/indian-express-malayalam/media/media_files/u7OLhfVOVG7jFNtQ8jmo.jpg)
Mammootty Birthday Celebration: മമ്മൂട്ടി
Mammootty 73rd Birthday Celebration: തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി 'മഹാനടന്‍' എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 73-ാം ജന്മദിനമാണ് ഇന്ന്. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ‘ആയുരാരോഗ്യ സൗഖ്യത്തോടെ നീണാള്‍ വാഴട്ടേ’ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ആരാധകര്‍. മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകൾ കൊണ്ട് മൂടുകയാണ് കേരളക്കര.
ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.
1971 ഓഗസ്റ്റ് ആറിന്, 'അനുഭവങ്ങള്‍ പാളിച്ചകളെന്ന' സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 'അനുഭവങ്ങള്‍ പാളിച്ചകളില്‍' ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ 'കാലചക്രം' എന്ന സിനിമയിലാണ്. 1980ല്‍ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ 'മേള 'എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.
സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന ഈ നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നൽകിയ ആത്മവിശ്വാസം ചെറുതല്ല.
എന്തുകൊണ്ട് ഇത്രയേറെ നവാഗതരെ പിന്തുണച്ചു എന്നു ചോദ്യത്തിന് ഒരിക്കൽ മമ്മൂട്ടി തന്നെ പറഞ്ഞൊരു ഉത്തരമുണ്ട്. “നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കെപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവര്‍ക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.” നല്ല കഥകൾ തേടി, കഥാപാത്രങ്ങളെ തേടി യാത്ര ചെയ്യാൻ ഒട്ടും മടിയില്ലാത്ത മമ്മൂട്ടിയെന്ന നടന്റെ മനസ്സ് തന്നെയാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന്‍ സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
എണ്‍പതുകളിലെ സംവിധായകര്‍ തുടങ്ങി ന്യൂജെന്‍ സംവിധായകര്‍ വരെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയാക്കാന്‍ ശ്രമിക്കുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയെന്ന നടന്റെ ഏറ്റവും വലിയ കരുത്ത് എന്നു പറയാവുന്ന ഒന്ന് അദ്ദേഹത്തിന്റെ സൗണ്ട് മോഡുലേഷൻ തന്നെയാണ്. ഓരോ സന്ദർഭങ്ങളിലും ആവശ്യമായ ഇമോഷൻസ് നൂറുശതമാനം കൊടുക്കുന്നതിലും അതിന് അനുസരിച്ച് ശബ്ദത്തിൽ മാറ്റം കൊണ്ടുവരാനും മമ്മൂട്ടിയോളം പോന്ന പ്രതിഭകൾ കുറവാണ്. തീപ്പൊരി സംഭാഷണങ്ങൾ മുതൽ അതിദയനീയമായ മനുഷ്യാവസ്ഥകളെ വരെ മമ്മൂട്ടി സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ അത് പെർഫെക്റ്റായിരിക്കും.
സൗണ്ട് മോഡുലേഷൻ മാത്രമല്ല, പ്രാദേശിക ഭാഷകളെ അതിന്റെ തനിമയോടെ അവതരിപ്പിക്കുന്നതിലും പുതിയകാലത്തിന്റെ അഭിനേതാക്കൾക്ക് മമ്മൂട്ടി ഒരു ടെക്സ്റ്റ് ബുക്കാണ്. അതാത് ദേശങ്ങളുടെ, ഭാഷയുടെ മർമ്മം ഉൾകൊണ്ടാണ് മമ്മൂട്ടി തന്റെ ചിത്രങ്ങളിൽ പ്രാദേശിക ഭാഷകൾ അവതരിപ്പിക്കുക. കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യിൽ ഭദ്രമാണെന്ന് മമ്മൂട്ടി തന്റെ കഥാപാത്രങ്ങളിലൂടെ പലയാവർത്തി തെളിയിച്ചിട്ടുണ്ട്.
തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, വടക്കൻ വീരഗാഥയിലെ ചന്തു, 'തിരോന്തരം' മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്കരപട്ടേലർ, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തൻ പണത്തിലെ നിത്യാനന്ദ ഷേണായി, ഭ്രമയുഗത്തിലെ 'കൊടുമൺ പോറ്റി' എന്നിങ്ങനെ നീളുകയാണ് ആ ലിസ്റ്റ്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളുടെ ജീവിതപരിസരവും ഭൂമിശാസ്ത്രവും മനശാസ്ത്രവും ഭാഷയുമെല്ലാം തേടി നിരന്തരം അന്വേഷണങ്ങളിൽ മുഴുകുന്ന, പൂർണതയ്ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത ഈ നടനു മുന്നിൽ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ല. അതുകൊണ്ടുതന്നെയാവാം, മലയാളികൾക്കൊപ്പം തെന്നിന്ത്യ മുഴുവനും ഈ നടനെ ആരാധിക്കുന്നത്, ബഹുമാനം കൊണ്ട് മൂടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.