നിന്നുള്ള അത്തരം സിനിമകൾ ലോകം മുഴുവൻ ശ്രദ്ധ നേടിയത് കൊണ്ട് തന്നെ ഇവിടെ നിന്നു നിരന്തരം അത്തരം പരീക്ഷണങ്ങൾ വന്നു കൊണ്ടേയിരുന്നു.
സാമ്പത്തികമായി നോക്കിയാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ വ്യവസായ മേഖലയാണ് മലയാളം. അത് കൊണ്ട് തന്നെ ഇവിടെ നിന്ന് അത്തരം പരീക്ഷണങ്ങൾ വരുന്നത് കുറവാണ്. 'മാമാങ്കം,' 'മരക്കാർ-അറബിക്കടലിന്‍റെ സിംഹം' തുടങ്ങി ഇവിടെ നിന്ന് ഇറങ്ങിയ അത്തരം സിനിമകൾക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചത് അത്തരം ശ്രമങ്ങൾക്ക് പിന്നിലെ ധൈര്യം ഒന്ന് കൂടി കുറച്ചു. ഇതിനിടയിൽ എപ്പോഴോ ആണ് വിനയൻ 'പത്തൊൻപതാം നൂറ്റാണ്ട്' അനൗൺസ് ചെയ്തത്. വിവാദങ്ങളുടെയും തിരിച്ചു വരവുകളുടെയും ഇടയിൽ നിൽക്കുന്ന സംവിധായകൻ ആയത് കൊണ്ട് തന്നെ ആ വാർത്ത സിനിമാ പ്രേമികൾ ശ്രദ്ധിച്ചു.
Pathonpatham Noottandu Malayalam Movie Review & Rating
ഓണകാലത്തെ മറ്റ് റിലീസുകൾ റിയലിസ്റ്റിക് ഡ്രാമ ഗണത്തിൽ പെടുന്നവയാണ്. അതിനിടയിൽ പീരിയഡ് ഡ്രാമ ആയി കുടുംബങ്ങൾക്ക് മുന്നിലേക്ക് 'പത്തൊൻപതാം നൂറ്റാണ്ട്' പുറത്തിറങ്ങുന്നത്. സിജു വിൽസൺ, അനൂപ് മേനോൻ, സുദേവ് നായർ, സുധീർ കരമന, ഇന്ദ്രൻസ്, ദീപ്തി സതി, അലൻസിയർ, പൂനം ബജവാ, കയാഡു ലോഹർ, മാധുരി, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ ഉണ്ട്.
ചിത്രത്തിലെ പാട്ടുകൾ ദൃശ്യസമൃദ്ധി കൊണ്ട് വൻ ശ്രദ്ധ നേടി. സിനിമക്ക് വേണ്ടി സിജു വിത്സൻ നടത്തിയ പരിശീലനങ്ങളും സിനിമയുടെ സമൃദ്ധമായ കാഴ്ചകളും ഒക്കെ വലിയ വാർത്തകൾ നേടി. പല ഗണത്തിലുള്ള സിനിമകൾ പല കാലങ്ങളിൽ ചെയ്ത സംവിധായകൻ എന്ന നിലയിൽ ഒരു വിഭാഗം പ്രേക്ഷകർക്ക് വിനയനിൽ ഉണ്ടായ വിശ്വാസവും സിനിമക്ക് വലിയ ഹൈപ്പ് നൽകി.
ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് 'പത്തൊൻപതാം നൂറ്റാണ്ട്' പറയുന്നത്. ആ തെരഞ്ഞെടുപ്പ് സത്യത്തിൽ അത്ഭുതം ഉണ്ടാക്കുന്ന ഒന്നാണ്. അധികം വാഴ്ത്തുപാട്ടുകൾ ഇല്ലാതെ പോയ നവോഥാന നായകനാണ് ആറാട്ടുപുഴ വേലായുധൻ പണിക്കർ. കഥകളി യോഗം, ഈഴവ ശിവൻ, മൂക്കുത്തി സമരം, മാറുമറക്കൽ സമരം, അച്ചിപുടവ സമരം തുടങ്ങി പത്തൊൻപതാം നൂറ്റാണ്ടിലെ നവോഥാന സമരങ്ങളിൽ വേലായുധ പണിക്കരുടെ പങ്ക് ഒഴിവാക്കാനാവാത്തതാണ്. അത് കൊണ്ട് തന്നെ ചരിത്രവും രാഷ്ട്രീയവും പറയുന്നതിനൊപ്പം ഒരു 'ലാർജർ ദാൻ ലൈഫ്' കഥാപാത്രത്തെ അവതരിപ്പിക്കാൻ കൂടിയുള്ള സാധ്യത സിനിമയിൽ ഉണ്ടായിരുന്നു. ഒരു വലിയ കമേര്‍സ്യല്‍ മെറ്റീരിയൽ കൂടിയാക്കി മാറ്റാൻ ഉള്ള വലിയ സാധ്യത ആ നിലക്ക് 'പത്തൊൻപതാം നൂറ്റാണ്ടി'നുണ്ടായിരുന്നു.
സിനിമയിലേക്ക് വന്നാൽ ഒരു ടിപ്പിക്കൽ വിനയൻ സിനിമ എന്ന് 'പത്തൊൻപതാം നൂറ്റാണ്ടി'നെ പറയാം. വിനയൻ ശൈലിയിൽ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, ദൃശ്യങ്ങൾ ഒക്കെയാണ് 'പത്തൊൻപതാം നൂറ്റാണ്ട്.' നായികമാരെ ചിത്രീകരിച്ച വിധം, വയലൻസ്, സംഭാഷണങ്ങൾ ഒക്കെ വിനയൻ സിനിമയാണ് കാണുന്നത് എന്ന് ഓരോ നിമിഷവും കാണികളെ ഓർമിപ്പിച്ചു. പാട്ടുകൾ പോലും ആ ഓർമ പ്രേക്ഷകരിലേക്ക് പകർന്നു നൽകി.
/indian-express-malayalam/media/media_files/uploads/2022/09/image-1.png)
ഒരു ചരിത്ര സിനിമയിൽ മാസ്സ് സാധ്യതകൾ സംവിധായകർ തിരയാറുണ്ട്. 'പത്തൊൻപതാം നൂറ്റാണ്ടി'ലും അത്തരം സാദ്ധ്യതകൾ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആ സാധ്യത പലപ്പോഴും പൂർണതയിൽ എത്തിയില്ല. 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന പേരിനോട് നീതി പുലർത്താൻ ഒരുപാട് സംഭവങ്ങളും സന്ദർഭങ്ങളും കുത്തി നിറച്ചു കൊണ്ട് വിചിത്രമായ അനുഭവമായി സിനിമ. എല്ലാ സംഭവങ്ങളും സിനിമയുടെ ദൈർഘ്യത്തിനുള്ളിൽ ഒതുങ്ങാതെ നിൽക്കും പോലുള്ള അനുഭവമായി പലയിടത്തും മാറി. മാസ്സ് ആവാൻ ശ്രമിച്ചു ഒരു സംഭവത്തിൽ നിന്നു മറ്റൊരു സംഭവത്തിലേക്ക് സിനിമ തുടക്കത്തിൽ തെന്നി മാറി.
സിനിമയിലെ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി ഒക്കെ പല രീതിയിൽ പല കാലങ്ങളിൽ ചർച്ചയായ വിഷയമാണ്. പലപ്പോഴും ആ വിഷയത്തിൽ ഉദാഹരണമായി പറയാറുള്ളത് വിനയൻ സിനിമകളാണ്. കാലം മാറിയതോടെ അത്തരം ചർച്ചകൾ മാറി മറിഞ്ഞു. അതിനൊപ്പം തന്നെ സിനിമയിലെ സ്ത്രീ കഥാപാത്ര നിർമിതി ഒരുപാട് മാറി. പക്ഷേ വിനയൻ സിനിമകളിൽ സ്ത്രീകളെ നിർമിക്കുന്ന രീതിയിൽ കഴിഞ്ഞു പോയ ദശബ്ദങ്ങൾ ഒട്ടും മാറ്റം വരുത്തിയിട്ടില്ല. നങ്ങേലിയെ പോലൊരു കഥാപാത്രം പോലും അത്തരം ചിത്രീകരണത്തിൽ പെട്ടു പോയത് പോലെ തോന്നി.
ഒരു ചരിത്ര സിനിമ എന്ന രീതിയിൽ ആറാട്ട്പുഴ വേലായുധ പണിക്കരെ അല്ലെങ്കിൽ 'പത്തൊൻപതാം നൂറ്റാണ്ടിലെ' കേരള നവോത്ഥന ചരിത്രത്തെ അധികം വളച്ചൊടിക്കാതെ സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട്. വാണിജ്യ മലയാള സിനിമയിൽ ആറാട്ട്പുഴ വേലായുധ പണിക്കർക്ക് ഇത്തരം ഒരു അടയാളപ്പെടുത്തൽ വേറിട്ട ഒരു സംഭവവുമാണ്. ആ സംഭവങ്ങളുടെ ഒരു ചെറിയ രൂപരേഖ എന്ന നിലയിൽ സിനിമയെ സമീപിച്ചാൽ ചിലപ്പോൾ അത്രയൊന്നും നിരാശപ്പെടാൻ സാധ്യത ഇല്ല. സിനിമ പറയുന്ന ചരിത്രത്തിന്‍റെ ബാക്കി അന്വേഷിക്കാനുള്ള സ്വഭാവികമായ കൗതുകം ചില രംഗങ്ങൾ ബാക്കി വെക്കുന്നുണ്ട്. അഭിനയത്തിലും മേക്കിങ്ങിലും എഡിറ്റിംഗിലും അത്രയധികം സ്വഭാവികതയോ പൂർണതയോ പലയിടത്തും കണ്ടില്ല.
അടിമുടി വിനയൻ ടച്ചുള്ള ചരിത്ര സിനിമ എന്ന് 'പത്തൊൻപതാം നൂറ്റാണ്ടി'നെ ചുരുക്കാം. അത്തരം സിനിമാ ആസ്വാദകരെ സിനിമ ചിലപ്പോൾ തൃപ്തിപ്പെടുത്തിയേക്കാം.
Read More Onam Release Reviews Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.