/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/02/20/zgqACjQ1rteaBJcG8kCj.jpg)
Officer On Duty Movie Review & Rating
Officer On Duty Movie & Rating: കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു അഷ്റഫ് സംവിധാനം ചെയ്ത 'ഓഫീസർ ഓൺ ഡ്യൂട്ടി'- പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, ഒരു പൊലീസ് ഓഫീസറുടെ ഔദ്യോഗികജീവിതമാണ് പ്രമേയമാക്കുന്നത്.
ഒരു സസ്പെൻഷനു ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കുകയാണ് സിഐ ഹരിശങ്കർ. വ്യക്തിപരമായി കടന്നുപോവേണ്ടി വന്ന ഒരു ദുരന്തം അയാളുടെ മാനസികനിലയേയും പ്രകൃതത്തേയുമെല്ലാം വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. വളരെ പരുക്കനായ ഒരാളായി ഹരിശങ്കർ മാറുന്നു. ഡ്യൂട്ടിയിൽ പ്രവേശിച്ച ഹരിശങ്കറിനു മുന്നിൽ ആദ്യദിവസം തന്നെ, മുക്കുപണ്ടം പണയം വെച്ച ഒരു കേസ് എത്തുന്നു. വളരെ സാധാരണമെന്നു തോന്നിപ്പിക്കുന്ന ആ കേസിനു പിന്നിലെ അന്വേഷണം ചെന്നെത്തുന്നത്, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന കണ്ടെത്തലിൽ ആണ്. സമാന സ്വഭാവമുള്ള ചില കേസുകളിലേക്കുമാണ് ഹരിശങ്കറിന്റെ അന്വേഷണം ചെന്നെത്തുന്നത്.
കേസന്വേഷണം മുന്നോട്ടുപോവുന്നതോടെ അത് ഹരിശങ്കറിന്റെ വ്യക്തിജീവിതത്തെയും ഉലക്കുകയാണ്. അങ്ങേയറ്റം അപകടകാരികളായ ഒരു ഗ്യാങ്ങിനോട് ഹരിശങ്കറിനു ഏറ്റുമുട്ടേണ്ടി വരുന്നു. പക വീട്ടാൻ ഇറങ്ങിതിരിച്ചവരും മുറിവേറ്റവനും നേർക്കുനേർ ഏറ്റുമുട്ടുന്നതോടെ, ഉദ്വേഗത്തിന്റെ മുൾമുനയിലാണ് ചിത്രം പ്രേക്ഷകനെ കൊണ്ടുനിർത്തുന്നത്.
വലിയൊരു ട്രോമയിലൂടെ കടന്നുപോവുന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റെ സിഐ ഹരിശങ്കർ. അയാൾ കടന്നുപോവുന്ന വേദനകൾ, ജീവിതത്തിലുണ്ടായ ദുരന്തത്തിന്റെയെല്ലാം കാരണം താൻ തന്നെയാണോ എന്ന കുറ്റബോധം, വീർപ്പുമുട്ടൽ... ആ മാനസിക വ്യഥകളെയും സങ്കീർണതകളെയും തന്റെ കഥാപാത്രത്തിലേക്ക് ആവാഹിക്കുന്നതിൽ കുഞ്ചാക്കോ ബോബൻ വിജയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ പ്രകടനത്തോളം തന്നെ എടുത്തു പറയേണ്ടതാണ് വില്ലൻ ഗ്യാങ്ങിന്റെ പ്രകടനവും. പ്രിയാമണി. ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ, രഘുനാഥ് പലേരി തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടൻ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ചിത്രത്തിൽ ഒരു കഥാപാത്രത്തെയും ജീത്തു അഷ്റഫ് അവതരിപ്പിച്ചിട്ടുണ്ട്. വളരെ ഇൻ്റൻസായാണ് ജീത്തു അഷ്റഫും കൂട്ടരും ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ കഥയിൽ തന്നെ ഹുക്ക് ചെയ്തിടാൻ ചിത്രത്തിനു സാധിക്കുന്നുണ്ട്. ഷാഹി കബീർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചില ലോജിക്കൽ പ്രശ്നങ്ങൾ കഥപറച്ചിലിൽ മുഴച്ചു നിൽക്കുന്നതായി തോന്നി. ഉയർന്ന അളവിൽ, അതും വർഷങ്ങളായി ഡ്രഗ്സ് ഉപയോഗിക്കുന്നവർക്ക് ഒരു ക്രൈം സീനിൽ അത്രയും ഇന്റലിജന്റായി പെരുമാറാൻ കഴിയുമോ? അതവരുടെ കോഗ്നറ്റീവ് ഫംഗ്ഷനെ ബാധിക്കില്ലേ എന്നതൊക്കെ ചോദ്യങ്ങളാണ്.
ജേക്ക്‌സ് ബിജോയുടെ മ്യൂസികും ചിത്രത്തിന്റെ മൂഡ് സെറ്റ് ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. റോബി വര്‍ഗീസ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏതാനും വർഷങ്ങളായി മലയാളത്തിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് വലിയ ജനപ്രീതിയുണ്ട്. ആ ജോണറിനോട് നീതി പുലർത്തുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയും. അങ്ങനെ നീതി പുലർത്തുമ്പോഴും, ക്രൈം ത്രില്ലർ ചിത്രങ്ങളുടെ പതിവു പാറ്റേണിനെ ബ്രേക്ക് ചെയ്യാനോ, ആ ചിത്രങ്ങൾ തന്ന കാഴ്ചാനുഭവത്തിനു അപ്പുറത്തേക്ക് സഞ്ചരിക്കാനോ 'ഓഫീസർ ഓൺ ഡ്യൂട്ടി'യ്ക്ക് സാധിക്കുന്നില്ല. ആവറേജ് കാഴ്ചാനുഭവം തരുന്ന ഒരു ക്രൈം ത്രില്ലർ ചിത്രം മാത്രമായി ഒതുങ്ങുകയാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'യും. മറ്റൊരു രീതിയിലും ഔട്ട്ഷൈൻ ചെയ്യാൻ ചിത്രത്തിനു സാധിക്കുന്നില്ല.
Read More
- Bromance Review: ചിരിയുടെ ഒരു റോളർ കോസ്റ്റർ റൈഡ്; ബ്രൊമാൻസ് റിവ്യൂ
- Daveed Review: ക്വിന്റൽ ഇടിയുമായി പെപ്പെ, ത്രസിപ്പിക്കും ഈ ചിത്രം; ദാവീദ് റിവ്യൂ
- Painkili Review: സ്പൂഫിനും ഓവർഡോസ് ഹ്യൂമറിനുമിടയിൽ പെട്ടുപോയ പൈങ്കിളി, റിവ്യൂ
- Narayaneente Moonnaanmakkal Review: ബന്ധങ്ങൾക്കിടയിലെ ആത്മസംഘർഷങ്ങൾ റിയലിസ്റ്റിക്കായി പറയുന്ന നാരായണീൻ്റെ ആൺമക്കൾ, റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.