അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ശാലിനി എന്ന നടിയോടുള്ള ആരാധക സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ശാലിനിയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടി എന്ന നിലയിൽ ശാലിനിയെ അറിയുന്ന ആരാധകർക്ക് ഈ വീഡിയോ കാണുമ്പോൾ അത്ഭുതം തോന്നിയേക്കാം. കാരണം വേദിയിൽ നിന്ന് ഗാനം ആലപിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാനാവുക. ശാലിനിയ്‌ക്കൊപ്പം പാട്ടു പാടുന്നതു വേറാരുമല്ല മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാറാണ്. ‘മേഘം’ എന്ന ചിത്രത്തിലെ ‘മാർഗഴിയേ മല്ലികയേ’ എന്ന ഗാനമാണ് ശാലിനി പാടുന്നത്. മോഹൻലാൽ മമ്മൂട്ടി എന്ന ബാനർ വേദിയുടെ പുറകിലായി കാണാം. ഏതു പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.
ശാലിനിയുടെ ശബ്ദം ആദ്യമായി കേൾക്കുകയാണ്, ശാലിനി ഇത്ര നന്നായി പാടുമായിരുന്നോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മഞ്ഞ നിറത്തിലുള്ള സൽവാർ ആണ് ശാലിനി അണിഞ്ഞിരിക്കുന്നത്. നിറം, പ്രേംപൂജാരി തുടങ്ങിയ ചിത്രങ്ങളിലെ ലുക്കിലാണ് ശാലിനി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലായിരുന്ന ശാലിനി ഈയടുത്താണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. കുടുംബത്തിനൊപ്പമുള്ള ആഘോഷങ്ങളും യാത്രാചിത്രങ്ങളും മറ്റും ശാലിനി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.