മലയാള സിനിമയിൽ അടുത്തിടെ കണ്ട, ശ്രദ്ധിക്കപ്പെട്ട,ആഘോഷിക്കപ്പെട്ട രണ്ട് ഐറ്റം ഡാൻസുകളാണ് ‘ലൂസിഫറി’ലെ വാലുച്ച ഡിസൂസ അവതരിപ്പിച്ച ‘റഫ്താര’യും ‘മധുരരാജ’യിൽ സണ്ണി ലിയോണ്‍ അവതരിപ്പിച്ച ‘മോഹമുന്തിരി’യും. ഇരുചിത്രങ്ങളിലും മോഹൻലാൽ- മമ്മൂട്ടി എന്നിവരുടെ താരസാന്നിദ്ധ്യത്തിനൊപ്പം തന്നെ ഈ ഐറ്റം ഡാൻസുകളും മാർക്കറ്റ് ചെയ്യപ്പെടുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ‘മധുരരാജ’യിലെ ഐറ്റം ഡാൻസ് സിനിമ റിലീസ് ചെയ്യുന്നതിനും മുൻപ് തന്നെ ആഘോഷിക്കപ്പെട്ടു തുടങ്ങിയപ്പോൾ, ‘ലൂസിഫറി’ലെ ഐറ്റം ഡാൻസ് റിലീസിനു ശേഷമുള്ള ‘മാർക്കറ്റ് പുള്ളി’നു വേണ്ടി മാറ്റി വയ്ക്കപ്പെട്ടു.
ആദ്യം ‘ലൂസിഫറി’ലെ ഗാനരംഗം തന്നെ നോക്കാം. പ്രശസ്ത ഗോവൻ മോഡലായ വാലുച്ച ഡിസൂസയാണ് ‘ലൂസിഫറി’ലെ ‘റഫ്താര’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്നത്. മുപ്പത്തിയൊന്‍പതുകാരിയായ വാലുച്ചയുടെ ഈ ഐറ്റം ഡാൻസ് യൂട്യൂബിലും ട്രെൻഡിംഗ് ആണിപ്പോൾ. ദീപക് ദേവ് സംഗീതം നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്.
ചില പ്രേക്ഷകര്‍ക്കെങ്കിലും ‘ലൂസിഫറി’ലെ ഈ ഗാനം സർപ്രൈസ് ആയിക്കാണും. കാരണം, സ്ത്രീവിരുദ്ധത തന്റെ ചിത്രങ്ങളിലുണ്ടാകില്ലെന്ന് നിലപാടെടുത്ത പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പോലും ഐറ്റം ഡാൻസ് കടന്നു വരുന്നു എന്നത് പെട്ടന്ന് ദഹിക്കാനാവാത്ത വസ്തുതയാണ്. ചിത്രത്തിലെ ഐറ്റം ഡാൻസിനെതിരെ പലരും പരസ്യ വിമർശനങ്ങളുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു. ക്ലൈമാക്സിനോട് അടുത്ത നിർണായകമായ സമയത്ത് കടന്നു വരുന്ന ഐറ്റം ഡാൻസ് വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്നാണ് എതിര്‍ക്കുന്നവരുടെ വാദം.
Read More: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’
അതേ സമയം, ‘മധുരരാജ’യിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ് കഥയുടെ ഭാഗമെന്നവണ്ണമാണ് കാണിക്കുന്നത്. കഥയുടെ മുന്നോട്ടുള്ള ഗതിയെ നിയന്ത്രിക്കുന്ന ഒരു സംഭവമെന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സണ്ണിയുടെ ഐറ്റം ഡാൻസിനൊപ്പം ചുവടു വെച്ചതിന്റെ പുറത്ത് ഒരു എംഎൽഎ കഥാപാത്രം പാർട്ടിയിൽ നിന്നു പുറത്താക്കപ്പെടുന്നുമുണ്ട് ചിത്രത്തിൽ. എന്നാൽ കഥയിൽ നിർണായമായ നൃത്തരംഗം എന്നു പറയുമ്പോഴും ഐറ്റം ഡാൻസ് സിനിമയുടെ മാർക്കറ്റിംഗിന്റെ ഭാഗമായി തന്നെയാണ് കൊണ്ടു വന്നിരിക്കുന്നത് എന്നത് വസ്തുതയാണ്.
‘മധുരരാജ’യുടെ റിലീസിന് വളരെ മുന്‍പേ തന്നെ ആ ഗാനം മാര്‍ക്കെറ്റ് ചെയ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു, മമ്മൂട്ടിയുടെ കൂടെ ചുവടു വയ്ക്കുന്നു തുടങ്ങി വന്‍ ഹൈപ്പോട് കൂടിയാണ് ഈ ഐറ്റം ഡാന്‍സ് മലയാളികളിലേക്ക് എത്തിയത്. തിയേറ്ററിലും അത്യാവശ്യം ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഗാനം ഇന്നാണ് യൂട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടത്. പരസ്യ പ്രചാരണത്തിന്റെ ഹൈ-പോയിന്റ് എന്ന പോലെ ഏറ്റവും ഒടുവിലായാണ് ഈ പാട്ട് പ്രേക്ഷക സമക്ഷം എത്തുന്നത്.
Read More: Mammootty’s Madhuraraja Movie Review: ‘മധുരരാജ’യെന്ന ഉത്സവചിത്രം

ഐറ്റം ഡാൻസുകൾ ഇത്ര കണ്ട് ആഘോഷിക്കപ്പെടുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. സൂപ്പർതാരങ്ങള്‍ തന്നെ മാര്‍ക്കെറ്റ്, ബോക്സോഫീസ് എന്നിവ നിര്‍ണ്ണയിക്കുന്ന ചിത്രങ്ങളിൽ എന്താണ് ഈ ഐറ്റം ഡാൻസുകളുടെ പ്രസക്തി എന്നതാണ് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ചോദ്യം. രണ്ടാമത്തേത്, ഇത്തരത്തില്‍ വാണിജ്യ സിനിമയുടെ അവിഭാജ്യ ഘടകമാകുന്ന ഐറ്റം ഡാന്‍സില്‍ നായകന്‍മാര്‍, പലപ്പോഴും ആ രംഗത്ത് ഉണ്ടെങ്കില്‍ കൂടി, സജീവമായി പങ്കെടുക്കാത്തത് എന്ത് കൊണ്ട്?
പ്രേക്ഷകരുടെ കയ്യടി നേടാനും പ്രമുഖതാരങ്ങളുടെ സ്വീകാര്യത ഉറപ്പുവരുത്തുന്നതിനും ഈ ഐറ്റം നമ്പരുകൾ ഒരു സുനിശ്ചിമായ രീതിയിൽ ഘടന ചെയ്യപ്പെട്ടിരിക്കുന്നു എന്ന് കാണാന്‍ കഴിയും. പ്രമുഖ നടന്മാരുടെ പ്രായം, താരപദവി, ശ്രേഷ്ഠത, എന്നിവ കണക്കിലെടുത്ത് അവരെ അകന്ന കാണികളായാണ് ഈ രണ്ടു ഗാനങ്ങളിലും ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീകളോടുള്ള സമീപനത്തിൽ ഇവരെ ഒരു ഉന്നതസ്ഥാനത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും വേണമെങ്കില്‍ വായിച്ചെടുക്കാം. രണ്ടു സിനിമയിലെ മുഖ്യകഥാപാത്രങ്ങളും സ്ത്രീകളോട് ഭയഭക്തി ബഹുമാനത്തോടെ പെരുമാറുന്നതിനാൽ അവരെ കാമാസക്തരായി ചിത്രീകരിക്കുന്നത് ഉചിതമല്ലല്ലോ.
എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും വാണിജ്യ സിനിമകളിൽ കണ്ടു വന്നിരുന്ന, സില്‍ക്ക് സ്മിത, ജയമാലിനി, അനുരാധ എന്നിവർ അവതരിപ്പിച്ചിരുന്ന ‘കാബറെ’ അഥവാ മാദകഗാനങ്ങളില്‍ മുഖ്യ കഥാപാത്രങ്ങൾ ഒപ്പം ചേർന്നു ചുവടുകൾ വയ്ക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ‘ഏഴിമല പൂഞ്ചോല’യിലും ‘താങ്ക്ണക്ക’യും ‘സദക് സദകിലും’ ‘സോനാ സോനായി’ലും നര്‍ത്തകിക്കൊപ്പം ആടാന്‍ മടി കാണിക്കാത്ത, ഇമേജിനെ ഭയമില്ലാത്ത നായകനായിരുന്നു. സര്‍വ്വഥാ യോഗ്യനെങ്കിലും ‘സ്പിരിറ്റഡ്’ ആയിരുന്നു. ഇപ്പോഴാകട്ടെ, നൃത്തരംഗത്തിന്റെ വര്‍ണ്ണശബളിമയില്‍ നിന്നും വേറിട്ട്, മോണോ ടോണ്‍ വസ്ത്രം ധരിച്ചു (‘ലൂസിഫറി’ല്‍ കറുപ്പ്, ‘മധുരരാജ’യില്‍ വെള്ള) വിശുദ്ധനായി മാറി നില്‍ക്കുന്നു.

‘ലൂസിഫറി’ലെ അബ്രഹാം ഖുറേഷിയെ ഇല്ലുമിനാറ്റിയുടെ നേതാവായി അവതരിപ്പിക്കുമ്പൊഴും (സ്റ്റീഫൻ നെടുമ്പള്ളിയെ ആശ്രയത്തിന്റെ നെടുംതൂണായും) മധുരയിലെ രാജയെ വരും കാല രാഷ്ട്ര സേവകനായി ചിത്രീകരിക്കുമ്പൊഴും പ്രേക്ഷകർ മനസ്സിൽ താലോലിക്കുന്ന ആദർശ ‘ഹീറോ’ മാതൃകയെ ബലവത്താകുന്നുണ്ട്. അത്തരം നായകന്മാരെ ഐറ്റം ഡാൻസിൽ ഉൾപെടുത്തുമ്പോൾ അവരുടെ ആദർശപൗരുഷം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളത് കൊണ്ടാവാം ഇരുവരും ആഘോഷനൃത്തത്തില്‍ പങ്കു ചേരാതെ നര്‍ത്തകിയെ ദൂരത്തിൽ നിന്നു വീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല, ഇരുവരും അത്തരം ഒരിടത്തേക്ക് എത്തുന്നത് തന്നെ, നൃത്തം കാണാനോ, നര്‍ത്തകിയെ കാണാനോ അല്ല, മറ്റു ചില ലക്ഷ്യങ്ങളുമായാണ്.
ഉത്സവപ്രതീതി നൽകുന്ന ആഘോഷമായ, അലങ്കാര വസ്തുക്കളോട് കൂടെയുള്ള ഔട്ട്ഡോറിലുള്ള (outdoor) സംഘനൃത്തം എന്ന മുന്‍കാല സങ്കല്പം മാറി നിശാക്ലബുകളിൽ നടക്കുന്ന ഇൻഡോര്‍ നൃത്തമാണ് രണ്ടു ചിത്രങ്ങളിലും. ഒരു ഗാനം പൂര്‍ണമായും ഹിന്ദിയിലാകുമ്പോള്‍, മറ്റൊന്നിന്റെ തുടക്കം ഹിന്ദി വരികളില്‍ നിന്നാണ്. രണ്ടു ഗാനങ്ങളുടേയും ചിത്രീകരണം, കൊറിയോഗ്രാഫി എന്നിവ മനോഹരമാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈ സിനിമകളുടെ അവിഭാജ്യ ഘടകം മാത്രമല്ല, ഒരു തരത്തില്‍ പറഞ്ഞാല്‍ മുഖമുദ്രകള്‍ കൂടിയാവുകയാണ് ഈ ഗാനങ്ങള്‍.
With Desk Inputs