scorecardresearch
Latest News

രവീന്ദ്രൻ മാഷിന്റെ ആദ്യഗാനമായിരുന്നു അത്; ജെൻസി പറയുന്നു

‘ചൂള’ എന്ന ചിത്രത്തിലെ ‘ഉപ്പിനു പോണ വഴിയേത്’ എന്ന ഗാനം ജെൻസി, ലതിക എന്നിവർ ചേർന്നാണ് ആലപിച്ചത്

രവീന്ദ്രൻ മാഷിന്റെ ആദ്യഗാനമായിരുന്നു അത്; ജെൻസി പറയുന്നു

മലയാളസിനിമഗാനങ്ങളുടെ സുവർണകാലഘട്ടത്തെ രേഖപ്പെടുത്തുന്ന പേരുകളിൽ ഒന്നാണ് രവീന്ദ്രൻ മാസ്റ്റർ എന്നത്. എത്രയോ അനശ്വരഗാനങ്ങൾ സംഗീതപ്രേമികൾക്ക് സമ്മാനിച്ചാണ് രവീന്ദ്രസംഗീതം നിലച്ചത്. മരണത്തിനപ്പുറവും പാട്ടുകളിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ ജീവിക്കുന്ന രവീന്ദ്രൻ മാസ്റ്ററുടെ 79-ാം ജന്മവാർഷികമാണിന്ന്.

1979ൽ പുറത്തിറങ്ങിയ ‘ചൂള’ എന്ന ചിത്രത്തിലെ ‘താരകേ മിഴിയിതളിൽ കണ്ണീരുമായി’ എന്ന ചിത്രമാണ് രവീന്ദ്രൻമാസ്റ്ററുടെ ആദ്യഗാനമായി പരക്കെ അറിയപ്പെടുന്നത്. എന്നാൽ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത് അതേ ചിത്രത്തിലെ തന്നെ ‘ഉപ്പിനു പോണ വഴിയേത്? കായംകുളത്തിനു തെക്കേത്? മുളകിനു പോകണ വഴിയേത്?
മലയാറ്റൂരിനു തെക്കേത്? ’ എന്ന ഗാനമാണ്. ജെൻസി, ലതിക എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

“രവീന്ദ്രൻ മാഷിന്റെ ആദ്യ സിനിമഗാനം പാടാനുള്ള ഭാഗ്യവും എനിക്കു ലഭിച്ചു. ചൂളയിലെ ‘ഉപ്പിനു പോണ വഴിയേത്?’ എന്ന ഗാനമാണ് അദ്ദേഹത്തിന്റെ സംഗീതത്തിൽ ആദ്യമായി റെക്കോർഡ് ചെയ്ത സിനിമാഗാനം,” ജെൻസി പറയുന്നു.

പിന്നണി ഗായകനാവുക എന്ന മോഹത്തോടെയാണ് അക്കാലത്ത് കുളത്തൂപ്പുഴ രവി എന്ന് സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്ന രവീന്ദ്രൻ മദ്രാസിലെത്തുന്നത്. പാട്ടുകാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ബാബുരാജാണ് ആദ്യമായി പാടാൻ അവസരം നൽകിയത്, ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിലെ ‘പാർവണ രജനി’ എന്ന ഗാനം ആലപിച്ചുകൊണ്ട് രവീന്ദ്രൻ പിന്നണി ഗായകനായി തുടക്കം കുറിച്ചു.

നിരവധി ചിത്രങ്ങളിൽ ഗായകനായി പ്രവർത്തിച്ചതിനു ശേഷമാണ് ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീതസംവിധാന രംഗത്തേക്ക് ചുവടുമാറിയത്. ‘ചൂള’യിലെ സത്യൻ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളിൽ കണ്ണീരുമായി’ എന്ന ഗാനം അന്നേറെ ശ്രദ്ധ നേടി.

പിന്നീടങ്ങോട്ട് എത്രയോ ഹിറ്റ് ഗാനങ്ങൾക്ക് രവീന്ദ്രൻ മാസ്റ്റർ ജന്മം നൽകി. തേനും വയമ്പും, രാജീവം വിടരും നിൻ മിഴികൾ, സുഖമോ ദേവി, പുഴയോരഴകുള്ള പെണ്ണ്, കുടജാദ്രിയിൽ കുടികൊള്ളും, ഏഴു സ്വരങ്ങളും, ഒറ്റക്കമ്പി നാദം മാത്രം, രാമകഥാ ഗാനലയം, പ്രമദവനം, ഹരിമുരളീരവം, വികാര നൗകയുമായ്, ഗോപികേ, ഏതോ നിദ്രതൻ, ഇന്നുമെന്റെ കണ്ണുനീരിൽ, പുലർകാലസുന്ദര, ചന്ദനമണിവാതിൽ, ദേവസഭാതലം, ഗോപികാവസന്തം, അഴകേ നിൻ, വികാരനൗകയുമായി, പുലരേ പൂങ്കൊടിയിൽ, ഗോപാംഗനെ, രാമായണക്കാറ്റേ, സൗപർണ്ണികാമൃതവീചികൾ, ഇരുഹൃദയങ്ങളിൽ, ആലില മഞ്ചലിൽ, ചീരപ്പൂവുകൾക്കുമ്മ, മകളേ പാതിമലരേ, ഒളിക്കുന്നുവോ, കളിപ്പാട്ടമായ് കൺമണി, പത്തുവെളുപ്പിനു, എന്തിനു വേറൊരു സൂര്യോദയം തുടങ്ങി രവീന്ദ്രൻ മാസ്റ്റർ ബാക്കിവച്ചുപോയ എണ്ണിയാലൊടുങ്ങാത്തത്രയും മധുരതര ഗാനങ്ങളെ ഇന്നും കേട്ടുകൊണ്ടേയിരിക്കുകയാണ് സംഗീതപ്രേമികൾ. മലയാളി ഉള്ളിടത്തോളം കാലം രവീന്ദ്രഗാനങ്ങൾക്കും മരണമുണ്ടോ!

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Remembering raveendran master on his birth anniversary