/indian-express-malayalam/media/media_files/uploads/2023/06/mohanlal-2.jpg)
Source/ Facebook
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും​ അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ആരെയും ആകർഷിക്കാനുള്ള സംസാര ശൈലിയും പിഷാരടിയെ മലയാളികളിലേക്ക് കൂടുതൽ അടുപ്പിച്ചു. അതുകൊണ്ട് തന്നെ മലയാളത്തിലെ ടെലിവിഷൻ ചാനലുകളിലെ അവാർഡ് നിശകളിലെല്ലാം പിഷാരടിയാണ് അവതാരകനായി എത്താറുള്ളത്.
വേദിയിലെത്തുന്ന താരങ്ങളോട് വളരെ രസകരമായാണ് പിഷാരടി ഇടപ്പെടുന്നത്. ആ സംസാരത്തിലൂടെ പൊട്ടിച്ചിരി ഉണർത്താനും പിഷാരടി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ഒരു രസകരമായ വീഡിയോയാണ് വൈറലാകുന്നത്. മലയാളത്തിൽ ഇന്നോളം പുറത്തിറങ്ങിയതിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമേതാണെന്നാണ് പിഷാരടി ചോദിക്കുന്നത്. ഞാൻ അഭിനയിച്ച ചിത്രമാണോയെന്നാണ് മോഹൻലാലിന്റെ മറുചോദ്യം. മാത്രമല്ല അതിനോടൊപ്പം ഒരു ക്ലൂവും നൽകാൻ പറയുന്നുണ്ട് മോഹൻലാൽ.
പുരാണവുമായി ഈ പാട്ടിന് ബന്ധമുണ്ടെന്നും രാമായണത്തിൽ ഹനുമാൻ സീതാദേവിയെ കാണാൻ ചെന്നപ്പോൾ പറഞ്ഞ കാര്യങ്ങളുമായി ഈ പാട്ടിനൊരു ബന്ധമുണ്ടെന്നും പറയുന്നു. അതിൽ നിന്ന് തന്നെ മോഹൻലാൽ ഉത്തരം കണ്ടുപിടിച്ചു. സുഖമോ ദേവീ ആണ് ആ ഗാനം. നാലു പ്രാവിശ്യം സുഖമോ ദേവി എന്നു പറഞ്ഞാൽ ആ പല്ലവി കഴിഞ്ഞെന്നാണ് പിഷാരടി പറയുന്നത്.
1986ൽ പുറത്തിറങ്ങിയ 'സുഖമോ ദേവി' എന്ന ചിത്രത്തിലെ ഗാനമാണിത്. രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ വരികൾ രചിച്ചത് ഒ എൻ വി കുറുപ്പാണ്. യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പലരുടെയും പ്ലേലിസ്റ്റിലിടമുള്ള ഗാനം മെലഡി വിഭാഗത്തിൽപ്പെടുന്നതാണ്.
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'സുഖമോ ദേവി.' മോഹൻലാൽ, ശങ്കർ, ഗീത, ഉർവശി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗാന്ധിമതി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.