/indian-express-malayalam/media/media_files/2025/09/21/mohnalal-2025-09-21-12-03-49.jpg)
മോഹൻലാൽ
കൊച്ചി: നാൽപ്പത്തിയെട്ട് വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിന് ശേഷം കൊച്ചിയിൽ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാർത്താസമ്മേളനത്തിൽ ജൂറിയ്ക്കും കേന്ദ്ര സർക്കാരിനും മോഹൻലാൽ നന്ദി പ്രകാശിപ്പിച്ചു.
Also Read:നടന വിസ്മയത്തിന് ആദരം; മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
"ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആണിത്. ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥൻമാർക്കാണ്. കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം. ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു." - മോഹൻലാൽ പറഞ്ഞു.
Also Read:ഈ കിരീടത്തിന് അർഹൻ; മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് പുരസ്‌കാരം ലഭിച്ച വിവരം ആദ്യം അറിയിക്കുന്നതെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്‌കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല, അതൊരു വൈൽഡ് ഡ്രീം മാത്രമാണെന്ന് തോന്നി, ഒന്ന് കൂടെ പറയു എന്ന് ഞാൻ പറഞ്ഞു."- മോഹൻലാൽ പറഞ്ഞു.
വിമർശനങ്ങൾ തോളിലേറ്റി നടക്കുന്ന ആളല്ല താനെന്നും മോഹൻലാൽ വ്യക്തമാക്കി. "സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ചു സ്വപ്നം കാണുന്ന ആളാണ് ഞാൻ" - വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞു.
Also Read:ഈ ബഹുമതി എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടത്: മോഹൻലാൽ
പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്തിന് പിന്നാലെ ഞായറാഴ്ച രാവിലെയോടെയാണ് മോഹൻലാൽ കേരളത്തിൽ എത്തിയത്. കൊച്ചിയിലെ വസതിയിലെത്തി രാവിലെ അമ്മ ശാന്തകുമാരിയെ കണ്ടതിന് ശേഷമാണ് മോഹൻലാൽ വാർത്താസമ്മേളനത്തിന് എത്തിയത്.രാവിലെ ഏഴ് മണിയോടെയാണ് എളമക്കരയിലെ വീട്ടിലെത്തി അമ്മ ശാന്തകുമാരിയെ കണ്ടത്. അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു.
ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മലയാളത്തിൻറെ മഹാനടൻ മോഹൻലാലിന് 2023 ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരത്തിന് അർഹനായത്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഫാൽക്കെ. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്‌കാരം നൽകിയത്. ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിക്കും.
Read More: പ്രതിഭയുടെ പ്രതീകം; മോഹൻലാലിനെ അഭിനന്ദിച്ച് മോദി, നാടിന് അഭിമാനമെന്ന് പിണറായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.