/indian-express-malayalam/media/media_files/uploads/2019/09/brothers-day-review-3.jpg)
Prithviraj Starrer Brother's Day Movie Review: തുടര്‍ച്ചയായ സീരിയസ് കഥാപാത്രങ്ങള്‍ക്കും, തന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറി'നും ശേഷം പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും അടിയും ഇടിയും ആട്ടവും പാട്ടുമൊക്കെയായി ഒരു മുഴുനീള എന്റര്‍ടെയിനര്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് 'ബ്രദേഴ്‌സ് ഡേ'യിലൂടെ. നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ് എന്നീ നാല് നായികമാരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Read Here: ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബ്രദര്‍സ് ഡേ, ഫൈനല്‍സ്: മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍
Brother's Day Movie Review: Story Line
ഫോര്‍ട്ട് കൊച്ചിയില്‍ കാറ്ററിങ് സര്‍വീസ് നടത്തുകയാണ് റോണി(പൃഥ്വിരാജ്)യും അടുത്ത സുഹൃത്ത് മുന്ന(ധര്‍മ്മജന്‍)യും. ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി, വഴി തെറ്റിയെത്തുന്ന ചാണ്ടി(വിജയരാഘവന്‍) എന്ന വ്യവസായിയും മറ്റ് ചില കഥാപാത്രങ്ങളും, അതു വരെ ഉണ്ടായിരുന്ന റോണിയുടെ ജീവിതത്തെ മാറ്റി മറിയ്ക്കുകയാണ്. അവരുടെ ജീവിതങ്ങള്‍ അയാളുടേതു കൂടിയായി മാറുകയും അവരെല്ലാം പരസ്പരം ഒരു ബിന്ദുവില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇവരുടെയെല്ലാം ജീവിതത്തെ പരസ്പരം കോര്‍ത്തു കൊണ്ട് പോകുന്ന ഒരു കഥയിലൂടെയും കഥാപാത്രത്തിലൂടെയുമാണ് 'ബ്രദേഴ്‌സ് ഡേ' എന്ന ചിത്രം മുന്നോട്ട് പോകുന്നത്.
Brother's Day Movie Review: Prithviraj The Star
നേരത്തെ പറഞ്ഞതു പോലെ 'എസ്ര', 'ആദം ജോണ്‍', 'നയന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഉത്സവ ചിത്രത്തില്‍ പ്രഥ്വിരാജ് അഭിനയിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇരട്ടി മധുരമാണ് ഈ ഓണക്കാലത്ത് നല്‍കുന്നത്. തിയേറ്ററില്‍ കണ്ട യുവാക്കളുടെ നീണ്ട നിര അതിന് തെളിവാണ്.
'പാവാട' എന്ന ചിത്രത്തിലാണ് മുഴുനീള കോമഡി ചെയ്യുന്ന പൃഥ്വിരാജിനെ അവസാനമായി കാണുന്നത്. എന്നാല്‍ കോമഡി എന്റര്‍ടെയ്‌നര്‍ എന്നത് പൃഥ്വിരാജിന് ഇപ്പോഴും അത്ര എളുപ്പമുള്ള ഒന്നല്ല. ആദ്യ പകുതിയില്‍ പലയിടങ്ങളിലും ഹാസ്യരംഗങ്ങളില്‍ പൃഥ്വിരാജ് പതറുന്നത് അറിയാനാകും. പലയിടത്തും നാടകീയത കടന്നുവരുന്നുണ്ട്.
Brother's Day Movie Review: Engaging Crime Thriller
ആദ്യ പകുതിയിലെ ചെറിയ ലാഗിന് ശേഷം രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുമ്പോള്‍ 'ബ്രദേഴ്‌സ് ഡേ' എന്ന ചിത്രത്തിന്റെ ജോണര്‍ തന്നെ മാറുന്നതായി കാണാം. പിന്നീടങ്ങോട്ട് ചിത്രം പക്കാ ത്രില്ലര്‍ മോഡിലാണ് പോകുന്നത്. രണ്ടാം പകുതി പ്രേക്ഷകരെ നല്ല രീതിയില്‍ 'എന്‍ഗേജിംഗ്' ആക്കാന്‍ സംവിധായകന്‍ കലാഭവന്‍ ഷാജോണിന് സാധിച്ചിട്ടുണ്ട്.
ഇന്റര്‍വെല്ലിന് ശേഷം ഓരോ സീനും തീര്‍ത്തും ആകാംക്ഷയോടെയാണ് കണ്ടിരുന്നത്. ആദ്യ പകുതിയില്‍ പലതും തമ്മില്‍ ഒരു ചേരുംപടി ചേരായ്ക തോന്നുമെങ്കിലും രണ്ടാം പകുതി അതിന് പകരമാകുന്നുണ്ട്. 'ട്വിസ്റ്റ് ആന്‍ഡ് ടേണുകള്‍' ഭംഗിയായി, കണക്ഷന്‍ വിട്ടു പോകാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
Read Here: എന്റെ നായകൻ ന്യൂജെൻ ഹിറ്റ്‌ലർ മാധവൻകുട്ടിയല്ല: കലാഭവൻ ഷാജോൺ
Brother's Day Movie Review: Aishwarya Lekshmi, Mia George,Prayaga Martin, Madonna Sebastian excel
നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ഇതില്‍ എടുത്ത് പറയേണ്ട പ്രകടനം ഐശ്വര്യ ലക്ഷ്മിയുടേതും മിയ ജോര്‍ജിന്റേയുമാണ്. രണ്ടാം പകുതിയില്‍ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ഐശ്വര്യ അവതരിപ്പിക്കുന്ന സാന്റ എന്ന കഥപാത്രമാണ്. പല തരം വൈകാരിക അവസ്ഥകളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ് സാന്റ. കഥാപാത്രത്തോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ മിയയും ഐശ്വര്യയും ഒന്നിച്ചുള്ള പ്രകടനങ്ങള്‍ മികച്ചതായി അനുഭവപ്പെട്ടു. മഡോണയും പ്രയാഗയും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു.
ചിത്രത്തില്‍ ഏറ്റവും ഉജ്വലമായ പ്രകടനം കാഴ്ച വച്ചത് വില്ലന്‍ കഥാപാത്രമായെത്തിയ തമിഴ് നടന്‍ പ്രസന്നയാണ്. മലയാള സിനിമയില്‍ സമീപ കാലത്ത് കണ്ട സൈക്കോ വില്ലന്മാരില്‍ ഒട്ടും പിന്നിലല്ലാത്ത പ്രകടനമാണ് പ്രസന്ന കാഴ്ച വക്കുന്നത്. ഏറ്റവും നന്നായി ചിരിച്ചു കൊണ്ട് പേടിപ്പെടുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്ന വില്ലന്‍. പ്രസന്നയ്ക്ക് മലയാള സിനിമയില്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ ലഭിക്കാന്‍ 'ബ്രദേഴ്‌സ് ഡേ' കാരണമാകട്ടെ.
Brother's Day Movie Review: Commendable Work on Technical Side
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ജിത്തു ദാമോദറാണ്. ഫോര്‍ട്ട് കൊച്ചിയുടേയും മൂന്നാറിന്റേയും സൗന്ദര്യവും, പലപ്പോഴും പേടിപ്പിക്കുന്ന സൗന്ദര്യവും ഭംഗിയായി അദ്ദേഹത്തിന്റെ ക്യാമറ പകര്‍ത്തിയിട്ടുണ്ട്. 4 മ്യൂസിക്‌സിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മടുപ്പിക്കാത്തതായിരുന്നു.
Read Here: Ittymaani Made in China Review: ഉത്സവാഘോഷ ചിത്രം: ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ റിവ്യൂ
ആരാധകർ ആഗ്രഹിച്ച തരത്തിലൊരു തിരിച്ചു വരവ് നടത്താൻ പൃഥ്വിരാജിനായെന്നും ഓണക്കാലത്ത് മലയാള സിനിമാ പ്രേക്ഷകരെ രസിപ്പിക്കാനുള്ള വകകൾ നൽകുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ എന്നും പറഞ്ഞു വയ്ക്കുന്നതാണ് തിയേറ്ററിൽ ഉയർന്ന കൈയ്യടികളും പൊട്ടിച്ചിരികളും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.