/indian-express-malayalam/media/media_files/2025/05/28/mLKLePU39Kv2CZsa862e.jpg)
ചിത്രം: എക്സ്
തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായ ബ്രഹ്മാണ്ട ചിത്രമായ 'കണ്ണപ്പ' റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വമ്പൻ സ്റ്റാർ കാസ്റ്റിലൂടെതന്നെ ചിത്രം വലിയ ശ്രദ്ധനേടിയിരുന്നു. ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിൽ വിഷ്ണു മഞ്ചുവിന്റെ പിതാവും നടനുമായ മോഹൻ ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
200 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലും പ്രഭാസും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് തുറന്നുപറയുകയാണ് നടൻ വിഷ്ണു മഞ്ചു. സ്‌ക്രീനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പതിറ്റാണ്ട് മുമ്പ് താൻ എഴുതിയ തിരക്കഥയെക്കുറിച്ച് വിഷ്ണു ആവേശത്തോടെ സംസാരിക്കുമ്പോൾ, തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൽ പിതാവിന്റെ വിശ്വാസത്തിനും സാമ്പത്തിക പിന്തുണയ്ക്കും ഒപ്പം, തന്റെ രണ്ടു പ്രിയ സുഹൃത്തുക്കളായ മോഹൻലാലും പ്രഭാസും കാരണമായെന്നും വിഷ്ണു മഞ്ചു പറഞ്ഞു.
Also Read: 'ഹാർഡ് ഡിസ്ക് മോഷണത്തിനു പിന്നിൽ പക;' ആരോപണവുമായി കണ്ണപ്പയുടെ നിർമ്മാതാക്കൾ
"ഈ സിനിമയെ ഇന്നത്തെ നിലയിൽ എത്തിക്കാൻ എന്നെ വളരെയധികം സഹായിച്ച രണ്ടുപേരാണ് മോഹൻലാലും പ്രഭാസും. മോഹൻലാൽ വളരെ വലിയ സൂപ്പർസ്റ്റാറാണ്. എന്റെ സിനിമയിൽ ഇങ്ങനെ ഒരു ചെറിയ വേഷം ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ല. പക്ഷെ എന്റെ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും കാരണം മിനിറ്റുകൾക്കുള്ളിലാണ് അദ്ദേഹം ആ റോളിന് സമ്മതിച്ചത്.
പ്രഭാസ് എന്റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെയും ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിനും ഈ സിനിമയിൽ അഭിനയിക്കേണ്ട യാതൊരാവശ്യവുമില്ല. പക്ഷെ അദ്ദേഹമുണ്ടായാൽ എന്റെ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് പറഞ്ഞപ്പോൾ ഉടൻ തന്നെ സമ്മതം അറിയിക്കുകയായിരുന്നു. സിനിമയിലെ വേഷം എന്താണെന്ന് പോലും പ്രഭാസ് കേട്ടില്ല.
Also Read:കണ്ണപ്പയുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതായി പരാതി
ഒരു രൂപ പോലും വാങ്ങാതെയാണ് രണ്ടുപേരും അഭിനയിച്ചത്. ഫീസിനെക്കറിച്ച് ചോദിക്കുമ്പോഴെല്ലാം അവർ എന്നെ വഴക്കിടുമായിരുന്നു. മോഹൻലാലിനൊട് ഫീസിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം, 'നീ എന്റെ മുന്നിൽ വളർന്ന കുട്ടിയല്ലെ? നിനക്ക് എന്നോട് ഫീസ് ചോദിക്കാൻ ദൗര്യമായോ?' എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്," വിഷ്ണു മഞ്ചു പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ്ങിനായി ന്യൂസിലാൻഡിലേക്കുള്ള വിമാനയാത്രയ്ക്കും മോഹൻലാൽ സ്വന്തമായാണ് ടിക്കറ്റെടുത്തതെന്ന് വിഷ്ണു കൂട്ടിച്ചേർത്തു. 'ഒരു ദിവസം മോഹൻലാൽ സാർ എന്നെ വിളിച്ച് ചോദിച്ചു, വിഷ്ണു, ഞാൻ എപ്പോഴാണ് ന്യൂസിലൻഡിലേക്ക് വരേണ്ടത്? എന്റെ ടിക്കറ്റുകൾ ഞാൻ ബുക്ക് ചെയ്തോളാം. എനിക്കും എന്റെ കൂടെയുള്ള സ്റ്റാഫുകൾക്കും താമസം ഒരുക്കിയാൽ മതി. അത്രയ്ക്കും വിനീതനാണ് അദ്ദേഹം." വിഷ്ണു മഞ്ചു പറഞ്ഞു.
അതേസമയം, 'കണ്ണപ്പ'യുടെ നിർണായക രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങളും സിനിമ ലോകത്ത് നിറയുകയാണ്. ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടതിനു പിന്നിൽ വ്യക്തിപരമായ പകയും അട്ടിമറി ലക്ഷ്യവുമുണ്ടെന്ന് നിർമ്മാണ കമ്പനി ആരോപിച്ചിരുന്നു.
Read More:ഒന്നിൽ നിന്നും വീണ്ടും തുടങ്ങിയ കരിയർ, ഇന്ന് കോടികളുടെ ആസ്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.