/indian-express-malayalam/media/media_files/uploads/2019/05/prithviraj-lucifer.jpg)
'ലൂസിഫറിലെ' ഐറ്റം ഡാൻസിനെതിരെ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യില്ലെന്ന പൃഥ്വിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് 'ലൂസിഫറി'ലെ ഐറ്റം ഡാൻസ് എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് ആദ്യമായി പ്രതികരിക്കുകയാണ് പൃഥ്വിരാജ്.
മുംബൈയിലെ ഡാന്‍സ് ബാര്‍ എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ ഓട്ടം തുള്ളല്‍ ചിത്രീകരിച്ചാല്‍ അഭംഗിയാകില്ലേയെന്നാണ് പൃഥ്വിരാജ് ചോദിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വിമർശനങ്ങൾക്കുള്ള മറുപടി നൽകിയത്.
ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചുള്ള സ്ത്രീയുടെ ഡാൻസ് ചിത്രത്തിൽ ഉണ്ടായത് എങ്ങനെയാണ് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തിൽ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നതെന്നും പൃഥ്വിരാജ് ചോദിക്കുന്നു. മുംബൈയിലെ ഡാൻസ് ബാറിന്റെ ചിത്രീകരണവുമായി എന്റെ പ്രസ്താവനയെ ബന്ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് പിടികിട്ടുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിച്ചുകൊണ്ടിരിക്കുന്ന ‘ലൂസിഫർ’ ആമസോൺ പ്രൈമിലും ഇപ്പോൾ ലഭ്യമാണ്. മേയ് 6 നാണ് ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകും.
Read more: Lucifer in Amazon Prime: ‘ലൂസിഫർ’ ഇനി ആമസോൺ പ്രൈമിലും
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു 'ലൂസിഫർ'. തൊട്ടു പിറകെ, മലയാള സിനിമയിൽ നിന്നും 200 കോടി കളക്റ്റ് ചെയ്ത ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും 'ലൂസിഫർ' സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
200 കോടി കളക്റ്റ് ചെയ്തതോടെ 'പുലിമുരുകന്റെ' റെക്കോർഡാണ് ചിത്രം തകർത്തത്. മലയാളസിനിമയിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബ് ചിത്രമായ 'പുലിമുരുകൻ' 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നത്. ഇതോടെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച മലയാളത്തിലെ ഏകതാരം എന്ന വിശേഷണവും മോഹൻലാലിനു നേടുകയാണ്.
ഏറെക്കാലത്തിനു ശേഷം മോഹൻലാൽ ആരാധകർക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹൻലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read more: ഇരുനൂറ് കോടി കടക്കുന്ന ആദ്യ മലയാള ചിത്രമായി ‘ലൂസിഫര്‍'
മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
Read more: ഐറ്റം ഡാന്‍സുകളും ദൂരെ മാറി നില്‍കുന്ന നായകന്മാരും
‘സ്റ്റോറി-ലൈൻ’ ആവറേജ് ആയിരിക്കുമ്പോഴും സിനിമയെ ആവറേജിനു മുകളിലേക്ക് കൊണ്ടു പോയത് സിനിമയുടെ ‘മേക്കിംഗ്’ ആണ്. വളരെ ‘സ്റ്റൈലിഷ്’ ആയിട്ടാണ് പൃഥ്വിരാജ് ‘ലൂസിഫർ’ ഒരുക്കിയിരിക്കുന്നത്. വളരെ നിസാരമെന്നു കരുതുന്ന കാര്യങ്ങളിൽ പോലും സംവിധായകൻ പുലർത്തിയ സൂക്ഷ്മത, ശ്രദ്ധിക്കാതെ പോവാൻ കാഴ്ചക്കാർക്കുമാവില്ല. നൂറു ശതമാനം അർപ്പണ ബോധത്തോടെ, മുന്നിൽ കിട്ടിയ സബ്ജെക്റ്റിനെ ‘ട്രീറ്റ്’ ചെയ്തെടുക്കാൻ പൃഥിരാജ് എന്ന നവാഗത സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന രീതിയിൽ ‘ലൂസിഫറി’ൽ തന്നെ രേഖപ്പെടുത്താൻ പൃഥ്വിരാജിന് ആയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.