scorecardresearch

കാടും മേടും താണ്ടി കുടജാദ്രി കയറി മോഹൻലാൽ; ചിത്രങ്ങൾ

38 വർഷങ്ങൾക്കു ശേഷം വീണ്ടും കുടജാദ്രിയിൽ സന്ദർശനം നടത്തിയിരിക്കുകയാണ് മോഹൻലാൽ

38 വർഷങ്ങൾക്കു ശേഷം വീണ്ടും കുടജാദ്രിയിൽ സന്ദർശനം നടത്തിയിരിക്കുകയാണ് മോഹൻലാൽ

author-image
Entertainment Desk
New Update
Mohanlal Kudajadri

ചിത്രങ്ങൾ: ആർ രാമാനന്ദ്

38 വർഷങ്ങൾക്കു ശേഷം കുടജാദ്രിയിൽ സന്ദർശനം നടത്തി മോഹൻലാൽ. എഴുത്തുകാരനായ ആർ രാമാനന്ദിനും സംഘത്തിനുമൊപ്പമാണ് മോഹൻലാൽ കുടജാദ്രിയിൽ എത്തിയത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിവരണവും രാമാനന്ദ് സോഷ്യൽ മീഡിയയിൽ പങ്കിട്ടുണ്ട്. 

Advertisment

Mohanlal Kudajadri

രാമാനന്ദിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

വർഷങ്ങൾക്കു ശേഷം കുടജാദ്രിയിൽ ഒരു രാത്രി 

38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ച് ലാലേട്ടൻ കുടജാദ്രി കയറിയിട്ടുണ്ട് , ചിത്രമൂലയിൽ പോയിട്ടുണ്ട്, രാത്രി മലമുകളിൽ അന്തിയുറങ്ങിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ചന്തുക്കുട്ടി സ്വാമിയും ഒന്നിച്ചുള്ള യാത്രാനുഭവം ലാലേട്ടൻ എഴുതിയത് ഞാൻ വായിക്കുന്നത്, എൻ്റെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു മുദ്രപതിപ്പിച്ച യാത്രാവിവരണം ആയിരുന്നു അത്. പിന്നീട് പലതവണ ഞാൻ കുടജാദ്രി താഴ്വരയിൽ നിന്ന് തന്നെ നടന്നു കയറിയിട്ടുണ്ട്, കുടജാദ്രിയുടെ കനിവായിരുന്ന തങ്കപ്പൻ ചേട്ടൻ്റെ കടയിൽ നിന്ന് പുട്ടും കടലയും കഴിച്ചിട്ടുണ്ട്. ഓരോ യാത്രയിലും ചന്തുക്കുട്ടി സ്വാമി ലാലേട്ടനെ കൊണ്ടുപോയ ആ അനുഭവം ഞാൻ ഓർക്കും. 

Mohanlal Kudajadri

Advertisment

ഇത്തവണ വളരെ ആകസ്മികമായി ആ അനുഭവം ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. പരയുടെ കൃപ എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാൻ ഇല്ലാത്ത ഒരനുഭവം. കഴിഞ്ഞമാസം തിരുവണ്ണാമലയിൽ ഒരുമിച്ച് യാത്ര പോയപ്പോൾ ഒന്നും തീരുമാനിക്കാതിരുന്ന ഒരു യാത്രയാണ് മൂകാംബിക യാത്ര. എല്ലാ യാത്രകളും അങ്ങനെതന്നെ നമ്മൾ തീരുമാനിക്കുന്നത് അല്ലല്ലോ അവിടെനിന്ന് തീരുമാനിക്കപ്പെടുന്നതാണല്ലോ. ഞങ്ങൾ മൂകാംബികയിൽ പോകാമെന്ന് ആഗ്രഹിച്ചു, വന്നോളൂ എന്ന് അമ്മ പറഞ്ഞു, പോയി, അത്രമാത്രം.

Mohanlal Kudajadri

ഞങ്ങൾ ഒന്നിച്ച് പതിനാറാം തീയതി ഉച്ചയ്ക്ക് കൊല്ലൂരിൽ എത്തി. സാധനാ വഴിയിൽ ഏറെ മുന്നോട്ടുപോകുന്ന ഗുരു സ്ഥാനിയരും കൊല്ലൂരിലെ സുഹൃത്തുക്കളും മസ്തിഘട്ടിൽ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു. കാടിൻ്റെ പൊരുളും , അരുളും, വിസ്മയവും വനാംബികയായി അമ്മ ഇരുന്നരുളുന്ന വനസ്ഥലി. അവിടെ ഇറങ്ങി ഞങ്ങൾ പ്രാർത്ഥനാപൂർവ്വം അംബാ വനത്തിന്റെ കാവൽക്കാരിക്ക് മുന്നിൽ കൈകൂപ്പി മുന്നോട്ട്. ഗരുഡൻ അഥവാ സുപർണൻ തപസ്സിരുന്ന ഗരുഡഗുഹ കണ്ടു സുപർണ്ണനെ കൊണ്ട് സൗപർണികയായി തീർന്ന ആ പുണ്യ നദിയുടെ  ആരവം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

Mohanlal Kudajadri

അവിടെനിന്ന് നേരെ അമ്മാ ഗസ്റ്റ് ഹൗസിലേക്ക് ; ഭക്ഷണം കഴിച്ചു അല്പസമയം വിശ്രമിച്ചു. കുടജാദ്രി കേറുവാനുള്ള ജീപ്പ് തയ്യാറായി. ഒരു കൈ സഞ്ചിയിൽ കൊള്ളാവുന്ന സാധനങ്ങൾ എടുത്ത് കുടജാദ്രിയിലേക്ക്.. 

Mohanlal Kudajadri

ജീപ്പ് വന്ന് നിർത്തിയപ്പോൾ 'ലാലേട്ടൻ മുന്നിൽ കയറു ', എന്നെല്ലാവരും പറഞ്ഞു, ഞാൻ ഒഴികെ. കാരണം ഇത്തരം യാത്രകളിൽ അദ്ദേഹം പുലർത്തി പോരുന്ന അസാമാന്യമായ എളിമയുടെ അനുഭവങ്ങൾ പലതവണ എനിക്കുണ്ടായിട്ടുണ്ട്. വീണ്ടും നിർബന്ധിച്ചപ്പോൾ , അദ്ദേഹം അവരോട് പറഞ്ഞു 'അപ്പുവിന്റെ അച്ഛനാണ് ഞാൻ' എന്ന് ! ഫ്ലാഷ് ബാക്ക്: ഭക്ഷണം കഴിക്കുമ്പോൾ പ്രണവ് നടത്തുന്ന സാഹസിക യാത്രകളെ കുറിച്ചും മറ്റും വിസ്മയത്തോടെ കൂടിയിരുന്ന പലരും സംസാരിച്ചതിന്റെ ബാക്കിയായിരുന്നു ഈ ഉത്തരം. 
അതിൽ ഉണ്ടായിരുന്നു എല്ലാം.

Mohanlal Kudajadri

ജീപ്പിൽ കയറി കുലുങ്ങി കുലുങ്ങി അംബികയുടെ മൂലസ്ഥാനത്തിലേക്ക്... ജീപ്പിൽ പോയവർക്കറിയാം ആ യാത്ര എത്ര ക്ലേശകരമാണ് എന്ന്. പക്ഷേ താഴെ മുതൽ മുകളിൽ എത്തുന്നതുവരെ ഞങ്ങൾ ആ യാത്രയെക്കുറിച്ച് ചിന്തിച്ചതേയില്ല.. കാടും പ്രകൃതിയും അംബികയും പിന്നെ ഒരുപാട് തമാശകളും പറഞ്ഞ് നിറഞ്ഞ ഒരു യാത്ര.. പ്രകൃതിശ്വരി കൗള മാർഗ്ഗത്തിൽ പൂജകൾ ഏറ്റുവാങ്ങുന്ന കുടജാദ്രിയുടെ മുകൾത്തട്ട്. അവളുടെ നിത്യ കാമുകനായ കാലഭൈരവന്റെ സന്നിധി. മൂകാസുര വധത്തിന് അമ്മ ഉപയോഗിച്ചത് എന്നു പറയപ്പെടുന്ന ശാസ്ത്രത്തിന് അത്ഭുതമായ തുരുമ്പ് പിടിക്കാത്ത ഇരുമ്പിന്റെ ശൂലം, നമ്മുടെ വിസ്മയകരമായ ലോഹവിദ്യയുടെ നിദർശനം .

Mohanlal Kudajadri
മലയാളികളും അല്ലാത്തവരും ലാലേട്ടനെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കുവാനുള്ള ബഹളം. ആൾക്കൂട്ടത്തിൽ തനിച്ച് എന്നപോലെ ഹൃദയം അമ്മയിൽ അർപ്പിച്ച് നമ്രമായി അവർക്കിടയിലൂടെ ലാലേട്ടനും. ഞങ്ങൾ മുകളിലേക്ക് കയറിത്തുടങ്ങി, എല്ലാവരും പോകുന്ന പാത വിട്ടു, അദ്രിയുടെ കൊടുമുടിയിലേക്ക് ഇന്നാരും പോകാത്ത പരമ്പരാഗത പാതയിലേക്ക് ഞങ്ങൾ വഴിതിരിഞ്ഞു, കൊടുംകാട്.

Mohanlal Kudajadri


ഞാൻ ഇതിലെ പോയിട്ടുണ്ട് ചന്തുക്കുട്ടി സ്വാമി ഇതിലെയാണ് കൊണ്ടുപോയത്  എന്ന് ലാലേട്ടൻ. ഞങ്ങൾ അഗസ്ത്യ തീർത്ഥം ലക്ഷ്യമാക്കി നടന്നു , ദൂരെയെങ്ങോ നീരൊഴുക്കിന്റെ ശബ്ദം കേൾക്കാം. കാട്ടിൽ പലവട്ടം വഴിതെറ്റി. നേരമിരുണ്ട് തുടങ്ങി. ഇനി വഴി കാണൽ  ശ്രമകരമാണ്. ആരും പോകാത്ത വഴി ആയതിനാൽ മുന്നിൽ സഞ്ചരിച്ച സുഹൃത്തുക്കൾ വഴി വെട്ടി അത് പിന്തുടർന്നാണ് ഞങ്ങൾ സഞ്ചരിച്ചത്. ചിലയിടങ്ങളിൽ വള്ളിയിൽ തൂങ്ങിയും മറ്റും ഇറങ്ങേണ്ടതായി വന്നു.

Mohanlal Kudajadri
ആയാസകരവും അനിശ്ചിതത്വം നിറഞ്ഞതുമായ നിമിഷങ്ങൾ. ഇടയ്ക്ക് വച്ച് ഞാൻ ചോദിച്ചു ഇന്ന് ഈ കാട്ടിൽപ്പെട്ട് പോയാൽ നമ്മൾ എന്തു ചെയ്യും ? ഞാൻ ഒരിക്കൽ ഇതേ കാട്ടിൽ ഇതേ വഴിയിൽ ഇതുപോലെ തെറ്റി ഒരു രാപാർത്തിട്ടുണ്ട്.
ലാലേട്ടൻ പറഞ്ഞു, വരുന്നതുപോലെ വരട്ടെ നമുക്ക് ഇവിടെ കിടക്കാം, കൊടുങ്കാട്ടിൽ വഴിതെറ്റിയതിൻ്റെ പരിഭ്രമമോ ആശങ്കയോ ഒന്നും ആ യാത്രയിൽ അദ്ദേഹം പ്രകടിപ്പിച്ചില്ല. ഒടുവിൽ സിദ്ധയോഗരാജൻ ശ്രീമദ് അഗസ്ത്യേശ്വരന്റെ ദിവ്യ തീർത്ഥം ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞു വന്നു. ആവോളം അതിൽ നിന്ന് വെള്ളം കുടിച്ചു. മുഖം കഴുകി. വനാന്തർഭാഗത്തെ ആ തീർത്ഥ സ്ഥാനത്ത് ഇനി ഒരുപാട് ദൂരം നടക്കുവാൻ ഉണ്ടെന്നോ ഒന്നും ചിന്തിക്കാതെ, എല്ലാ ലക്ഷ്യവുമറ്റു പരയുടെ കൃപ നുകർന്ന് അല്പനേരം... 

Mohanlal Kudajadri
അല്പം മുകളിലേക്ക് സഞ്ചരിച്ചാൽ ആണ് ഗണപതി ഗുഹ എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം, ഏതാണ്ട് ഈ ഭാഗത്തായിരിക്കുമെന്ന് 38 വർഷം പിറകിലെ ഓർമ്മ പുതുക്കി ലാലേട്ടനും പറയുന്നു. ശരിയാണ് അല്പം മുകളിലാണ് ഗണപതിയുടെ ഗുഹ. ഞങ്ങൾ കാടുകയറി, കുന്നുകയറി ആ ദിവ്യസ്ഥാനത്തെത്തി. വിളക്കുകൊളുത്തി, അവിൽമലർ നിവേദ്യം അർപ്പിച്ചു, തേങ്ങയുടച്ചു, വിഘ്നേശ്വരനെ തൊഴുതു...മുകളിലേക്ക്...
പരമ്പരാഗതപാത വിട്ടു സർവ്വജ്ഞ പീഠത്തിലേക്കുള്ള പാതയിൽ പ്രവേശിച്ചു..
നേരം സാമാന്യത്തിൽ അധികം ഇരുണ്ടു തുടങ്ങി. ആറുമണിക്ക് മുന്നേ  സന്ദർശകർ സർവ്വജ്ഞ പീഠത്തിൽ നിന്ന് ഇറങ്ങേണ്ടതിനാൽ ആ പാതയിൽ ഞങ്ങൾ മാത്രം. സാന്ധ്യശോഭയേറ്റ് തിളങ്ങുന്ന ശ്രീശങ്കരന്റെ ആ കൃഷ്ണശിലാഹർമ്യം വിദൂരത്തിൽ ദൃശ്യമായി..

Mohanlal Kudajadri
താഴ്വാരത്തിലേക്ക് കൺപാർക്കുമ്പോൾ വെളുത്ത പഞ്ഞിതുണ്ടുകൾ ചിക്കി കൂട്ടിയിട്ടിരിക്കുന്നത് പോലെ വെൺമേഘങ്ങളുടെ കൂട്ടം... ഒരു നിമിഷം ഉള്ളിൽ ഞാനൊരു പറവ ആയില്ലല്ലോ എന്ന നഷ്ടബോധം അങ്കുരിക്കുന്ന നിമിഷം. വിണ്ണിൽ പറക്കുവാൻ സാധിച്ചില്ലെങ്കിലും ചിദാകാശ സീമയിൽ പറക്കുവാൻ സാധിക്കുന്ന ഒരു പറവ ആക്കണെ എന്ന പ്രാർത്ഥന നിറയുന്ന നിമിഷം. 
അവിടെ ഇരുന്ന് കുറച്ച് ചിത്രങ്ങൾ എടുത്തു , ഓർമ്മകൾ ഇന്ന് വാങ്മയ ചിത്രങ്ങൾ മാത്രമല്ലല്ലോ.

Mohanlal Kudajadri
പകൽവെളിച്ചം ഏതാണ്ട് പൂർണ്ണമായി അസ്തമിച്ചു, ചിത്രമൂലയിലേക്ക് ഇറങ്ങൽ ഇനി അസാധ്യമാണ്, കുറച്ചുനാളായി സിദ്ധർമൂലയായ ചിത്രമൂലയിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിർത്തിവച്ചിരിക്കുകയാണ്. അതുകൊണ്ട് ആരും സഞ്ചരിക്കാത്ത വഴി ദുർഘടം ആയിരിക്കുമെന്ന് അറിയാം.
സർവ്വജ്ഞപീഠം മാനത്ത് നിറയെ താരങ്ങൾക്കൊപ്പം ചന്ദ്രക്കലയണിഞ്ഞ്  നിൽക്കുന്ന ശ്രീശങ്കര പെരുമാളിന്റെ ശിരസ്സ് പോലെ തോന്നിച്ചു. ഗർഭഗൃഹത്തിൽ ഏകാന്തനായി ധ്യാനിയായി ആദിശങ്കരൻ. ഞങ്ങൾ വിളക്ക് കൊളുത്തി നിവേദ്യങ്ങൾ അർപ്പിച്ചു ധൂപാർച്ചനയും ചെയ്തു. കണ്ണടച്ചു. 

Mohanlal Kudajadri
ധ്യാന നിമിഷങ്ങളുടെ അവാച്യമായ അനുഭൂതി...
ചൂളം കുത്തുന്ന കാറ്റ് അനാഹതധ്വനി പോലെ ഇടവും തടവും ഇല്ലാതെ അകമേ സഞ്ചരിക്കുന്ന പ്രാണനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മനസ്സ് ശ്രീശങ്കര ഗുരു സന്നിധിയിൽ നിശ്ചലം നിർമ്മലം.. ശ്രീരാമനവമിയുടെ പുണ്യതിഥിയിൽ തന്നെ താരയുടെ പുണ്യതിഥിയും. എപ്പോഴും പരസ്പരം കാണുമ്പോൾ ദശമഹാവിദ്യകളെ കുറിച്ച് സംസാരിക്കുമ്പോൾ വാതോരാതെ ഞങ്ങൾ ഇരുവരും സംസാരിക്കുന്നത് അവളെക്കുറിച്ച് മാത്രമാണ്. ഈ വിശ്വത്തിൻ്റെ അമ്മയെക്കുറിച്ച് താരയെ കുറിച്ച്.. രണ്ടുവർഷം മുമ്പ് കാമാഖ്യയിൽ നിന്ന് വരുന്ന വഴി മഹാമന്ത്രവാദത്തിന്റെ മകുടം എന്നറിയപ്പെടുന്ന മായോങ്ങിൽ വച്ച് ഞങ്ങൾ താരയെ കണ്ടു. അവളെ കുറിച്ച് ധാരാളം സംസാരിച്ചു.

Mohanlal Kudajadri

അതൊരു ചിത്രം ആക്കിയാലോ എന്ന ചിന്ത വിരിഞ്ഞു  ഉടനെ വിശ്വേട്ടനെ (വിശ്വനാഥൻ വൈക്കം ) വിളിച്ച് ഏൽപ്പിച്ചു. ആ ചിത്രം ഈ പുണ്യതിഥിയിൽ പൂർത്തിയായിരിക്കുകയാണ്. ഞങ്ങൾ അവിടെയിരുന്ന് വിശ്വേട്ടനെ വിളിച്ചു. ഈ ദിനത്തിൽ ആ പുണ്യസങ്കേതത്തിൽ ഇരിക്കുവാൻ ലഭിച്ച ഭാഗ്യം സുകൃതം എന്ന് അദ്ദേഹം പ്രതിവചിച്ചു. ലാലേട്ടന്റെ അടുത്ത്  വിശ്വേട്ടന്റെ ഒരുപാട് ചിത്രങ്ങൾ ഉണ്ട് , വിസ്മയകരങ്ങളായ ചിത്രങ്ങൾ അതിലേക്ക് താരാംബിക ഉടനെ കടന്നുവരും..
ആ രാത്രി സർവ്വജ്ഞപീഠത്തിൽ നിന്ന് ഞങ്ങൾ നാട്ടുവെളിച്ചം നോക്കി താഴോട്ട് ഇറങ്ങി. താഴെ യോഗിയുടെ വീട്ടിൽ വന്നു നന്നായി ഭക്ഷണം കഴിച്ചു. പഴയ ഒരുപാട് പേരെ കുറിച്ച് ലാലേട്ടൻ അവരോട് ചോദിച്ചു. അവർക്ക് ഓർമ്മയുണ്ട് ലാലേട്ടൻ വന്ന കാര്യം, അവരന്ന് കുട്ടികളാണ്. കുടജാദ്രിയിലും മൂകാംബികയിലും ഉണ്ടായിരുന്ന ഒരുപാട് പഴയ ആളുകളെ കുറിച്ച് ലാലേട്ടൻ ചോദിക്കുന്നത് ഞാൻ വിസ്മയത്തോടെയാണ് കേട്ടത്, എത്ര പേരെ കാണുന്നതായിരിക്കും എങ്ങനെ ഇവരെയെല്ലാം ഓർക്കുന്നു? ഇറങ്ങുന്ന വഴി ബുദ്ധിമുട്ട് ആകേണ്ട എന്ന് കരുതി ബാഗ് ആരെങ്കിലും പിടിക്കാം എന്ന് പറഞ്ഞപ്പോൾ വേണ്ട എൻ്റെ പ്രാരാബ്ധം ഞാൻ തന്നെ ചുമന്നു കൊള്ളാം എന്നുപറഞ്ഞ് ആ യാത്രയിൽ മുഴുവൻ  ഭാരവും താങ്ങി നടന്നു വിസ്മയിപ്പിച്ചു ലാലേട്ടൻ. ഓരോ യാത്ര കഴിയുമ്പോഴും അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ എന്നാണ് എനിക്ക് തോന്നാറ്.

Mohanlal Kudajadri
അർദ്ധരാത്രിയോടെ ഞങ്ങൾ ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തി 
രണ്ടുപേരുടെയും ശരീരത്തിൽ മുള്ള് കൊണ്ടതും കീറിയതും, പോറിയതുമായ പാടുകൾ. ലാലേട്ടന്റെ ഒരു കൈവിരൽ മുള്ളുകൊണ്ട് കീറി സമാന്യം നന്നായി രക്തം വരുന്നത് ഞാൻ കണ്ടിരുന്നു. ദുർഘടമായ യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണു മുഴുവൻ അടയ്ക്കുന്നതിനു മുമ്പേ ഞങ്ങൾ ഉറക്കത്തിലേക്ക്  വഴുതി വീണു.

Mohanlal Kudajadri
പിറ്റേന്ന് എഴുന്നേറ്റ് ചണ്ഡികാ ഹോമത്തിന് ചെന്നു മൂകാംബിക ക്ഷേത്ര മുഖ്യഅർച്ചകൻ സുബ്രഹ്മണ്യ അഡിഗ വേണ്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്നു , അദ്ദേഹവും അദ്ദേഹത്തിൻ്റെ അച്ഛൻ നരസിംഹ അഡിഗയും ചേർന്ന് ചണ്ഡികാപൂജയുടെ എല്ലാ ഒരുക്കങ്ങളും നടത്തി. ഞങ്ങൾ ദീപാലങ്കാരം കാണുവാൻ മൂകാംബികയുടെ മുന്നിലേക്ക്; അമ്മ നീലപ്പട്ടണിഞ്ഞ് നീലി എന്ന്, താര എന്ന് പറയാതെ പറഞ്ഞ് ദർശനം നൽകിയ നിമിഷങ്ങൾ, സോപാനപടിയുടെ രണ്ട് ഭാഗത്ത് നിന്ന് ഞങ്ങൾ പരസ്പരം കണ്ണു ചിമ്മി..
ചണ്ഡികഹോമത്തിനുശേഷം ഗസ്റ്റ് ഹൗസിലേക്ക്, കാന്താരയിലൂടെ നമ്മെ വിസ്മയിപ്പിച്ച ഋഷഭ്ഷെട്ടി അദ്ദേഹത്തിൻ്റെ ഭാര്യയും ഒന്നിച്ച് ലാലേട്ടനെ കാണുവാൻ വന്നിരുന്നു, ഒരുപാട് സമയം പല കഥകളും പറഞ്ഞിരുന്നു.. ഭക്ഷണം കഴിച്ചു. വിശ്രമിച്ചു.
നേരെ മൂടാടി അമ്മയെ കാണുവാൻ,  പ്രകൃതിയാണ് ഈശ്വരി എന്ന തത്വം അന്വർത്ഥമാക്കും വിധം അമ്മയുടെ സിംഹവാഹനം കൊടുങ്കാട്ടിലേക്ക് നോക്കി നിൽക്കുന്ന മധുതീർത്ഥം. 

Mohanlal Kudajadri
അവിടെനിന്ന് മൂകാംബികയുടെ ഭൈരവൻ ആയ സിദ്ധേശ്വരനെ കാണുവാൻ ശുക്ല തീർത്ഥത്തിലേക്ക്.  മസ്തിഘട്ടിൽ വച്ച്  സുഹൃത്തുക്കളോടും ഗുരുസ്ഥാനിയരോടും യാത്രാമൊഴി പറഞ്ഞു.

അവിടെ നിന്നും നേരെ മംഗലാപുരത്തേക്ക് യാത്രകൾ അവസാനിക്കുന്നില്ല ഒരു യാത്രയുടെ അവസാനം മറ്റൊരു യാത്രയുടെ തുടക്കം പോലെ.. ശ്രീനാരായണ ഗുരുദേവൻ പരയുടെ പാലു നുകർന്ന ഭാഗ്യവാൻമാർക്ക്  പതിനായിരമാണ്ടോരല്പനേരം എന്നു പറഞ്ഞതുപോലെ ഒരു നൊടി മാത്രം എന്ന് തോന്നിയ ഈ മനോഹര നിമിഷങ്ങൾ ഹൃദയത്തിൽ നിറച്ചാർത്തു ചാർത്തി നിൽക്കുന്നു." രാമാനന്ദ് കുറിച്ചു.

Mohanlal Kudajadri

മുൻപും, രാമാനന്ദിനൊപ്പം നിരവധി ക്ഷേത്രങ്ങളിൽ മോഹൻലാൽ സന്ദർശനം നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തിൽ ഇരുവരും സന്ദർശനം നടത്തിയതിന്റെയും തിരുവണ്ണാമലയിലും തിരുപ്പതിയിലെ തിരുമാല ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. 

കണ്ണപ്പ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ.  മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം അഭിനയിക്കുന്ന തരുൺ മൂർത്തി ചിത്രവും മോഹൻലാലിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. 

എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. വൃഷഭ, റാം, റംമ്പാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. ബിഗ് ബോസ് മലയാളം സീസൺ ആറിന്റ അവതാരകനും മോഹൻലാലാണ്. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് റിലീസിന് ഒരുങ്ങുകയാണ്.

Read More Entertainment Stories Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: