scorecardresearch

Exclusive: 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?: കെ ബി ഗണേഷ് കുമാർ

"രാഷ്ട്രീയക്കാർ മുൻകൂട്ടി കാണുന്നവരാണ് എന്നാണ് പറയാറ്. എന്നാൽ സിനിമാക്കാർ ഒരു മുഴുമല്ല നൂറ് മുഴം മുൻകൂട്ടിയെറിയുന്നവരാണ്," 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം ചിലരുടെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്ന് കെ ബി ഗണേഷ് കുമാർ

"രാഷ്ട്രീയക്കാർ മുൻകൂട്ടി കാണുന്നവരാണ് എന്നാണ് പറയാറ്. എന്നാൽ സിനിമാക്കാർ ഒരു മുഴുമല്ല നൂറ് മുഴം മുൻകൂട്ടിയെറിയുന്നവരാണ്," 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം ചിലരുടെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്ന് കെ ബി ഗണേഷ് കുമാർ

author-image
Liz Mathew
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ganeshkumar

'എമ്പുരാൻ' സിനിമയ്ക്കെതിരെ നിർമ്മാതാക്കൾ നടത്തിയ സമരം സിനിമയുടെ കഥയറിഞ്ഞ ആരുടെയോ  രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.ബി.ഗണേഷ് കുമാർ. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ 'വർത്തമാനം' എന്ന പോഡ്കാസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

"എനിക്ക് തോന്നിയ കാര്യം പറയാം. സിനിമയുടെ തീം ആർക്കൊക്കെയോ നേരത്തെ ചോർന്നു കിട്ടിയെന്ന് തോന്നുന്നു. ചില ആളുകൾക്ക്, നിർമ്മാതാക്കളുടെ സംഘടനയിലെ ചിലർക്ക് ഈ കഥ  ചോർന്നു കിട്ടിയെന്ന് സംശയമുണ്ട്. അപ്പോൾ അവർ പ്രതിനിധാനം ചെയ്യുന്ന, അവർക്ക് വല്ല കാര്യവും സാധിക്കാനുള്ള, അവരുടെ രാഷ്ട്രീയ പാർട്ടിയുടെ മുന്നിൽ മിടുക്കനാവാൻ, ഇത് തടയാൻ വന്നവനാണ് ഞാൻ എന്ന് കാണിക്കാൻ വേണ്ടിയുള്ള നടപടിയായിരുന്നോ 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരപ്രഖ്യാപനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു," നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാർ പറഞ്ഞു.

ജിഎസ്‌ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ ഭീമമായ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തില്‍ ജൂണ്‍ ഒന്ന് മുതൽ സിനിമ സമരം നടക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചത്. സംഘടനയുടെ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരെ 'എമ്പുരാൻ' നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എതിർപ്പ് പ്രകടിപ്പിക്കുകയും പിന്നീട് ഫിലിം ചേംബറിന്റെ സമ്മർദ്ദത്തെ തുടർന്ന് തന്റെ നിലപാട് മാറ്റുകയും ചെയ്തു. സമരം അനാവശ്യമാണെന്നും താരങ്ങളുടെ ശമ്പളം കുറയ്ക്കില്ലെന്നും താരസംഘടനയായ എഎംഎംഎയും (AMMA) അറിയിച്ചിരുന്നു.  

''ഈ സിനിമയുടെ കഥ ആർക്കൊക്കെയോ അറിയാമായിരുന്നു. നമ്മൾ ടിക്കറ്റ് എടുത്ത് കയറിയപ്പോഴാണ് സംഭവം കണ്ടത്. പക്ഷേ  ആ കഥ അറിയാവുന്നവർ, അത് പുറത്തു വരരുത് എന്ന ഉദ്ദേശത്തോടെയായിരുന്നോ നിർമാതാക്കളുടെ സമരം? ആ സമരത്തിൽ എന്താണ് നേടിയത്? ഈ നാട്ടുകാരും മീഡിയക്കാരുമൊക്കെ മണ്ടന്മാരാണോ? ആ സമരത്തിൽ നിർമാതാക്കളോ അവരുടെ സംഘടനയോ ഏതു നടന്റെ ശമ്പളം  കുറച്ചു? അതായിരുന്നല്ലോ അവരുടെ ഡിമാന്റ്. ഏതു സംവിധായകന്റെ ശമ്പളം  കുറച്ചു? ആ സമരം കൊണ്ട് എന്തു നേടി? ആന്റണി പെരുമ്പാവൂർ ഒരു ഫേസ്ബുക്ക് പോസ്റ്റിടുന്നു, അതു പിൻവലിക്കുന്നു, ഖേദം പ്രകടിപ്പിക്കുന്നു. അതിനായിരുന്നോ സമരം?" ഗണേഷ് പറഞ്ഞു.

Advertisment

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രം 'ലൂസിഫറിന്റെ' രണ്ടാം ഭാഗമായ 'എമ്പുരാൻ,' 2002 ലെ ഗുജറാത്ത് കലാപത്തിന്റെ കഥാ പശ്ചാത്തലത്തിൽ വലതുപക്ഷ രാഷ്ട്രീയത്തെ വിമർശനാത്മകമായി ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.

സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി തീരുമാനിച്ചെങ്കിലും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് സിനിമയ്ക്കെതിരായ പ്രചാരണം നടന്നു.  മോഹൻലാലിന്റെ ഓണററി ലെഫ്റ്റനന്റ് കേണൽ റാങ്ക് പിൻവലിക്കണമെന്ന് വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിലെ ചില ഭാഗങ്ങൾ മുറിച്ച് മാറ്റാൻ തീരുമാനമായി. 'എമ്പുരാൻ' റീ എഡിറ്റഡ് പതിപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.  

"സിനിമയിലുള്ളവരെ എനിക്കറിയുന്ന പോലെ നിങ്ങൾക്കാർക്കുമറിയില്ല. പൊതുവെ നമ്മൾ പറയും രാഷ്ട്രീയക്കാർ കുറച്ച് ദീർഘമായി കാണുകയും ഒരു മുഴം കൂട്ടിയെറിയുകയും ചെയ്യുന്നവരാണെന്ന്. എന്നാൽ ഇതങ്ങനെയല്ല നൂറുമുഴം കൂട്ടിയെറിയുന്നവരും സിനിമയിലുണ്ട്. അപ്പോൾ സിനിമയിലുള്ള ആർക്കൊക്കെയോ ഇതിന്റെ കഥ മനസ്സിലായി. അപ്പോൾ ഈ സിനിമ പുറത്തുവരാതിരിക്കാനുള്ള ഒരു പരിപാടിയായിരുന്നോ ആ സമരം എന്നു ചിന്തിക്കണം.

''അബുദാബിയിൽ മാധ്യമപ്രവർത്തകർ നടത്തിയ ഒരു പരിപാടിയിൽ പങ്കെടുത്ത എന്റെ പ്രസംഗത്തിൽ ഞാൻ പറയുന്നുണ്ട്. ഈ സമരം വെറുതെയാണ്, ഇത് ഫലപ്രാപ്തിയിൽ എത്തില്ല. ഇത് ആർക്കെതിരെയാണ് എന്നു എന്റെ പ്രസംഗത്തിൽ ഞാൻ ചോദിക്കുന്നുണ്ട്. അത് ആവർത്തിച്ചു ചോദിക്കുകയാണ്,'' ഗണേഷ് കുമാർ പറഞ്ഞു.

ഗണേഷ് കുമാറുമായുള്ള 'വർത്തമാനം' പോഡ്കാസ്റ്റിന്റെ പൂർണ രൂപം ഏപ്രിൽ 16 ന് രാവിലെ 7 മണിക്ക് ഐഇ മലയാളം യൂട്യൂബ് ചാനലിൽ സ്ട്രീമിങ് ആരംഭിക്കും.

Read More

Kerala News Film Producers Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: