ഈ ഓണക്കാലം കലാഭവൻ ഷാജോണിന് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഇരുപതു വർഷമായി പ്രാണവായു പോലെ സിനിമയെ നെഞ്ചിലേറ്റുന്ന ഷാജോൺ എന്ന കലാകാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രദേഴ്സ് ഡേ’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. മിമിക്രി കലാകാരനായി തന്റെ അഭിനയജീവിതം ആരംഭിച്ച് തുടർന്ന് സ്വഭാവനടനായും വില്ലനായുമൊക്കെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഷാജോൺ.
താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ഷാജോൺ ഇപ്പോൾ. ‘ബ്രദേഴ്സ് ഡേ’ അനുഭവങ്ങൾ, പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ- ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് കലാഭവൻ ഷാജോൺ.
Read more: Onam Release: നവാഗതർ കയ്യൊപ്പു ചാർത്തുന്ന ഒരു ഓണം റിലീസ് കാലം
“20 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. സംവിധാനത്തെ കുറിച്ച് സീരിയസ്സായി ചിന്തിച്ചു തുടങ്ങുന്നതിനു മുൻപെ യാദൃശ്ചികമായി എന്നിലെത്തി ചേർന്ന അവസരമാണ് ഈ സംവിധായകവേഷം. ‘ബ്രദേഴ്സ് ഡേ’യുടെ തിരക്കഥയെഴുതി പൃഥ്വിരാജിനെ കാണിച്ചപ്പോൾ, പൃഥ്വിയാണ് പറഞ്ഞത് ‘ചേട്ടൻ ഈ സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ ഡേറ്റ് തരാം’ എന്ന്. എത്രയോ ആളുകൾ പൃഥ്വിയുടെ ഡേറ്റിനായി കാത്തിരിക്കുന്നു, തന്നെ തേടിയെത്തുന്ന തിരക്കഥകൾ സൂക്ഷിച്ചു മാത്രം തെരെഞ്ഞെടുക്കുന്ന ഒരു നടൻ കൂടിയാണ് പൃഥ്വി- അങ്ങനെ ഒരാൾ ഡേറ്റ് തരുമ്പോൾ ആ അവസരം നഷ്ടപ്പെടുത്തരുതെന്ന് തോന്നി,” അപ്രതീക്ഷിതമായി തന്നിലെത്തി ചേർന്ന സംവിധായകവേഷത്തെ കുറിച്ച് ഷാജോൺ പറഞ്ഞുതുടങ്ങി.
“2009 ലാണ് ഇങ്ങനെ ഒരു ത്രെഡ് എനിക്ക് കിട്ടുന്നത്. അന്ന് ചെറുതായൊന്നു വർക്ക് ചെയ്തു വച്ചു. ‘മൈ ബോസ്’, ‘ദൃശ്യം’ പോലുള്ള സിനിമകൾ കഴിഞ്ഞതോടെ അഭിനയത്തിൽ തിരക്കായി. ഇതിൽ നിന്നുള്ള ഫോക്കസ് മാറിപ്പോയി, അതിനിടയിലും സമയം കിട്ടുമ്പോഴൊക്കെ ഈ സബ്ജെക്റ്റ് പൊടിത്തട്ടി മിനുക്കി വയ്ക്കുന്നുണ്ടായിരുന്നു. 2016 ലാണ് ഞാൻ രാജുവിനോട് ഇതിന്റെ കഥ പറയുന്നത്, നമ്മളിതു ചെയ്യുന്നു എന്നു രാജു വാക്ക് തന്നതോടെ പിന്നെ എല്ലാം ട്രാക്കിലായി. സത്യത്തിൽ പൃഥ്വിരാജാണ് നിയോഗമായത്.”
“എന്റെ ജീവിതത്തിൽ എല്ലാം തന്നെ വളരെ പെട്ടെന്ന് സംഭവിച്ച കാര്യങ്ങളാണ്. മുന്നിലെത്തുന്ന അവസരങ്ങൾ, ജോലികൾ എല്ലാം നല്ലരീതിയിൽ, നൂറുശതമാനം ആത്മാർത്ഥതയോടെ ചെയ്യുക എന്നതു മാത്രമാണ് ഞാനിത്രനാളും പിൻതുടർന്ന കാര്യം. വിജയമോ പരാജയമോ എന്നൊന്നും ആലോചിക്കാതെ ആത്മാർത്ഥതയോടെ ജോലി ചെയ്യുക. എല്ലാം നല്ലതിനായിരിക്കും എന്നൊരു ശുഭാപ്തി വിശ്വാസത്തോടെയാണ് സംവിധാനത്തിലേക്കും മുന്നിട്ടിറങ്ങിയത്. ദൈവം സഹായിച്ച്, ചിത്രത്തിന്റെ ഫൈനൽ ഔട്ട്പുട്ടിൽ ഞാൻ സന്തോഷവാനാണ്. പ്രതീക്ഷിച്ചതിനേക്കാൾ നന്നായി വന്നിട്ടുണ്ട് എല്ലാം.” ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഷാജോൺ പങ്കുവെച്ചു.
“സിനിമയിൽ കൂടുതലും ഹാസ്യവേഷങ്ങൾ ചെയ്തൊരു കലാകാരനായതുകൊണ്ട്, സിനിമ ഒരു മുഴുനീള കോമഡി ചിത്രമായിരിക്കുമല്ലേ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. പക്ഷേ അതല്ലാട്ടോ, തമാശകളും ഒരു സഹോദരീസഹോദര ബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും എല്ലാമുള്ളൊരു ചിത്രമാണിത്. ‘ബ്രദേഴ്സ് ഡേ’യെ ഫാമിലി ത്രില്ലർ ഴോണറിൽ പെടുത്താം. ത്രില്ലർ സിനിമകൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ, ആ ഒരു സ്വാധീനം ഈ സിനിമയിലുമുണ്ട്. പ്രേക്ഷകരെ രസിപ്പിച്ച്, ബോറടിപ്പിക്കാതെ മുന്നോട്ടു പോവുന്നൊരു ചിത്രമായിരിക്കും ‘ബ്രദേഴ്സ് ഡേ’ എന്നാണ് വിശ്വാസം,” ഷാജോൺ പറയുന്നു.
ഒരു നായകനും നാലു നായികമാരും
ഹീറോയിസമില്ലാത്ത, അതിമാനുഷികനല്ലാത്ത ഒരാളാണ് എന്റെ നായകൻ റോണി. ജോയ്സ് കാറ്ററിംഗ് എന്നൊരു കമ്പനിയിലെ ജോലിക്കാരനാണ് അയാൾ. എറണാകുളത്തെ ചെല്ലാനം പോലുള്ള ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരൻ. സാധാരണക്കാരുടെ ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും പ്രശ്നങ്ങളും സഹോദരിസഹോദരബന്ധവും ഒക്കെയാണ് സിനിമയ്ക്ക് വിഷയമാകുന്നത്.
ഹിറ്റ്ലർ മാധവൻകുട്ടിയുടെ ന്യൂജനറേഷൻ വേർഷനാണോ ‘ബ്രദേഴ്സ് ഡേ’യിലെ റോണിയെന്ന് ചിലരൊക്കെ ചോദിച്ചു. പക്ഷേ അതല്ല, ഈ നാലു നായികമാർക്കും തമ്മിൽ ബന്ധമില്ല. അതേസമയം അവർക്ക് നാലുപേർക്കും ചിത്രത്തിൽ തുല്യപ്രാധാന്യം ഉണ്ടുതാനും. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, മിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അവരില്ലാതെ ഈ സിനിമയില്ല, അത്രത്തോളം പ്രാധാന്യമുണ്ട് നാലുപേർക്കും.
കൂൾ കൂൾ വില്ലൻ
എന്റെ സിനിമയിലെ വില്ലൻ ഒറ്റനോട്ടത്തിൽ പരുക്കൻ ലുക്കില്ലാത്ത ഒരാളാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. വളരെ സുന്ദരനും കൂൾ ആറ്റിറ്റ്യൂഡുമുള്ള ഒരാൾ. മലയാളസിനിമയിലെ നായകനടന്മാരെ ആരെങ്കിലും സമീപിക്കാം എന്നായിരുന്നു എന്റെ മനസ്സിലെ ചിന്ത. അപ്പോഴാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസന്നയുടെ കാര്യം പറയുന്നത്. ലിസ്റ്റിന്റെ കുടുംബസുഹൃത്താണ് പ്രസന്ന, കുറേക്കാലമായി അവർക്കിടയിൽ നല്ല സൗഹൃദവുമുണ്ട്. പ്രസന്നയുടെ പുതിയ ചിത്രങ്ങളൊക്കെ ലിസ്റ്റിൻ കാണിച്ചു തന്നപ്പോൾ പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. ആ കഥാപാത്രത്തിന് പ്രസന്ന പെർഫെക്റ്റ് ആയിരുന്നു.
നല്ല കംഫർട്ടായിരുന്നു പ്രസന്നയ്ക്ക് ഒപ്പം ജോലി ചെയ്യുന്നത്. പ്രസന്ന നന്നായി മലയാളം പറയും, പ്രസന്നയുടെ മലയാളം കേട്ടിട്ട് പാലക്കാട്ടുകാരൻ ആണോ എന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. മലയാളം പാട്ടുകളൊക്കെ അറിയാം പ്രസന്നയ്ക്ക്. സംഭാഷണങ്ങൾ അതിന്റെ അർത്ഥവും ഇമോഷനുമൊക്കെ മനസ്സിലാക്കി പഠിക്കാനും പ്രസന്നയ്ക്ക് കഴിഞ്ഞു. ഈ സിനിമയ്ക്ക് ഒരു ഫ്രഷ് ഫീൽ കൊണ്ടുവരാൻ പ്രസന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.
സംവിധായകവേഷം ഞാനേറെ ആസ്വദിച്ചു
ഒരു നടനിൽ നിന്നും സംവിധായകനായപ്പോൾ തോന്നിയ പ്രധാന വ്യത്യാസം, രാവിലെ വണ്ടി റെഡിയാണ് എന്നു പറഞ്ഞ് വിളിക്കാൻ ആരും കാത്തിരിപ്പില്ല എന്നതാണ്. നടനാവുമ്പോൾ രാവിലെ പറഞ്ഞ സമയത്തിനു അരമണിക്കൂർ മുൻപെ ഹോട്ടൽ റൂമിലേക്ക് വിളി വരും, വണ്ടി റെഡിയാണ് എന്നും പറഞ്ഞ് (ചിരിക്കുന്നു). ഇത് പക്ഷേ അങ്ങനെയല്ല, നമ്മൾ ചെന്നാലെ എല്ലാം ട്രാക്കിലാവൂ. ഞാൻ ഒരു അഞ്ചുമിനിറ്റ് വൈകിയാൽ ഷൂട്ട് ഒരു മണിക്കൂർ വൈകും. അതുകൊണ്ട് നമ്മൾ ഉത്തരവാദിത്വത്തോടെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഓരോ ദിവസവും തുടങ്ങിയത്. ഒരു പ്രോഗ്രാമിന് പോകുമ്പോൾ പറഞ്ഞ സമയത്തിനും മുൻപെ വെന്യൂവിൽ എത്തണം എന്നൊക്കെയുള്ളത് കലാഭവൻ കാലത്ത് കിട്ടിയ ട്രെയിനിംഗ് ആണ്. അതെല്ലാം സംവിധായകന്റെ ജോലിയിൽ ഏറെ സഹായിച്ചു. സംവിധായകന്റെ റോൾ ഞാനേറെ ആസ്വദിച്ചാണ് ചെയ്തത്.
എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ നൂറുശതമാനം ആത്മാർത്ഥതയോടെ തന്നെ ഈ ചിത്രം ചെയ്തിട്ടുണ്ട്. ഇത് പ്രേക്ഷകർക്ക് ഇഷ്ടമായാൽ, അവർ സമ്മതിച്ചാൽ ഇനിയും സിനിമകൾ സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട്. എനിക്കൊട്ടും ധൃതിയില്ല. നല്ല സ്ക്രിപ്റ്റ് ലഭിക്കുമ്പോൾ, എല്ലാം ഓകെ ആയി വന്നാൽ ഇനിയും സംവിധായകറോളിൽ ഞാനുണ്ടാവും.
പുതിയ ചിത്രങ്ങൾ
ഇപ്പോൾ മമ്മൂക്കയ്ക്ക് ഒപ്പം ‘ഷൈലോക്കി’ൽ അഭിനയിക്കുന്നു. സെപ്റ്റംബർ അവസാനം ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും, ചിത്രത്തിന്റെ പേര് ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല. നല്ലൊരു സബ്ജെക്റ്റ് ആണ്. പിന്നെയുള്ളത് നാദിർഷ- ദിലീപ് പടം ‘കേശു ഈ വീടിന്റെ നാഥൻ’ ആണ്.